1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2020

സ്വന്തം ലേഖകൻ: ജൂലൈ 25 ആകുന്നതോടെ ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം പൂർണമായും ഇല്ലാതാകുമെന്ന് പഠനം. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡൽ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തിൽ 97% കുറവുണ്ടാകും. മേയ് 31 ആകുമ്പോഴേക്കും അത് 99 ശതമാനത്തിലെത്തും. ജൂലൈ 25ന് പുതിയ രോഗികൾ രാജ്യത്ത് ഇല്ലാതാകുന്ന, 100% രോഗവ്യാപനമില്ലായ്മ എന്ന നിലയിലേക്ക് ഇന്ത്യയെത്തുമെന്നും എസ്‌യുടിഡി വ്യക്തമാക്കുന്നു.

രോഗബാധയ്ക്കു സാധ്യതയുളളവർ, രോഗം ബാധിച്ചവർ, മുക്തരായവർ എന്നിവരുടെ തോത് കണക്കാക്കിയുള്ള എസ്ഐആർ (സസെപ്റ്റിബ്ൾ–ഇൻഫെക്റ്റഡ്–റിക്കവേഡ്) എപ്പിഡെമിക് ഗണിതമോഡലാണ് ഇതിനായി എസ്‌യുടിഡി ഗവേഷകർ അവലംബിച്ചത്. ഇതുപ്രകാരം മേയ് 29 ആകുമ്പോഴേക്കും ലോകത്ത് കോവിഡ് വ്യാപനം 97 ശതമാനവും ജൂൺ 16 ആകുമ്പോഴേക്കും 99 ശതമാനവും കുറയും. ലോകത്തുനിന്നു പൂർണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബർ എട്ടിനായിരിക്കുമെന്നും പഠനം പറയുന്നു.

യുഎഇയിൽ മേയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തിൽ 97% കുറവുണ്ടാകും. മേയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫിൽ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യുഎഇ പൂർണമായും കോവിഡ് മുക്തമാവുക (ഏപ്രിൽ 24 വരെയുള്ള കണക്കനുസരിച്ചാണ് താഴെയുള്ള ഗ്രാഫുകൾ തയാറാക്കിയിരിക്കുന്നത്).

സൗദിയിൽ മേയ് 21 ആകുമ്പോഴേക്കും രോഗവ്യാപനത്തിൽ 97% കുറവുണ്ടാകും. മേയ് 29 ആകുമ്പോഴേക്കും 99 ശതമാനവും. പൂർണമായും രോഗവ്യാപനം ഇല്ലാതാകാൻ ജൂലൈ 10 വരെ കാത്തിരിക്കണം.

യുഎസിൽ രോഗവ്യാപനം മേയ് 11 ആകുമ്പോഴേക്കും 97% കുറയുമെന്ന് പഠനം പറയുന്നു. മേയ് 23 ആകുമ്പോഴേക്കും 99 ശതമാനവും. യുഎസിൽ പൂർണമായും കോവിഡ് രോഗവ്യാപനം ഇല്ലാതാകാൻ ഓഗസ്റ്റ് 26 വരെ കാത്തിരിക്കണം.

ലോകത്താകമാനവും ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്ത 28 രാജ്യങ്ങളിലെയും കണക്കുകൾ വിശകലനം ചെയ്താണ് എസ്‌യുടിഡി ഗ്രാഫുകൾ തയാറാക്കിയത്. Our World in Data വെബ്സൈറ്റിൽനിന്നാണ് എസ്‌യുടിഡി കോവിഡ് ഗണിതമാതൃകയ്ക്കു വേണ്ട വിവരങ്ങൾ ശേഖരിച്ചത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്ന അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയ രോഗങ്ങളിൽ എസ്ഐആർ മാതൃക നേരത്തേ പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.