1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് ഭക്ഷണ, താമസ അലവന്‍സുകള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം. കോവിഡ് 19 പ്രതിസന്ധി തുടരുന്നതിനാല്‍ സാമൂഹിക, സാമ്പത്തിക നഷ്ടങ്ങള്‍ കുറയ്ക്കാന്‍ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള സഹകരണം അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കും പ്രയോജനകരമാകുന്നതും ബിസിനസിന്റെ ദീര്‍ഘകാല സുസ്ഥിരതയും കണക്കിലെടുത്ത് സഹകരണത്തോടെ പരസ്പര ധാരണയില്‍ വേണം മുന്നോട്ട് നീങ്ങാനെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട, നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് കരാര്‍ പ്രകാരമുള്ള അടിസ്ഥാന ശമ്പളവും ഭക്ഷണം, താമസം എന്നിവ ഉള്‍പ്പെടെയുള്ള അലവന്‍സുകളും നല്‍കിയിരിക്കണം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവര്‍ത്തനങ്ങളും സേവനങ്ങളും റദ്ദാക്കപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കണം. ശമ്പളമില്ലാത്ത വാര്‍ഷിക അവധി അല്ലെങ്കില്‍ തൊഴില്‍ മണിക്കൂര്‍ കുറയ്ക്കുക തുടങ്ങിയവയില്‍ ധാരണയാകാം. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും.

തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും നേരിട്ടോ അലവന്‍സ് ആയോ നല്‍കുന്ന എല്ലാ തൊഴിലുടമകളും തല്‍സേവനം തുടരണം. ഭക്ഷണവും താമസവും നേരിട്ടാണ് നല്‍കുന്നതെങ്കില്‍ അവ സൗജന്യമായി തന്നെ നല്‍കണം. അലവന്‍സ് ആയാണ് നല്‍കുന്നതെങ്കില്‍ അങ്ങിനെ തന്നെ തുടര്‍ന്നും നല്‍കണം. ഈ ആനുകൂല്യങ്ങളില്‍ കുറവ് വരുത്താനോ റദ്ദാക്കാനോ തൊഴിലുടമയും തൊഴിലാളിയും സമ്മതിക്കരുത്.

ക്വാറന്റീന്‍, ഐസലേഷന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയിരിക്കണം. ചികിത്സയില്‍ കഴിയുന്നവര്‍ രോഗാവധി നല്‍കിയിട്ടുണ്ടോ ഇല്ലയോ എന്നത് കണക്കിലെടുക്കാതെ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.