1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2020

സ്വന്തം ലേഖകൻ: കോവിഡ് ബാധിത മേഖലകളിൽ നിന്നു പ്രവാസികളെ നാട്ടിലെത്തിക്കുന്ന ഓപറേഷൻ സമുദ്രസേതു പദ്ധതിയുടെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി. മാലിദ്വീപിൽ നിന്നും 698 പേരെ കപ്പൽ മാർഗമാണ് കൊച്ചിയിലെത്തിച്ചത്. യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ ഇന്നു രാവിലെ 9.30 നാണ് കൊച്ചിയിലെത്തിയത്.

595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 ഗർഭിണികളും യാത്രക്കാരിലുണ്ട്. കേരളം, തമിഴ്‌നാട് ഉൾപ്പടെ മറ്റു 18 സംസ്ഥാനങ്ങളിൽ നിന്നുള്ള വരും കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവരും കപ്പലിൽ തിരിച്ചെത്തി. പോർട്ടിൽ സജ്ജീകരിച്ചിരുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ യാത്രക്കാരെ എല്ലാവരെയും തെർമൽ സ്ക്രീനിങ് നടത്തി. യാത്രക്കാർക്ക് ബിഎസ്‌എൻഎൽ സിം കാർഡ് നൽകി. ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്തു.

ടെർമിനലിൽ സൗജന്യ വൈഫൈ സൗകര്യവും യാത്രക്കാർക്ക് ഒരുക്കിയിരുന്നു. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും യാത്രക്കാർക്ക് വാഹന സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായ ഓപ്പറേഷന്‍ സമുദ്ര സേതുവിന് നാവിക സേന രണ്ട് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. നാവിക കപ്പലുകളായ ഐഎന്‍എസ് ജലാശ്വ, ഐഎന്‍എസ് മഗാര്‍ എന്നിവയില്‍ ആയിരത്തോളം പ്രവാസികളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സാധിക്കും. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുടേയും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്.

അതിനിടെ കോവിഡ്‌ 19 പകർച്ചവ്യാധിക്കെതിരെയുള്ള മേഖലാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പലായ കേസരി മാലദ്വീപ്, മൗറീഷ്യസ്, സീഷെല്‍സ്, മഡഗാസ്കർ, കൊമോറോസ് എന്നിവിടങ്ങളിലേക്കു പുറപ്പെട്ടു. ഭക്ഷ്യവസ്തുക്കൾ, എച്ച്സിക്യു ഗുളികകൾ ഉൾപ്പെടെയുള്ള കോവിഡ്‌ അനുബന്ധ മരുന്നുകൾ, ആയുർവേദ മരുന്നുകൾ എന്നിവയടക്കമുള്ള മെഡിക്കൽ ടീം ഞാറാഴ്ചയാണ് പുറപ്പെട്ടത്. ‘മിഷൻ സാഗർ’ എന്നു പേരിട്ടിരിക്കുന്ന വിന്യാസത്തിലൂടെ ഈ മേഖലയിൽ ഇടപെടുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ.

പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണു പ്രവർത്തനം. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണു പ്രവർത്തനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.