1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മെയിൽ നഴ്സായ കോട്ടയം ഉഴവൂർ കുറ്റിക്കോട്ട് വീട്ടിൽ അനൂജ് കുമാർ (ബിജു-44) ആണ് മരിച്ചത്. ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ആശുപത്രിയിലായിരുന്നു മരണം. ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായി ജോലിചെയ്തു വരികയായിരുുന്നു.

നാലാഴ്ചയായി ബോസ്റ്റണിൽ ചികിൽസയിലായിരുന്ന അനൂജിനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഗ്ലെൻഫീൽഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം പിന്നീട് ബ്രിട്ടണിൽതന്നെ നടത്തും. കോവിഡ് ബാധിച്ച് ബ്രിട്ടണിൽ മരിക്കുന്ന ഒമ്പതാമത്തെ മലയാളിയാണ് അനൂജ് കുമാർ. യൂറോപ്പിൽ അയർലൻഡ്, ഇറ്റലി, ജർമനി എന്നിവിടങ്ങളിലും ഓരോ മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

അതേസമയം രണ്ടു ദിവസമായി കുറഞ്ഞുനിന്ന മരണനിരക്ക് വീണ്ടും അഞ്ഞൂറിനു മുകളിലേക്ക് ഉയർന്നു. 586 പേരാണ് വിവിധ ആശുപത്രികളിൽ ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 21,678 ആയി. 161,145 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

സർക്കാർ പുറത്തുവിട്ടിരിക്കുന്ന കണക്കിനേക്കാൾ 35 ശതമാനം കുടുതതലാണ് യഥാർഥ മരണസംഖ്യ എന്നാണ് വിവിധ മാധ്യമങ്ങൾ മറ്റു സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. നഴ്സിങ് ഹോമുകളിലെ മരണങ്ങളാണ് ഇങ്ങനെ കണക്കിൽ ഉൾപ്പെടാത്തവയിൽ ഏറെയും.

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിച്ച് ബ്രിട്ടൺ ഇന്നലെരാവിലെ 11ന് രണ്ടുമിനിറ്റ് മൗനം ആചരിച്ചു. രാജ്ഞിയും പ്രധാനമന്ത്രിയും ഉൾപ്പെടെ എല്ലാ ആളുകളും മൗനം ആചരിച്ചു. രാജ്യത്തെ റേഡിയോ സ്റ്റേഷനുകളും ബി.ബി.സി. ഉൾപ്പെടെയുള്ള ടെലിവിഷനുകളും ഈ മൗനാഭിവാദ്യത്തിൽ പങ്കാളികളായി.

സ്കോട്ട്ലൻഡിൽ പുറത്തിറങ്ങി നടക്കുന്നതിന് മാസ്ക് നിർബന്ധമാക്കാൻ തീരുമാനമായി. ഫസ്റ്റ് മിനിസ്റ്റർ നിക്കളാസ് സ്റ്റർജന്റ് ആണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. തങ്ങളുടെ നടപടി രാജ്യമെമ്പാടും പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പങ്കാളി കാരി സിമണ്ട്സിനും ആൺകുഞ്ഞു പിറന്നു. പ്രധാനമന്ത്രിയുടെ വക്താവാണ് ഈ സന്തോഷവാർത്ത് ലോകത്തോടു പങ്കുവച്ചത്. കോവിഡ് കാലത്തെ ഈ സന്തോഷവാർത്ത താമസിയാതെ ഇരുവരും നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദീർഘനാളായി സൗഹൃദത്തിലായിരുന്ന ഇരുവരും കഴിഞ്ഞവർഷം അവസാനത്തോടെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരവും സമ്മറിൽ കുഞ്ഞിനെ പ്രതീക്ഷിക്കുന്നകാര്യവും ട്വിറ്ററിലൂടെ അറിയിച്ചത്. വിവാഹം കഴിക്കാതെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന ആദ്യത്തെ പങ്കാളികളാണ് അമ്പത്തിയഞ്ചുകാരനായ ബോറിസും മുപ്പതിരണ്ട് വയസുള്ള കാരി സിമണ്ട്സും.

കോവിഡ് ബാധിതമായിരുന്ന ബോറിസ് ജോൺസൺ ആശുപത്രി വാസത്തിനും വിശ്രമിത്തിനും ശേഷം ഞായറാഴ്ച രാത്രിയാണ് ചുമതലകളിലേക്കും ഔദ്യോഗിക വസതിയിലേക്കും തിരിച്ചെത്തിയത്. ബോറിസിന് കോവിഡ് സ്ഥിരീകരിച്ചതുമുതൽ ഡൗണിംങ് സ്ട്രീറ്റിൽനിന്നും മാറി മറ്റൊരു വസതിയിലായിരുന്നു സിമണ്ട്സ് താമസിച്ചിരുന്നത്.

കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ബ്രിട്ടീഷ് എയർവെയ്സ് 12,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ പുന:സംഘടന പദ്ധതിയുടെ ഭാഗമായി ബ്രട്ടീഷ് എയർവെയ്സിന്റെ മാതൃകമ്പനിയായ ഇന്റർനാഷ്ണൽ എയർലൈൻ ഗ്രൂപ്പാണ് (ഐഎജി) ഇതുസംബന്ധിച്ച സൂചന നൽകിയത്.

പദ്ധതികൾ ഇപ്പോഴും കമ്പനിയുടെ ആലോചനയിലാണെന്നും എന്നാൽ ബ്രിട്ടീഷ് എയർവെയ്സിലെ മിക്ക ജോലിക്കാരേയും ഇത് ബാധിക്കുമെന്നും ഐഎജി ചൊവ്വാഴ്ച വ്യക്തമാക്കി. മാറുന്ന സാഹചര്യത്തിൽ 12,000ത്തോളം തൊഴിലാളികളെ കമ്പനിക്ക് ആവശ്യമില്ലാതായേക്കും. 2019 കാലയളവിന് സമാനമായ തോതിൽ യാത്രക്കാരെ ലഭിക്കാൻ ഇനി വർഷങ്ങളെടുക്കുമെന്നും ഐഎജി കൂട്ടിച്ചേർത്തു.

വ്യോമയാന മേഖല നിശ്ചലമായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനിക്കുണ്ടായത്. 4500 പൈലറ്റുമാരും 16000 കാബിൻ ക്യൂ അംഗങ്ങളുമാണ് ബ്രിട്ടീഷ് എയർവെയ്സിലുള്ളത്. നിലവിൽ വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള എമർജൻസി സർവീസ് മാത്രമാണ് ബ്രിട്ടീഷ് എയർവെയ്സ് നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.