1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2020

സ്വന്തം ലേഖകൻ: നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വേണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

മേഖലകള്‍ തിരിച്ച് ഘട്ടം ഘട്ടമായി ഇളവ് നല്‍കണമെന്നാണ് കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര, ദല്‍ഹി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

ഏപ്രില്‍ 31 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നും രാജ്യത്താകമാനം ഈ തീരുമാനം നടപ്പിലാക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കരുതെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നും ഏപ്രില്‍ മാസം മുഴുവന്‍ ലോക്ക് ഡൗണ്‍ തുടരണമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യോഗത്തില്‍ ആവശ്യപ്പെട്ടത്.

ലോക്ക് ഡൗണ്‍ നീട്ടണമെന്നും എന്നാല്‍ വ്യവസായ-കാര്‍ഷിക മേഖലകള്‍ക്ക് ചില ഇളവുകള്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ യോജിപ്പുണ്ടെന്നും കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നുമാണ് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞത്.
ലോക്ക് ഡൗണ്‍ നീട്ടിയാല്‍ പൂര്‍ണമായും സഹകരിക്കുമെന്ന് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, കേരള മുഖ്യമന്ത്രിമാരും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 333 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9000 കടന്നു. നാഗലാന്റിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35 പേ൪ മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 333 ആയി. അഹ്മദാബാദിലും വഡോദരയിലും ഗുജറാത്തിലുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഡൽഹി, രാജസ്ഥാൻ, ജാ൪ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാട്ടിലും ഡൽഹിയിലും കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. രാജ്യത്താകെ 9269 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അകപ്പെട്ടുപോയ വിദേശ പൗരന്മാര്‍ക്ക് വിസാ കാലാവധി നീട്ടിനല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം. സാധാരണ വിസ, ഇ-വിസ എന്നിവയെല്ലാം ഏപ്രില്‍ 30വരെയാണ് നീട്ടി നല്‍കുക.

റെഗുലര്‍വിസ, ഇ-വിസ, രാജ്യത്ത് താമസിക്കുന്നതിനുള്ള മറ്റ് ഉടമ്പടികളെല്ലാം നീട്ടിനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി ഒന്ന്‌ അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 30 അര്‍ധരാത്രി വരെയുള്ള കാലയളവില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭ്യമാകും. ഇളവ് ലഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ലഭിച്ചാല്‍ ഗ്രാറ്റിസ് അടിസ്ഥാനത്തില്‍ വിസാ കാലാവധി ഏപ്രില്‍ 30 വരെ നീട്ടി നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെ റൂബി ഹാള്‍ ആശുപത്രിയിലേയും ഭാട്യ ആശുപത്രിയിലേയും നഴ്‌സുമാര്‍ക്കാണ് രോഗബാധ. രാജ്യത്തെ ആകെയുള്ള കൊവിഡ് മരണങ്ങളില്‍ 147 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തതും മഹാരാഷ്ട്രയിലാണ്. 134 പേര്‍ക്ക് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 208 പേരാണ് മഹാരാഷ്ട്രയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. 1,982 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമടക്കം രോഗം സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.