1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് കനത്ത നാശം വിതച്ച യൂറോപ്പിന് ആശ്വസിക്കാന്‍ അധികം സൂചനകളില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ കോവിഡ് രോഗത്തിന്റെ ലോകത്തെ തന്നെ കേന്ദ്രമായി മാറിയിട്ടുള്ള യൂറോപ്പിന് വരും ആഴ്ച്ചകള്‍ നിര്‍ണ്ണായകമാണ്. യൂറോപിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

‘യൂറോപിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഇതു തന്നെയാണ് നില. കോവിഡ് രോഗികളുടെ എണ്ണം അതിവേഗത്തില്‍ പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്’ ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖല ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്പറഞ്ഞു.

ഇതോടെ ലോകത്തെ തന്നെ കോവിഡ് ബാധിതരില്‍ പകുതിയോളം യൂറോപിലാണ്. യൂറോപില്‍ 84,000ത്തിലേറെ പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും കോവിഡിന്റെ കേന്ദ്രമാണ് യൂറോപ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ എളുപ്പവഴികളില്ലെന്നും ചില രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെ സൂചിപ്പിച്ച് ഹാന്‍സ് ക്ലൂഗ് പറഞ്ഞു.

യൂറോപിലെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. ബ്രിട്ടന്‍, തുര്‍ക്കി, ഉക്രെയ്ന്‍, ബെലാറസ്, റഷ്യ തുടങ്ങി രാജ്യങ്ങള്‍ക്ക് വരും ആഴ്ച്ച വളരെ നിര്‍ണ്ണായകമാണ്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്ന രാജ്യങ്ങള്‍ പുതിയ കോവിഡ് രോഗങ്ങള്‍ കണ്ടെത്താനും ഒറ്റപ്പെടുത്താനും പരിശോധിക്കാനും സമ്പര്‍ക്കത്തിലായവരെ തിരിച്ചറിയാനും ക്വാറന്റെയ്ന്‍ ചെയ്യാനുമുള്ള നടപടികള്‍ക്കുള്ള ശേഷി ഉറപ്പുവരുത്തണം. ജോലിസ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും വൃദ്ധസദനങ്ങള്‍ പോലുള്ളവയിലും പ്രത്യേകം സുരക്ഷാ നടപടികള്‍ ഒരുക്കിയ ശേഷം മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാവൂ എന്നും ഹാന്‍സ് ക്ലൂഗ് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞദിവസം ഡെന്മാര്‍ക്ക് സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് അറിയിച്ചിരുന്നു. ഫിന്‍ലാന്റ് ഹെല്‍സിങ്കി മേഖലയിലെ യാത്രാവിലക്കുകള്‍ നീക്കിയിരുന്നു. ആസ്ട്രിയയും ഇറ്റലിയും സ്‌പെയിനും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ മുന്നറിയിപ്പ്.

അതിനിടെ ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മേൽ കോവിഡ് മരണം. 761 പേരാണ് ബുധനാഴ്ച മാത്രം വിവിധ ആശുപത്രികളിൽ മരിച്ചത്. നഴ്സിങ് ഹോമുകളിലെയും ഹോസ്പീസ് സെന്ററുകളിലെയും കമ്മ്യൂണിറ്റികളിലെയും മരണം ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. രോഗികളുടെ എണ്ണവും ദിനംപ്രതി കൂടുന്നു. ദിവസേന പതിനായിരത്തിലേറെ പേരെ പരിശോധനയ്ക്കു വിധേയരാക്കുന്ന ബ്രിട്ടനിൽ 103,093 പേരാണ് രോഗബാധ സ്ഥിരീകരിച്ചവർ. ഇതുവരെ 13,729 പേർ മരിച്ചു.

വിവിധ നഴ്സിങ് ഹോമുകളിലും കമ്മ്യൂണിറ്റിയിലുമായി ദിവസേന നൂറുകണക്കിനു പേർ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവിടങ്ങളിലും കോവിഡ് പരിശോധനാ സംവിധാനം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. എല്ലാ നഴ്സിങ് ഹോമുകളിലെയും റസിഡൻസിനെയും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പരിശോധിക്കാനാണ് തീരുമാനം. നഴ്സിങ് ഹോമുകളിലെ വൃദ്ധജനങ്ങളെ മരണത്തിനു വിട്ടുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന വൻ വിമർശനമാണ് കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് ഉയർന്നത്.

കൊവിഡ്-19 പ്രതിസന്ധിക്കിടയില്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള നടപടിക്രമങ്ങള്‍ ബ്രിട്ടന്‍ നീട്ടിവെക്കണമെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജ്യോര്‍ജിവ. ബി.ബി.സി റേഡിയോടാണ് ഐ.എംഎഫ് ഡയറക്ടറുടെ പ്രതികരണം. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കേണ്ട വ്യാപരക്കരാറുകളുടെ സമയപരിധി നീട്ടണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് യൂറോപ്യന്‍ യൂണിയനുമായി പുതിയ വ്യാപാര കരാറിലെത്താനുള്ള സമയപരിധി.

അതേസമയം ബ്രിട്ടനില്‍ വാക്‌സിനേഷന്‍ മുടങ്ങിയതിലൂടെ അഞ്ചാം‌പനി ഉൾപ്പെടെയുള്ള രോഗങ്ങ: ഗുരുതരമാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. കാര്യങ്ങള്‍ അവഗണിച്ചാല്‍ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് യൂനിസെഫ് പറയുന്നത്. പലയിടത്തും വാക്‌സിനേഷനുകള്‍ മുടങ്ങിയെന്ന് യൂനിസെഫ് പറയുന്നത്. 37 രാജ്യങ്ങളിലായി 117 മില്യണ്‍ കുട്ടികളാണ് വാക്‌സിനേഷന്‍ മുടങ്ങി കിടക്കുന്നത്. വേണ്ടത്ര മരുന്നുകളോ ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളോ ഒരുരാജ്യത്തും നിലവിലില്ല. എല്ലാവരും കൊറോണയെ നേരിടാനുള്ള ശ്രമത്തിലാണ്.

ബ്രിട്ടന് അഞ്ചാം പനി മുക്ത രാജ്യമെന്ന പേരും ഇതോടെ നഷ്ടമായിരിക്കുകയാണ്. കടുത്ത രീതിയിലുള്ള രോഗബാധ കാരണം മരണനിരക്ക് കൂടാനാണ് സാധ്യത. ബ്രിട്ടനില്‍ അസാധാരണമായ രീതിയിലാണ് രോഗവളര്‍ച്ച. കടുത്ത പനി, ശരീരത്തില്‍ തടിച്ചുപൊങ്ങുക, ചുമ എന്നിങ്ങനെയാണ് രോഗലക്ഷണങ്ങള്‍. രണ്ട് എംഎംആര്‍ വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചാല്‍ ഈ രോഗത്തെ പ്രതിരോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബ്രിട്ടന്‍ അതിവേഗം ഇതിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. നിത്യേനയുള്ള വാക്‌സിനേഷനില്‍ എംഎംആറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചാം പനി വീണ്ടും വര്‍ധിക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് വിഭാഗം ഡോക്ടര്‍ മേരി റംസി പറഞ്ഞു. ബ്രിട്ടനില്‍ ഈ അവസരത്തില്‍ അഞ്ചാം പനി കൂടി സജീവമായാല്‍ കുട്ടികളുടെ ജീവന്‍ കൂടി അപകടത്തിലാവും. കൊറോണ ബാധിച്ച് പതിനായിരത്തിലധികം പേര്‍ ബ്രിട്ടനില്‍ മരിച്ചിട്ടുണ്ട്. കുട്ടികള്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെടുന്നുണ്ടെങ്കിലും അഞ്ചാം പനി അവരെ തളര്‍ത്തുന്നുണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.