1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2020

സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് ലോകമാകെയുള്ള മലയാളി നഴ്സുമാരുടെ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണു വഹിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും അവർക്ക് അവകാശപ്പെട്ടതാണ്.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ‌ സർക്കാർ വലിയ നിഷ്കർഷ പുലർത്തുന്നുണ്ട്. ഈ മഹാമാരിയെ ചെറുക്കുന്നതിൽ ലോകരാജ്യങ്ങളെ സഹായിക്കുന്നത് മലയാളി നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ്. അതിൽ നമുക്ക് അഭിമാനമുണ്ട്. ഇന്നത്തെ ദിനത്തിന്റെ പ്രത്യേകത രാജ്യാന്തര നഴ്സസ് ദിനമാണെന്നതാണ്. അവരുടെ സംഭാവനകളെ ആദരിക്കാനാണ് ഈ ദിനം.

കേരളത്തിലെ നഴ്സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. സേവനത്തിന്റെ ഭാഗമായി സ്വന്തം ജീവൻ വരെ അര്‍പ്പിച്ച ലിനിയുടെ ഓർമ നമ്മുടെയെല്ലാവരുടെയും മനസ്സിലുണ്ട്. വയോധികരെ ശുശ്രൂഷിച്ച് കോവിഡ് ബാധിച്ച രേഷ്മയും കോവിഡിനെ അതിജീവിച്ചു പിന്നീട് വീണ്ടും കോവിഡ് രോഗികളെ ചികിത്സിക്കാൻ ഡ്യൂട്ടിക്കെത്തിയ നഴ്സുമാരും ഈ നാടിന്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക നഴ്സസ് ദിനത്തില്‍ സംസ്ഥാനത്തെ നഴ്സുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസ നേര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലകളിലേയും ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും നഴ്സുമാരുമായും ആരോഗ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.

കോവിഡ് കാലഘട്ടത്തില്‍ വിപുലമായ ആഘോഷങ്ങളൊക്കെ ഒഴിവാക്കിയെങ്കിലും ഓരോരുത്തരും നല്‍കിയ മികച്ച സേവനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് കാലഘട്ടത്തില്‍ എല്ലാ നഴ്‌സുമാരും സര്‍ക്കാരിനൊപ്പം മുന്നണിപ്പോരാളികളാായി ഒപ്പം നില്‍ക്കുകയാണ്. നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ് എന്നും നഴ്സുമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.