
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തില്‍ മടങ്ങിയെത്തുകയാണ്. അവരുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സിവില്‍ വ്യയോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികള്‍ എത്തുന്നത്. കേരളത്തിലേക്ക് നാളെ എത്തുക രണ്ട് വിമാനങ്ങള്‍ മാത്രമാണ്. താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അതിനിടെ കോഴിക്കോടേക്കും കൊച്ചിയിലേക്കുമുള്ള രണ്ട് വിമാനങ്ങളുടെ സമയക്രമം മാറ്റി. ഇതിനാല്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും നാളെ ഓരോ വിമാനം മാത്രമാണ് എത്തുക. സൗദി അറേബ്യയില്‍ നിന്നും നാളെ എത്തുമെന്ന് കരുതിയ വിമാനം മറ്റന്നാളേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. നേരത്തെ ദോഹ-കൊച്ചി സര്‍വീസ് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
അബുദാബി-കൊച്ചി വിമാനം നാളെയെത്തും. ദുബായ്-കോഴിക്കോട് വിമാനവും നാളെയെത്തും. നാളെ ഉച്ചയ്ക്ക് 12.30 ന് കേരളത്തില്‍ നിന്നും വിമാനങ്ങള്‍ തിരിക്കും. കൊച്ചിയിലും കോഴിക്കോടും നാളെ രാത്രി 9.40 ന് എത്തുമെന്നാണ് വിവരം. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ പതിമൂന്ന് സര്‍വീസുകളാണ് നടത്തുക. എട്ട് വിമാനങ്ങളാണ് തയ്യാറാക്കി നിര്‍ത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍.
നെടുമ്പാശേരിയിലെത്തുന്ന പ്രവാസികളില്‍ രോഗ ലക്ഷണമില്ലാത്തവരെ രാജഗിരി കോളേജ് ഹോസ്റ്റലില്‍ ആണ് നിരീക്ഷിക്കുക. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റു ജില്ലകളില്‍ നിന്നുള്ള പ്രവാസികളെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിക്കും. മറ്റു ജില്ലകളിലേക്ക് പ്രവാസികളെ കൊണ്ടുപോകുക കെ.എസ്.ആര്.ടി.സി ബസുകളിലാണ്.
യു.എ.ഇയില്‍ നിന്നും ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യവിമാനം വ്യാഴാഴ്ച ഉച്ചക്ക് 2.10 നും രണ്ടാമത് വിമാനം അബുദാബിയില്‍ നിന്നും വൈകിട്ട് 4.15നും പുറപ്പെടും. ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് IX0344 വിമാനത്തില്‍ 170 പേരെയാണ് കൊണ്ടുപോവുകയെന്ന് കോണ്‍സുല്‍ ജനറല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള IX452 വിമാനത്തില്‍ 177 പേരാണ് നാട്ടിലേക്ക് പറക്കുകയെന്ന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആര്.സജീവ് അറിയിച്ചു.
ആദ്യയാത്രക്കുള്ള വിമാനടിക്കറ്റുകള്‍ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പ്രകാരമാണ് നല്‍കിയത്. ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമേ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനമുള്ളൂ. യാത്രക്കാര്‍ അഞ്ചുമണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന ഉറപ്പ് വരുത്തുന്നതിനായുള്ള കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
വിദേശ രാജ്യങ്ങളില്‍നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികളെയും ചെറിയ കുട്ടികളെയും ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. ഗര്‍ഭിണികള്‍ക്ക് വീടുകളിലേക്ക് പോകാം. അവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ചെറിയ കുട്ടികളെയും ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. മറ്റ് രോഗമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം ക്വാറന്റൈന് സംബന്ധിച്ച തീരുമാനമെടുക്കും.
ഇവര്‍ ഒഴികെയുള്ളവരെല്ലാം പൊതുവായ കേന്ദ്രങ്ങളിലും നിരീക്ഷണത്തില്‍ കഴിയണം. വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചുവെങ്കിലും അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിവരുന്ന പ്രവാസികളുടെ കാര്യത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. അവര്‍ക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല