1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2020

സ്വന്തം ലേഖകൻ: കൊവിഡ് മരണനിരക്ക് പിടിതരാതെ ഉയരുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടൻ. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെടാനും ആഹ്വാനം ചെയ്തുകൊണ്ടാവും വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുക എന്നാണ് സൂചന.

ഇന്നലെയും 539 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ സർക്കാർ കണക്കിൽ ആകെ മരണസംഖ്യ 30,615 ആയി. ഇന്നലെ 86,583 പേർക്കാണ് രോഗപരിശോധന നടത്തിയത്. ഏപ്രിൽ 30 മുതൽ ദിവസേന ഒരുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യത്തിലെത്താൻ ഇന്നലെയും കഴിഞ്ഞില്ല.

എൻഎച്ച്എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ വ്യാഴാഴ്ചയും വൈകിട്ട് എട്ടിന് നടത്തുന്ന കരഘോഷം ഇന്നലെയും ബ്രിട്ടനിൽ തുടർന്നു. പല സ്ഥലങ്ങളിലും വീടുകൾക്കും ആശുപത്രികൾക്കും മുന്നിൽ ആളുകൾ വിവധതരം സംഗീതോപകരണങ്ങളുമായി എത്തിയാണ് ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തിയത്.

രാജ്യത്ത് ഇന്നലെയും കോവിഡ് ബാധിച്ച് ഒരു ഡോക്ടർ മരിച്ചു. കെന്റിലെ ഡാർട്ട്ഫോർഡിലുള്ള ഡാരിന്ദ് വാലി ആശുപത്രിയിലെ കൺസൾട്ടന്റായ ഡോ. താരിഖ് ഷാഫി (61) ആണ് മരിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കും നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറയിപ്പ് നൽകി. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ 14 ശതമാനം കണ്ട് ചുരുങ്ങുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിനാകും ഇതു കാരണമാകുകയെന്നാണ് സൂചന.

മേയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് ഹോളിഡേ വാരാന്ത്യമാണ് ബ്രിട്ടനിൽ ഈയാഴ്ച. നാലുദിവസവും തെളിഞ്ഞ കാലാവസ്ഥാ പ്രവചനവും ഉണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ കൂട്ടമായി പുറത്തിറങ്ങുന്നതും ആഘോഷങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

അതേസമയം നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാനാണ് സ്കോട്ട്ലൻഡിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വെൽഷ് ഭരണകൂടത്തിനും നോർത്തേൺ അയർലൻഡിനും മൊത്തമായി ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ല. അതിനാൽ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.