1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യന്ത്രമനുഷ്യർ നിർണായക സേവനങ്ങളാണു നൽകുന്നത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിലെ താൽക്കാലിക ആശുപത്രികളിലൊന്നിൽ റോബട്ടുകൾ രോഗീശുശ്രൂഷ വരെ ചെയ്തു.

രോഗികൾ കയ്യിൽ ധരിച്ച സ്മാർട് ബാൻഡ് റിമോട്ട് നിയന്ത്രിത റോബട്ടുകളെ വച്ചു പരിശോധിച്ചാണു മെഡിക്കൽ സംഘം ശരീരോഷ്മാവും രക്തസമ്മർദ്ദവും അളന്നത്. ‘ക്ലൗഡ് ജിഞ്ചർ’ എന്ന റോബട് രോഗികളെ ഊട്ടി; അവർക്കായി ആടിപ്പാടി. പകർച്ചവ്യാധികളിലും മറ്റും സുരക്ഷിത അകലം സൂക്ഷിച്ചു ചികിത്സയെന്ന ഭാവിസാധ്യതയിലേക്കാണിതു വിരൽചൂണ്ടുന്നത്.
തായ്‍ലൻഡിലും ഇസ്രയേലിലും പകരം റോബട്ടുകൾ രോഗികളെ പരിശോധിച്ചിരുന്നു; വിഡിയോ കോൺഫറൻസിങ്ങിലൂടെ ഡോക്ടർമാർ ഇതു നിയന്ത്രിച്ചു. സിംഗപ്പുരിലെ അലക്സാൻഡ്ര ആശുപത്രിയിൽ ബീംപ്രോ എന്ന റോബട് രോഗികൾക്കു മരുന്നും ഭക്ഷണവും നൽകി. ഐസലേഷൻ വാർഡിനു പുറത്തുനിന്ന് ഡോക്ടർമാരും നഴ്സുമാരും റോബട് വഴി രോഗികളുമായി സംസാരിച്ചു.

ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വൈറസ് സാന്നിധ്യം പരിശോധിക്കാൻ ഉപയോഗിച്ചതും റോബട്ടുകളെയാണ്. യുഎസിലെ സെനെക്സ് കമ്പനിയുടെ ലൈറ്റ്സ്ട്രൈക്ക് എന്ന റോബട്ടിനെ അഞ്ഞൂറിലേറെ ആശുപത്രികളിൽ ശുചീകരണത്തിനും അണുനശീകരണത്തിനും ഉപയോഗിക്കുന്നുണ്ട്.

കലിഫോർണിയയിൽ ഡ്രൈവറില്ലാത്ത ഡെലിവറി വാഹനങ്ങൾക്ക് ടെസ്റ്റ് ഡ്രൈവ് നടത്താൻ ന്യൂറോ എന്ന സ്റ്റാർട്ടപ് കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ലോക്ഡൗണിലായ നഗരങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യാൻ ഇവയെ ഉപയോഗിക്കാമെന്നാണു പ്രതീക്ഷ. മുൻപ് ആൽഫബെറ്റിന്റെ വെയ്മോയ്ക്കും സമാന അനുമതി ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.