1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് ലോക ജനത. പല രാജ്യങ്ങളിലും വൈറസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടയിൽ കൊവിഡിനെതിരെ ഇന്ത്യ നടത്തുന്ന ചെറുത്തുനിൽപ്പിന് ആദരമൊരുക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ്.

ആല്‍പ്‌സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തിൽ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് സ്വിസ്റ്റ്‌സര്‍ലന്റ് ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.”കൊവിഡിനെതിരെ ലോകം മുഴുവന്‍ പോരാടുന്നു. മനുഷ്യത്വം തീർച്ചയായും ഈ മഹാമാരിയെ മറികടക്കും” എന്ന കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയുടെ പതാക പ്രദര്‍ശിപ്പിച്ചതിലൂടെ കൊവിഡ് പോരാട്ടത്തിനുള്ള ഐക്യദാർഢ്യം അറിയിക്കുകയും എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും നല്‍കുകയുമാണ് സ്വിറ്റ്സര്‍ലന്‍ഡ് ലക്ഷ്യമിടുന്നത്.

മറ്റ് രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ഇന്ത്യയുടേയും യുഎസിന്റേയും ബ്രിട്ടന്റേയും പതാകകള്‍ ഉള്‍പ്പെടെ ആല്‍പ്‌സ് മലനിരകളില്‍ വെളിച്ചത്തിന്റെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വര്‍ണക്കാഴ്ച ഒരുക്കിയത് പ്രശസ്ത സ്വിസ് കലാകാരനായ ഗെറി ഹോഫ്‌സ്റ്റെറ്ററാണ്.

വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നായ മാറ്റര്‍ഹോണ്‍ മലനിരകളിലാണ് മനോഹരമായ കാഴ്ച ഒരുക്കിയിരിക്കുന്നത്. ഇറ്റലിയുടേയും സ്വിറ്റ്‌സര്‍ലന്‍ഡിന്റേയും അതിര്‍ത്തിയിലാണ് മാറ്റര്‍ഹോണ്‍ സ്ഥിതി ചെയ്യുന്നത്. സെര്‍മാറ്റ് റിസോര്‍ട്ടിലാണ് ഇതൊരുക്കിയത്.

വര്‍ണവിളക്കുകളുടെ സഹായത്തോടെയാണ് ഹാഷ് ടാഗുകളായ സ്റ്റേ ഹോം, ഹോപ് എന്നിവ ഒരുക്കിയത്. മലമുകളില്‍ ചുവന്ന ഹൃദയവും ഉണ്ട്. സ്വിസ് പതാകയും മറ്റ് രാജ്യങ്ങളുടെ പതാകകളും വിവിധ ലൈറ്റുകളാല്‍ ഒരുക്കിയിരിക്കുന്നു. മാര്‍ച്ച് 24 നാണ് പ്രദര്‍ശനം ആരംഭിച്ചത്. ഏപ്രില്‍ 19 വരെ തുടരാനാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.