1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വിമാന സർവീസുകൾ നിർത്തിവച്ചതിനെ തുടർന്ന് സന്ദർശക വിസക്കാരും അവരുടെ സ്‌പോൺസർമാരും പ്രതിസന്ധിയിൽ. പ്രായം കൂടിയവരും ഗർഭിണികളും കുട്ടികളും രോഗികളും അടക്കമുളളവരാണ് സൗദിയിൽ സന്ദർശക വിസയിലെത്തിയിട്ടുളളത്. ഗർഭകാല ചികിത്സയോ പ്രസവമോ സന്ദർശക ഇൻഷുറൻസിന്റെ പരിധിയിൽ വരില്ല. എന്നതിനാൽ ഗർഭിണികൾക്ക് പ്രസവ സമയത്തിന് മുമ്പ് നാട്ടിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ രീതിയിലുള്ള സാമ്പത്തിക മാനസിക പ്രതിസന്ധിയുണ്ടാക്കും. ഇൻഷുറൻസ് ഇല്ലാതെ പ്രസവത്തിനും തുടർ ചികിത്സക്കും നാട്ടിലെക്കാൾ വലിയ തുക വേണ്ടി വരും.

മാതാപിതാക്കളെ സന്ദർശക വിസയിൽ കൊണ്ടു വന്നവരുടെയും അവസ്ഥ മറിച്ചല്ല. സൗദിയിൽ തങ്ങുന്ന ദിവസം കണക്കാക്കി നാട്ടിൽനിന്നും മരുന്ന് വാങ്ങി കൊണ്ടുവന്നവരാണ് ഭൂരിഭാഗവും. ഓപ്പറേഷനായി തീയതി തീരുമാനിച്ച് ഉംറ കഴിഞ്ഞു മടങ്ങാൻ വന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരോടൊപ്പം വിസയിൽ കൊണ്ടുവന്നവരും കുടുങ്ങിയ അവസ്ഥയിലാണ്. ബാച്ചിലർ റൂമിൽ കഴിഞ്ഞിരുന്നവർ താൽക്കാലികമായി ഫാമിലി ഫ്ലാറ്റ് വടകയ്ക്കെടുത്താണ് ഒന്നിച്ചു താമസിച്ചിരുന്നത്. ഒന്നുകിൽ വാടക പുതുക്കണം അല്ലെങ്കിൽ ഒഴിഞ്ഞു കൊടുക്കണം എന്ന അവസ്ഥയിലാണ്. പലരും ജോലിക്ക് പോയിട്ട് ദിവസങ്ങളായി. തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾ പ്രതിസന്ധിയിലായതിനാൽ ശമ്പളമോ അഡ്വാൻസോ കിട്ടാത്ത അവസ്ഥയുമുണ്ട്.

ദുരിതത്തിലായ സന്ദർശകരെയും അവരെ വിസയിൽ എത്തിച്ചവരെയും സഹായിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ സാധിക്കൂ. സന്ദർശക വിസക്കാർക്കും രോഗികൾക്കും ഗർഭിണികൾക്കും അടിയന്തരമായി നാട്ടിലെത്താനുള്ള വിമാന സർവീസ് മാത്രമാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ ദുരിതത്തിലേക്ക് നയിക്കും.

സൗദി അറേബ്യയിൽ കോവിഡ് രോഗികകളുടെ എണ്ണം ദിനേനെ കൂടി വരികയാണ്. ഇന്നലെ വരെ വിദേശികളും സ്വദേശികളും ഉൾപ്പടെ 5,369 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സൗദി ആരോഗ്യമന്ത്രാലയം രാജ്യം തിരിച്ചുള്ള രോഗികളുടെയോ മരണപ്പെട്ടവരുടെയോ കണക്കുകൾ പുറത്ത് വിട്ടില്ല. എത്ര ഇന്ത്യക്കാർ ചികിത്സയിൽ ഉണ്ടെന്നോ മരണപ്പെട്ടോയെന്നുള്ള കണക്കുകൾ ഇന്ത്യൻ എംബസിയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.