1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2020

സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,946,386 കവിഞ്ഞു. 121,704 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 460,111 പേർ രോഗമുക്തി നേടി. രോഗബാധിതരും മരണവും കൂടുതലുള്ള മിക്ക രാജ്യങ്ങളിലും സ്ഥിതി അതിസങ്കീർണമായി തുടരുകയാണ്.

717 പേരാണ് ഇന്നലെ മാത്രം ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 12,107 ആയി. 14,506 പേർക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ 4342 കേസുകൾ പോസിറ്റീവായിരുന്നു. ആകെ രോഗികളുടെ എണ്ണം 93,873 ആണ്.

മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിൽ നിലവിലെ ലോക്ഡൗണിനും നിയന്ത്രണങ്ങൾക്കും കാര്യമായ ഇളവ് പ്രതിക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായ സൂചന നൽകുകയാണ് ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ്.

വ്യാഴാഴ്ചയാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗൺ കാലാവധി അവസാനിക്കുന്നത്. ഇത് തുടരണമോ എന്നു തീരുമാനിക്കാൻ കോബ്രാ കമ്മിറ്റി യോഗം ചേരും. വൈറസ് ബാധയുടെ പാരമ്യത്തിൽ തന്നെയാണ് രാജ്യം ഇപ്പോഴും ഉള്ളതെന്നും അതിനാൽതന്നെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ഡൊമിനിക് വ്യക്തമാക്കിയത്.

രാജ്യത്തെ എല്ലാ ആളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നതു സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും സയന്റിഫിക് എവിഡൻസിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ചീഫ് മെഡിക്കൽ ഓപിസർ ഡോ. ക്രിസ് വിറ്റി പറഞ്ഞു. മെഡിക്കൽ മാസ്കുകൾ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവ ആരോഗ്യ പ്രവർത്തകർക്കായി മാറ്റിവയ്ക്കണമെന്നും പൊതുജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത്.

പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ. ഡൗണിംങ് സ്ട്രീറ്റിലെ പത്താം നമ്പർ ഔദ്യോഗിക ഫ്ലാറ്റിൽനിന്നും മാറി കൺട്രി എസ്റ്റേറ്റായ ചെക്കേഴ്സിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. ഏതാനും ദിവസംകൂടി പരിപൂർണവിശ്രമം അദ്ദേഹത്തിന് അനിവാര്യമാണ്. അതുവരെ ഡൊമിനിക് റാബ് തന്നെ ഭരണത്തിന് നേതൃത്വം നൽകും.

രാജ്യത്തെ 11,300 നഴ്സിംങ് ഹോമുകളിൽ നിരവധി ആളുകൾ കോവിഡ് ബാധിച്ച് മരിക്കുന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ദിവസേന അമ്പതിലേറെ ആളുകൾ ഇത്തരത്തിൽ മരിക്കുന്നതായി സർക്കാരും സമ്മതിച്ചിരുന്നു. ഇതുകൂടി ചേർത്തുവായിച്ചാൽ ബ്രിട്ടനിലെ നിലവിലുള്ള മരണസംഖ്യ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിലും വളരെ ഏറെയാകും.

രാജ്യത്തെ 92 നഴ്സിംങ് ഹോമുകളിൽ ഇന്നലെ മാത്രം കോവിഡ് ബാധ സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സമ്മതിച്ചു. നിരവധി നഴ്സിംങ് ഹോമുകളിൽ ആളുകൾ കൂട്ടത്തോടെ മരിക്കുന്ന വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇവയൊന്നും കോവിഡ് മരണങ്ങളുടെ കണക്കിൽ പെടുന്നുപോലുമില്ല.

ഡറമിലെ ഒരു നഴ്സിംങ് ഹോമിൽ മാത്രം പതിമൂന്നുപേരാണ് രണ്ടു ദിവസത്തിനുള്ളിൽ കോവിഡ് രോഗലക്ഷണങ്ങളെത്തുടർന്ന് മരിച്ചത്. ഇത്തരത്തിൽ കെന്റ്, ഗ്ലാസ്ഗോ, ക്രോയിഡൺ, ഈസ്റ്റ് ലണ്ടൻ, ലുട്ടൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ വൃദ്ധജനനങ്ങൾ മരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ബ്രിട്ടനിലെ ആരോഗ്യപ്രവർത്തകരിൽ മൂന്നിൽ രണ്ട് ഭാഗം പേരും കോവിഡ് പോസിറ്റീവ് ആയി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടേയും കുടുംബങ്ങളുടേയും പരിശോധന വേഗത്തിലാക്കാനും വ്യക്തിഗത സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ മെച്ചപ്പെടുത്താനും സർക്കാരിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരിൽ 34 ശതമാനത്തോളം രോഗബാധിതരാണ്.

മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിൽ പരിശോധന നിരക്ക് വളരെ കുറവാണെന്നാണ് ആരോപണം. ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ സാമ്പിൾ മാത്രമാണ് പരിശോധിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. വൈറസിനെ നേരിടുന്നതിൽ ബ്രിട്ടൻ ആദ്യഘട്ടത്തിൽ സ്വീകരിച്ച സമീപനവും വേണ്ടത്ര സുരക്ഷാമുൻകരുതൽ ഇല്ലാത്ത പരിചരണങ്ങളുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്നാണ് ആരോഗ്യപ്രവർത്തകർ തന്നെ പറയുന്നത്.

അതിനിടെ കോവിഡ് വ്യാപനത്തെത്തുടർന്നേർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവനുവദിച്ച് സ്പെയിൻ. ഉത്പാദനം, നിർമാണം തുടങ്ങി ഏതാനും തൊഴിലെടുക്കുന്നവർക്ക് കർശന സുരക്ഷാനിബന്ധനകൾക്കനുസൃതമായി വീണ്ടും ജോലിയാരംഭിക്കാൻ അനുമതിനൽകി. എന്നാൽ, മറ്റുള്ളവർ വീടുകളിൽത്തന്നെ തുടരണം. മെട്രോകളും ഭാഗികമായി പ്രവർത്തനം തുടങ്ങി. മാർച്ച് 27-നായിരുന്നു സ്പെയിൻ അടച്ചിടൽ പ്രഖ്യാപിച്ചത്.

രോഗവ്യാപനനിരക്ക് കുറഞ്ഞതോടെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാനൊരുങ്ങുകയാണ് ജർമനിയും. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് മരണവും രോഗബാധയും ജർമനിയിൽ കുറവാണ്. നിയന്ത്രണങ്ങൾക്ക് ഘട്ടംഘട്ടമായി ഇളവനുവദിക്കാമെന്ന് ജർമൻ അക്കാദമി ഓഫ് സയൻസസ് നിർദേശിച്ചിട്ടുണ്ട്. ഇതുവരെ 2799 പേരാണ് ജർമനിയിൽ മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.