1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2020

സ്വന്തം ലേഖകൻ: സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ യു.എ.ഇ. റദ്ദാക്കിയേക്കും. ഇത്തരം രാജ്യങ്ങളില്‍നിന്ന് ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യു.എ. ഇ. ആലോചിക്കുന്നു.

എന്തു നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് പഠിക്കും. സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങള്‍ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ. ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു.

സ്വന്തം പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. നാട്ടിലേക്കു പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചില നിയമങ്ങളും അവര്‍ പാസാക്കി.

ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ യു.എ.ഇ.യിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് പോകാനായി എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കി.

വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനസർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം ആശങ്കയിലാഴ്ത്തിയ പ്രവാസികൾ ഇന്ത്യ ലോക്ഡൗൺ പിൻ‌വലിക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ്. കർഫ്യുവും ലോക്ഡൌണും നിയന്ത്രണവും കാരണം തൊഴിൽ രഹിതരായവർക്ക് പ്രതിസന്ധി മറികടന്ന് എന്ന് നാട്ടിലെത്താൻ കഴിയുമെന്ന് ഇപ്പോഴും യാതൊരു വ്യക്തകയുമില്ല. എല്ലാംകൊണ്ടും സങ്കീർണമാണ് ഗൾഫിലെ അവസ്ഥ.

നിശ്ചിത ശതമാനം തൊഴിലാളികളോട് പിരിഞ്ഞുപോകാനോ അല്ലങ്കിൽ നാലോ അഞ്ചോ മാസം ശമ്പളരഹിത അവധിയിൽ പ്രവേശിക്കാനോ ആവശ്യപ്പെടുകയാണ് ചില കമ്പനികൾ. അടച്ചുപൂട്ടിയ ബാർബർഷോപ്പുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയ ചെറുകിട സ്ഥാപനങ്ങളിലുള്ളവർക്ക് വരുമാനം ഇല്ലാതായി. റസ്റ്ററൻ‌റുകൾ പോലുള്ള ചെറിയ സ്ഥാപനങ്ങളിൽ ശമ്പളം പകുതിയായി കുറച്ചു.

ജീവനക്കാർക്ക് ശമ്പളം നൽകാനില്ല എന്നുമാത്രമല്ല സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൻ‌റെ വാടകയും നൽകാനാകാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ശമ്പളം കിട്ടാത്ത അവസ്ഥയിൽ താമസിക്കുന്ന റൂം വാടക നൽകുന്നതിനും പ്രയാസമുണ്ടായേക്കാം.

വിദ്യാലയങ്ങൾ അടഞ്ഞികിടക്കുന്നു. ചില വിദ്യാലയങ്ങൾ ഓൺ‌ലൈൻ പഠനം ആരംഭിച്ചുവെങ്കിലും സമഗ്രമല്ല. പലതരം രോഗങ്ങൾക്ക് ഇന്ത്യയിൽ തുടർചികിത്സ അനുഭവിക്കുന്ന വിഭാഗമാണ് അവസരം ലഭിച്ചാലുടൻ നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടർ. ചുരുങ്ങിയ മാസത്തേക്കുള്ള മരുന്നുമായി എത്തിയവർ മരുന്ന് ലഭിക്കാത്ത സ്ഥിതിയിലായിട്ടുണ്ട്. ഇവരിൽ മഹാഭൂരിപക്ഷവും വേനൽ അവധിക്ക് നാട്ടിൽ പോകാൻ കാത്തിരിക്കുന്നവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.