1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗ ലക്ഷണങ്ങളുടെ പട്ടികയിൽ ഇനി രുചിയും ഗന്ധവും നഷ്ടപ്പെടുന്നതും ഉൾപ്പെടും. ഇതുവരെയും പനിയും ചുമയും മാത്രമാണ് രോഗലക്ഷണമായി പരിഗണിച്ച് ആളുകൾക്ക് സെൽഫ് ഐസൊലേഷനിൽ പോകാൻ നിർദേശം നൽകിയിരുന്നത്. കൂടുതൽ ലക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് ചെവി, മൂക്ക്, തൊണ്ട ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരാൾക്ക് പുതിയ, തുടർച്ചയായ ചുമ, പനി അല്ലെങ്കിൽ മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടുന്നത് (അനോസ്മിയ) എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് കൊറോണ വൈറസ് നൽകാനുള്ള സാധ്യത തടയാൻ ഏഴു ദിവസം വീട്ടിൽ തന്നെ തുടരുക എന്നതാണ് നിർദേശം.

എൻ‌എച്ച്എസ് ചെറിയ ലക്ഷണങ്ങൾ തിരിച്ചറിയുന്നില്ല എന്ന കാരണത്താൽ ബ്രിട്ടനിലെ ഏകദേശം 70,000 പേർക്ക് നിലവിൽ കൊറോണ വൈറസ് ബാധയുണ്ടാകാം എന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്വയം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് സിംപ്റ്റം ട്രാക്കർ ആപ്പ് ഉപയോഗിക്കുന്ന ലണ്ടനിലെ ഇംപീരിയൽ കോളേജ് ഗവേഷകനായ പ്രൊഫസർ ടിം സ്‌പെക്ടർ പറഞ്ഞത്, തന്റെ ടീം 14 ലക്ഷണങ്ങളെ വൈറസുമായി ബന്ധിപ്പിച്ച് കഴിഞ്ഞതായാണ്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണം വിജയകരമാകുമെന്ന പ്രതീക്ഷയിൽ ബ്രിട്ടൻ വൻതോതിൽ വാക്സിൻ നിർമാണത്തിന് തുടക്കം കുറിക്കുന്നു. കോവിഡ്-19 വാക്സിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണത്തിന് മരുന്നു നിർമാണക്കമ്പനിയായ ആസ്ട്ര സെനീക്കയുമായി ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഗ്ലോബൽ ലൈസൻസിങ് ഉടമ്പടി ഒപ്പുവച്ചു.

സെപ്റ്റംബറോടെ മൂന്നുകോടി വാക്സിനുകൾ ഉൽപാദിപ്പിക്കാനുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ്മ പറഞ്ഞു. വാക്സിൻ ഫലപ്രദമാണെന്ന് തെളിയുന്ന ഉടൻതന്നെ ആളുകൾക്ക് ഇത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, പരീക്ഷണം പൂർത്തിയാകും മുമ്പേ, നിർമാണം ആരംഭിക്കുന്നത്. പരീക്ഷണം വിജയകരമായാൽ 100 മില്യൺ ഡോസുകൾകൂടി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിൻ പരീക്ഷണങ്ങൾക്കായി കോടിക്കണക്കിനു രൂപയാണ് ബ്രിട്ടൻ ചെലവഴിക്കുന്നത്. നേരത്തെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിക്കും ഇംപീരിയൽ കോളജിനുമായി 47 മില്യൻ പൗണ്ട് അനുവദിച്ച സർക്കാർ പരീക്ഷണങ്ങൾ ഊർജിതമാക്കാനും വാക്സിന്റെ നിർമാണത്തിനുമായി ഇന്ന് 84 മില്യൺ പൗണ്ടു കൂടി കൂടുതലായി അനുവദിച്ചു.

നിലവിലെ പരീക്ഷണങ്ങൾ വിജയകരമായാൽ ഉടൻതന്നെ രാജ്യത്തെല്ലായിടത്തും മരുന്ന് ലഭ്യമാക്കാനുള്ള റാപ്പിഡ് ഡിപ്ലോയ്മെന്റ് ഫെസിലിറ്റിക്കായി 38 മില്യൺ പൗണ്ടും അനുവദിച്ചിട്ടുണ്ട്. നേരത്തെ ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

ആശുപത്രികളിലും നഴ്സിംങ് ഹോമുകളിലുമായി 170 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 34,636 ആയി. മാർച്ച് 24ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.