1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2020

സ്വന്തം ലേഖകൻ: വിദേശ മലയാളികൾ കൂട്ടമായി തിരിച്ചെത്തുന്നപക്ഷം സുരക്ഷിതമായി ക്വാറന്റീനിൽ പാർപ്പിക്കാനുള്ള ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. കേന്ദ്രസർക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാൽ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു നിഗമനം.

സർവീസുകൾ നിർത്തിവയ്ക്കുന്നതിനുമുൻപ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90 – 100 രാജ്യാന്തര വിമാനങ്ങളാണ്. ശരാശരി സീറ്റുകളുടെ എണ്ണം 18,000. കോവിഡ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ മൂന്നിലൊന്നു യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നാണു സൂചന. ഇതുപ്രകാരമാണ് പ്രതിദിനം 6000 പേർ എത്തുമെന്ന കണക്ക്.

പ്രവാസികളുടെ പ്രശ്നങ്ങൾ അറിയിക്കാൻ നോർക്ക ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവരങ്ങൾ പ്രകാരം ഒരു ലക്ഷത്തിലേറെ പേർ എത്തുമെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു. അതതു രാജ്യങ്ങളിൽ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച ശേഷമേ യാത്രയ്ക്ക് അനുമതി നൽകൂ. സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ പാസും നിർബന്ധമാക്കും. വിമാനത്താവളങ്ങളിൽ പരിശോധന നടത്തി കോവിഡ് കെയർ ഹോമുകളിലെത്തിക്കുകയും ഫലം നെഗറ്റീവ് ആയാൽ വീടുകളിൽ ക്വാറന്റീൻ അനുവദിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

കേന്ദ്ര തീരുമാനമായാൽ പ്രവാസികളെ മുൻഗണനാക്രമത്തിൽ വിവിധ ഘട്ടങ്ങളായാകും തിരികെയെത്തിക്കുക. രോഗികൾ, സ്ത്രീകൾ, വയോധികർ, കുട്ടികൾ എന്നിവർക്കായിരിക്കും മുൻഗണന. കോവിഡ് സമൂഹവ്യാപനമുണ്ടായാൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും മറ്റുമായി സർക്കാർ 2 ലക്ഷത്തിലേറെ മുറികൾ സജ്ജമാക്കുന്നുണ്ട്. പാർപ്പിക്കാനുള്ള സന്നദ്ധത സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.

സംസ്ഥാന സർക്കാരിനു വേണ്ടി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനപ്രകാരം 21.21 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിലുള്ളത്. ഇതിൽ 18.93 ലക്ഷം പേർ ഗൾഫ് രാജ്യങ്ങളിലാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഗൾഫിൽ 25 ലക്ഷത്തോളം മലയാളികളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.