1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2020

സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വക്താവുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതിറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജനജീവിതം അനിശ്ചിതമായി സ്തംഭിപ്പിച്ച് നിര്‍ത്താനാവില്ലെന്നും നാല് ഘട്ടങ്ങളായി സാവധാനം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 15 മുതല്‍ സെപ്‍തംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് നാല് ഘട്ടങ്ങള്‍.

ഒന്നാം ഘട്ടം – ജൂണ്‍ 15 മുതല്‍

പള്ളികള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കും

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തൊഴില്‍ സ്ഥലങ്ങളില്‍ 20 ശതമാനം ജീവനക്കാര്‍ക്ക് ജോലി ചെയ്യാം.

ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് മാത്രം ഖത്തറിന് പുറത്തേക്ക് യാത്ര. ദോഹയിലേക്ക് തിരിച്ചെത്തുന്നവര്‍ സ്വന്തം ചിലവില്‍ രണ്ടാഴ്ച ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയണം

ഷോപ്പിങ് സെന്ററുകളിലെ 300 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള കടകള്‍ തുറക്കാം. എന്നാല്‍ ആകെ കടകളുടെ 30 ശതമാനത്തില്‍ കൂടരുത്.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ 40 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ച് അത്യാവശ്യ ചകിത്സ നല്‍കാം.

ചില പാര്‍ക്കുകള്‍ തുറക്കും. 12 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.

പ്രൊഫഷണല്‍ കായിക താരങ്ങള്‍ക്കായി തുറന്ന മൈതാനങ്ങളിലും വലിയ ഹാളുകളിലും പരിശീലനം അനുവദിക്കും. എന്നാല്‍ അഞ്ച് പേരിലധികം ഇവിടെ ഉണ്ടാവരുത്.
രണ്ടാം ഘട്ടം – ജൂലൈ ഒന്ന് മുതല്‍

മാളുകള്‍ പരിമിതമായ സമയത്തുമാത്രം പ്രവര്‍ത്തിക്കും

മാര്‍ക്കറ്റുകള്‍ പരിമിതമായ ആളുകളുമായി നിശ്ചിയ സമയങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കും

കുറച്ച് ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച് റസ്റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.

മ്യൂസിയങ്ങളും ലൈബ്രറികളും പരിമിതമായ സമയങ്ങളില്‍ കുറച്ച് പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും.

എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ച് 50 ശതമാനം ജീവനക്കാര്‍ക്ക് ജോലി സ്ഥലത്ത് എത്താം

മൂന്നാം ഘട്ടം – ഓഗസ്റ്റ്

മടങ്ങിയെത്തുന്ന പ്രവാസികള്‍ അടക്കമുള്ളവര്‍ക്കായി ഭാഗികമായി വിമാന സര്‍വീസ് അനുവദിക്കും.

ഷോപ്പിങ് മാളുകള്‍ പൂര്‍ണമായി തുറക്കും

ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ കുറച്ച് ആളുകളുമായി പരിമിതമായ സമയത്തേക്ക് തുറക്കും

റസ്റ്റോറന്റുകള്‍ക്കും ഭാഗിക അനുമതി. ഉപഭോക്താക്കളുടെ എണ്ണം ഘട്ടം ഘട്ടമായി കൂട്ടാം.

ഡ്രൈവിങ് സ്കൂളുകള്‍ തുറക്കും

നഴ്സറികളും ക്രഷുകളും തുറക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബറില്‍ മാത്രം തുറക്കും.

സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് 80 ശതമാനം ജീവക്കാര്‍ക്ക് ജോലി സ്ഥലങ്ങളില്‍ മടങ്ങിയെത്താം.

ഹെല്‍ത്ത് ക്ലബുകള്‍, ഫിറ്റ്നസ് ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍, സലൂണുകള്‍, മസാജ് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം പേര്‍ക്ക് പ്രവേശനം.

നാലാം ഘട്ടം – സെപ്തംബര്‍

ഷോപ്പിങ് സെന്ററുകള്‍ പൂര്‍ണമായി തുറക്കും.

മാര്‍ക്കറ്റുകളും ഹോള്‍സെയില്‍ മാര്‍ക്കറ്റുകളും പൂര്‍ണമായി തുറക്കും.
റസ്റ്റോറന്റുകള്‍ പടിപടിയായി പൂര്‍ണ പ്രവര്‍ത്തനത്തിലേക്ക്
മ്യൂസിയങ്ങളും ലൈബ്രറികളും പൂര്‍ണമായി പ്രവര്‍ത്തിച്ചുതുടങ്ങും.

ജോലി സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് എല്ലാവര്‍ക്കും പ്രവേശനം.

സ്വകാര്യ ക്ലിനിക്കുകളില്‍ എമര്‍ജന്‍സി സേവനങ്ങള്‍ക്കൊപ്പം ആദ്യ ഘട്ടത്തില്‍ 40 ശതമാനം പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ 60 ശതമാനം പേര്‍ക്കും മൂന്നാം ഘട്ടത്തില്‍ 80 ശതമാനം പേര്‍ക്കും നാലാം ഘട്ടത്തില്‍ 100 ശതമാനം പേര്‍ക്കും പ്രവേശനം അനുവദിക്കും.

വന്ദേഭാരത് മിഷന്‍ ഖത്തര്‍ മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് അഞ്ച് പുതിയ സര്‍വീസുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ജൂണ്‍ 24 മുതല്‍ ഇന്ത്യയിലേക്ക് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്ന ഏഴു സര്‍വീസുകളില്‍ അഞ്ചെണ്ണവും കേരളത്തിലേക്കാണ്.

24ന് കൊച്ചി, 26, 27 തീയതികളില്‍ തിരുവനന്തപുരം, 29 ന് കണ്ണൂര്‍, 30 ന് കോഴിക്കോട് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍. കേരളത്തിന് പുറമേ ഡല്‍ഹി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കും ഓരോ പുതിയ സര്‍വീസുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. അതേസമയം, വന്ദേഭാരത് മിഷന്‍ ഖത്തര്‍ രണ്ടാംഘട്ട തുടര്‍ സര്‍വീസുകള്‍ ഇന്ന് ആരംഭിച്ചു. തുടര്‍ സര്‍വീസുകളില്‍ കേരളത്തിനായി കഴിഞ്ഞ ആഴ്ച 15 വിമാനങ്ങളാണ് അനുവദിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.