
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടയ്ക്കുള്ള അമേരിക്കയുടെ ഫണ്ടിംഗ് നിര്‍ത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങൾ രംഗത്ത്. കൊവിഡ് പ്രതിസന്ധിയില്‍ മറ്റുള്ളവരെ പഴിചാരുന്നത് സഹായിക്കില്ലെന്നും യു.എന്നിനും ലോകാരോഗ്യ സംഘടനയ്ക്കും ധനസഹായം നല്‍കലാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നുമാണ് ജര്‍മ്മന്‍ വിദേശ കാര്യമന്ത്രി ഹൈക്കോ മാസ് പ്രതികരിച്ചിരിക്കുന്നത്.
“മറ്റുള്ളവരെ കുറ്റം പറയുന്നത് സഹായിക്കില്ല. യു.എന്നിനെ ശക്തിപ്പെടുത്തുന്നതാണ് ഏറ്റവും നല്ല നിക്ഷേപം. അതിനേക്കാളുപരി വാക്സിന്റെയും ടെസ്റ്റുകളുടെയും വികസനത്തിനും വിതരണത്തിനും വേണ്ടി സാമ്പത്തിക സഹായം വേണ്ട ലോകാരോഗ്യ സംഘടനയെ,” ജര്‍മ്മന്‍ വിദേശ കാര്യമന്ത്രി ട്വീറ്റ് ചെയ്തു.
ഒപ്പം ലോകാരോഗ്യ സംഘടനയ്ക്ക് പിന്തുണയുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെനും രംഗത്തെത്തി. ഈ സമയത്ത് വിവരങ്ങള്‍ പരസ്പരം കൈമാറുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന അത് നല്‍കുന്നുണ്ടെന്നുമാണ് ജസീന്ത പറയുന്നത്. ഒപ്പം ലോകാരോഗ്യ സംഘടനയ്ക്ക് ന്യൂസിലന്റ് എല്ലാ പിന്തുണയും സംഭാവനയും നല്‍കുമെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയക്കുള്ള ഫണ്ടിംഗ് നിര്‍ത്തിവെക്കുന്നെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ അമേരിക്കയിലെ മെഡിക്കല്‍ രംഗവും രംഗത്തെത്തിയിട്ടുണ്ട്. അപകടകരമായ നീക്കമാണിതെന്നും ഈ തീരുമാനം കൊവിഡ്-19 നെ പ്രതിരോധിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് പാട്രിസ് ഹാരിസ് പ്രതികരിച്ചിരിക്കുന്നത്.
ഒപ്പം ആഗോള ആരോഗ്യ സുരക്ഷാ സംഘടനയായ ജോണ്‍സ് ഹോപ്കിന്‍സ് സെന്ററും ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. കൊവിഡ് മഹാമാരിക്കിടയില്‍ ഈ നീക്കം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ജോണ്‍സ് ഹോപ്കിന്‍സിലെ പകര്‍ച്ചവ്യാധി വിഗദ്ധന് ഡോ. അമേഷ് അഡല്‍ജ അല്‍ ജസീറയോട് പ്രതികരിച്ചിരിക്കുന്നത്. ലോകം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസും പറഞ്ഞിരുന്നു.
കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന കാര്യം അറിയിച്ചത്. ലോകാരോഗ്യസംഘടന ചൈനയ്ക്കൊപ്പം നില്‍ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന കാര്യം അറിയിച്ചത്. ലോകാരോഗ്യസംഘടന ചൈനയ്ക്കൊപ്പം നില്‍ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
നേരത്തെയും ലോകാരോഗ്യ സംഘടന ചൈനീസ് കേന്ദ്രീകൃതമാണെന്നും ഫണ്ടിംഗ് നിര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഡബ്ല്യു.എച്ച്.ഒയ്ക്ക് ഏറ്റവും കൂടുതല്‍ പണം നല്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 2019 ല്‍ 400 മില്യണ്‍ ഡോളറാണ് അമേരിക്ക ഈ സംഘടനയ്ക്ക് നല്‍കിയത്. ഇതേ വര്‍ഷം 44 മില്യണ്‍ ഡോളറാണ് ചൈന ഡബ്ല്യു.എച്ച്.ഒ യ്ക്ക് നല്‍കിയത്. അമേരിക്കയുടെ ധനസഹായം ഇല്ലാതാവുന്നത് ഡബ്ല്യ.എച്ച്.ഒയെ കാര്യമായി ബാധിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല