
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങി യു.എ.ഇ. കൊവിഡ് പ്രത്യാഘാത ഫലമായി യു.എ.ഇയില്‍ വിവിധ മേഖലകളിലായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്നാണ് ഓക്സ്ഫോര്‍ഡ് എക്ണോമിക്സ് കണക്കു കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികള്‍ മടങ്ങുന്നത് വലിയ തിരിച്ചടിയാകുമെന്നും റിപ്പോർട്ട് പറയുന്നു.
കുവൈത്ത് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ നിലവിലെ പ്രതിസന്ധിക്കിടെ രാജ്യത്തുള്ള വിദേശികളെ പറഞ്ഞയക്കുന്നതിലും കൂടുതല്‍ തൊഴിലവസരം സ്വദേശികള്‍ക്ക് നല്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ ആഗോള വാണിജ്യം, ടൂറിസം എന്നിവയെ ആശ്രയിച്ച് നിൽക്കുന്ന യുഎഇക്ക് രാജ്യത്തുള്ള പ്രവാസികൾ മടങ്ങുന്നത് തിരിച്ചടിയായേക്കും.
ഇവർ മടങ്ങിയാല്‍ യു.എ.ഇ വിദ്യഭ്യാസ രംഗം, ടൂറിസം പോലുള്ള മേഖലകളില്‍ നിന്നു ലഭിക്കുന്ന വരുമാനം നിലക്കും. പ്രധാനമായും ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കു പുറമെ ഈ രാജ്യങ്ങളില്‍ നിന്നും ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട,ചെറുകിട വ്യവസായികളും ഉള്‍പ്പെടുന്നതാണ് യു.എ.ഇയിലെ വിദേശ സാന്നിധ്യം.
“മധ്യവര്‍ഗ പ്രവാസികളുടെ ഈ കൂട്ട പാലായനം സാമ്പത്തിക രംഗത്ത് മരണച്ചുഴിയാണുണ്ടാക്കുന്നത്. ‘പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളെയും ആശ്രയിച്ച് നിലനില്‍ക്കുന്ന വിവിധ മേഖലകളായ റെസ്റ്റോറന്റുകള്‍, സ്കൂളുകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയെ ഇത് ബാധിക്കും,” പശ്ചിമേഷ്യന്‍ നിരീക്ഷകനായ റയാന് ബോള്‍ എകണോമിക്സ് ടൈംസിനോട് പറഞ്ഞു.
റെസിഡന്‍സ് വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിലവിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ യു.എ.ഇ സര്‍ക്കാറില്‍ നിന്നും വലിയ രീതിയില്‍ സഹായം ലഭിക്കില്ല എന്നതും ഇവരുടെ മടക്കത്തിന് ആക്കം കൂട്ടുന്നു.
“ദുബായ് എനിക്ക് വീടാണ്. പക്ഷെ ഇവിടെ ചെലവ് അധികവും പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷിതവും ഇല്ല. ഇതേ പണം ഞാന്‍ ഓസ്ട്രേലിയയില്‍ ചെലവഴിക്കുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്താല്‍ കുറഞ്ഞത് ഞങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സും സൗജന്യ വിദ്യഭ്യാസവും ലഭിക്കും,” ദുബായില്‍ ഒരു ചെറിയ കഫേ നടത്തിയിരുന്ന വിദേശിയായ സാറാ സിസണ് എക്ണോമിക്സ് ടൈംസിനോട് പറയുന്നു.
ദുബായ് ആസ്ഥാനമായുള്ള മൂവ് ഇറ്റ് കാര്‍ഗോ ആന്‍ഡ് പാക്കേജിംഗ് തങ്ങളുടെ സാധനങ്ങള്‍ വിദേശത്തേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാരില്‍ നിന്ന് പ്രതിദിനം ഏഴ് കോളുകള്‍ വരെ ലഭിക്കുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ രണ്ടോ മൂന്നോ കോളുകള്‍ മാത്രമേ ഇപ്രകാരം വന്നിരുന്നുള്ളൂ എന്നും കമ്പനി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല