1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2020

സ്വന്തം ലേഖകൻ: ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കാൻ സൌദി ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 1932ൽ സൌദി അറേബ്യ രൂപീകരിച്ചതിനു ശേഷം ഇതാദ്യമായാണ് ഹജ്ജ് തീര്‍ഥാടനം വേണ്ടെന്നു വെക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടതിനു പിന്നാലെയാണ് സൌദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കൊല്ലത്തെ തീര്‍ഥാടനം ഉപേക്ഷിക്കാൻ ആലോചിക്കുന്നതെന്നാണ് ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോര്‍ട്ട്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വര്‍ധന നിരീക്ഷിച്ച് വിവിധ സാധ്യതകള്‍ പരിശോധിക്കുകയാണെന്നാണ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ലോകത്തെ തന്നെ ഏറ്റവും വലിയ തീര്‍ഥാടനങ്ങളിലൊന്നായ ഹജ്ജ് ഇക്കൊല്ലം ജൂലൈയിലാണ് ആരംഭിക്കാനിരുന്നത്. പ്രതിവര്‍ഷം 20 ലക്ഷത്തിലധികം പേരാണ് ഹജ്ജിനെത്തുന്നത്. പരിപാടി റദ്ദാക്കുന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

തീര്‍ഥാടനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വലിയ നിയന്ത്രണം കൊണ്ടുവരാൻ സൌദി ഭരണകൂടം ഇതിനോടകം ആലോചിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മാസത്തിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ തന്നെ സൌദി അറേബ്യ മറ്റു രാജ്യങ്ങളോട് ഹജ്ജ് തീര്‍ഥാടനത്തിനുള്ള നീക്കങ്ങള്‍ നിര്‍ത്തി വെക്കാൻ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം ഉംറ തീര്‍ഥാടനവും തത്കാലത്തേയ്ക്ക് നിര്‍ത്തി.

മതപരമായ പ്രാധാന്യത്തിനു പിന്നാലെ സൌദി അറേബ്യൻ ഭരണകൂടത്തിൻ്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നു കൂടിയാണ് ഹജ് തീര്‍ഥാടനം. പ്രതിവര്‍ഷം 12 ബില്യൺ ഡോളറാണ് ഇതുവഴി സൌദി സമ്പാദിക്കുന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നത്.

കൊവിഡ്-19 ബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്ന സ്ഥിതിയാണ് റിയാദിലേതെന്ന് സൌദി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ലാ അസീരി പറഞ്ഞു. 1591 കേസുകളാണ് റിയാദില്‍ ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. സാമുഹ്യ അകലം പാലിക്കാത്തതും മറ്റ് ആരോഗ്യ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളാത്തതും രോഗവ്യാപനത്തിനു കാരണമാവുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

123,308 കൊവിഡ് ബാധിതരുള്ള സൌദിയിൽ 932 പേരാണ് ഇതുവരെ മരിച്ചത്. രോഗ വ്യാപനം തുടര്‍ന്നാല്‍ റിയാദ് റെഡ് സോണായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവുമെന്നും ഡോ. അബ്ദുല്ല അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.