
സ്വന്തം ലേഖകൻ: സൗദിയില്‍ പുതുതായി 4,267 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,36,315 ആയി.
സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1,052 ആവുകയും ചെയ്തിട്ടുണ്ട്. ഇന്ന് 1,650 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 89,540 ആണ്.
നിലവില്‍ ചികിത്സയിലുള്ളവര്‍ 45,723 പേരാണ്. ഇവരില്‍ 1918 പേരുടെ നില ഗുരുതരമാണ്. റിയാദ്: 1,629, ജിദ്ദ: 477, മക്ക: 224, ഹുഫൂഫ്: 200, ദമ്മാം: 192, ഖോബാര്‍: 132, ഖത്തീഫ്: 116, മക്ക: 100 മറ്റ് നഗരങ്ങളില്‍ 100ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
ഖത്തറില്‍ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (68) ആണ് മരിച്ച ഒരാള്‍. ദോഹയിലെ അറിയപ്പെടുന്ന കലാകാരനും കൂടിയായിരുന്ന ഇദ്ദേഹം ആര്‍ട്ടിസ്റ്റ് ജബ്ബാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
കൊയിലാണ്ടി സ്വദേശി സഫ മന്‍സില്‍ രഹ്ന ഹാഷിം (53) ആണ് ഖത്തറില്‍ മരിച്ച മറ്റൊരു മലയാളി. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുടുംബത്തോടൊപ്പം ദീര്‍ഘകാലം ഖത്തറിലുണ്ടായിരുന്ന ഇവര്‍ രണ്ട് മാസം മുമ്പ് വിസ പുതുക്കാനായി ഖത്തറിൽ എത്തിയതായിരുന്നു.
കുവൈത്തിൽ 527പേർക്ക് കൂടി കൊവിഡ് ബാധ
കഴിഞ്ഞ 24 മണിക്കൂറിനിടെ 2755 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 527 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 675 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 36958 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 28206 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ 85 പേർ ഇന്ത്യക്കാർ ആണ്.
ഇതോടെ കുവൈത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9995 ആയി. 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 303 ആയി.
നിലവിൽ 8449 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 194 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,40142 കൊവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല