1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ വിദേശ കരുതല്‍ മൂലധനത്തില്‍ വന്‍ ഇടിവ്. മാര്‍ച്ചിലുണ്ടായ അതിവേഗ ഇടിവ് 2000ത്തിന് ശേഷം ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണവില കുറഞ്ഞതാണ് സൗദിയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നത് ആലോചിക്കുകയാണ്.

58000 കോടി ഡോളറാണ് കടമെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള സൗദിയുടെ ഇടിവ് മേഖലയുടെ പൊതുവിലുള്ള ചിത്രമാണ് വ്യക്തമാക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് പുതിയ വിവരങ്ങള്‍.

വിദേശ മൂലധന ആസ്തി 10000 കോടി റിയാല്‍ കുറഞ്ഞുവെന്നാണ് സൗദി സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന വിവരമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂലധന ആസ്തി 46400 കോടി ഡോളറായി കുറഞ്ഞു. 2000ന് ശേഷം ഇത്രയും കുറഞ്ഞ അളവിലെത്തുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി. എണ്ണ വില ആഗോളതലത്തില്‍ ഇടിഞ്ഞതാണ് സൗദിക്ക് തിരിച്ചടിയായത്. നേരത്തെ 140 ബാരല്‍ വരെയുണ്ടായിരുന്ന എണ്ണവില ഇപ്പോള്‍ 20-30 ഡോളറിലാണ് വില്‍പ്പന നടക്കുന്നത്. ലോകത്തെ മിക്ക എണ്ണ സംഭരണികളും നിറഞ്ഞുകവിഞ്ഞിട്ടുണ്ട്.

സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം എണ്ണയാണ്. എണ്ണയ്ക്ക് വിലയിടിവ് സംഭവിച്ചതാണ് സൗദിയെ പ്രതിസന്ധിയിലാക്കിയത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ എണ്ണ ഉപഭോഗം നടക്കുന്നില്ല. ഇതാണ് വിലയിടിവിന്റെ പ്രധാന കാരണം.

സൗദി കടുത്ത ചെലവ് ചുരുക്കല്‍ നടത്തേണ്ടി വരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി നല്‍കുന്ന നിര്‍ദേശം. ഈ വര്‍ഷം 22000 കോടി റിയാല്‍ കടമെടുക്കാന്‍ സൗദി ആലോചിക്കുന്നുവെന്നാണ് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറയുന്നത്. നേരത്തെ 1900 കോടി ഡോളര്‍ വിപണിയില്‍ നിന്ന് സൗദി ഈ വര്‍ഷം കടമെടുത്തിരുന്നു.

അതേസമയം, സൗദി 58000 കോടി ഡോളര്‍ കടമെടുത്തേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയിലെ വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. കൊറോണ പ്രതിസന്ധി തീരാതെ എണ്ണ വില ഉയരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിസന്ധി തീര്‍ന്നാലും മാസങ്ങള്‍ വേണ്ടിവരും വില ഉയരാന്‍.

സൗദിയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങിയിരുന്ന അമേരിക്കയും കടുത്ത പ്രതിസന്ധിയിലാണ്. അമേരിക്കയിലെ ഡബ്ല്യുടിഐ ക്രൂഡ് പൂജ്യം ഡോളറില്‍ താഴെ കഴിഞ്ഞാഴ്ച എത്തിയത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായിരുന്നു. ബ്രെന്റ് ക്രൂഡിനും വില കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗദിയുടെ പ്രതിസന്ധി വേഗത്തില്‍ അവസാനിക്കാന്‍ ഇടയില്ല.

ഈ സാഹചര്യത്തില്‍ സൗദിയുടെ മെഗാ സിറ്റി ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ വൈകിയേക്കും. ചെലവ് ചുരുക്കല്‍ നടപ്പാക്കണമെന്നാണ് ഐഎംഎഫ് നിര്‍ദേശം. ഇതാകട്ടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ നേരിട്ട് ബാധിക്കും. ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമാകാനും സാധ്യതയുണ്ട്. നിതാഖാത്ത് കാരണം നേരത്തെ ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.