1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വേനലവധിക്കു മുമ്പ് രാജ്യത്തെ എല്ലാ സ്കൂളുകളും നാലാഴ്ചത്തേക്കു തുറക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. പ്രതിപക്ഷത്തിന്റെ വിമർശനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും എതിർപ്പും കണക്കിലെടുത്താണ് ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത്. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ 230,000 കംപ്യൂട്ടറുകൾ സർക്കാർ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പാർലമെന്റിൽ അറിയിച്ചു.

രാജ്യത്ത് ഇന്നലെ 286 പേരാണു കോവിഡ് ബാധിച്ചു മരിച്ചത് ഇതോടെ ഔദ്യോഗിക മരണസംഖ്യ 40,883 ആയി. എന്നാൽ ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം മേയ് 29വരെ കോവിഡ് മൂലം രാജ്യത്ത് 50,107 പേർ മരിച്ചിട്ടുണ്ട്. കോവിഡ് ബാധ ആരംഭിച്ചതിനു ശേഷം ശരാശരി മരണനിരക്കിൽ നിന്നും കൂടുതലായി 64,000 പേർ മരിച്ചതായും സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ശരാശരി മരണനിരക്ക് പ്രതിദിനം ആയിരത്തിന് അടുത്തായിരുന്നത് ഇപ്പോൾ 200ന് തൊട്ടുമുകളിലാണെന്ന് പ്രതിദിന വാർത്താസമ്മേളനത്തിൽ ബിസിനസ് സെക്രട്ടറി അലോക് ശർമ്മ വ്യക്തമാക്കി.

അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നടന്ന പ്രതിഷേധങ്ങളിൽ പൊലീസിനെ അക്രമിച്ചവർക്കും നിരത്തുകളിൽ അഴിഞ്ഞാടിയവർക്കും എതിരെ പൊലീസ് നടപടികൾ ആരംഭിച്ചു. പൊതുമുതൽ നശിപ്പിച്ചവരും മറ്റ് നാശനഷ്ടങ്ങൾ വരുത്തിയവരും നിയമ നടപടി നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

ബ്രിസ്റ്റോളിൽ കഴിഞ്ഞദിവസം അടിമവ്യാപാരി എഡ്വേർഡ് കോൾസ്റ്റന്റെ പ്രതിമ തകർത്ത് ഹാർബറിൽ എറിഞ്ഞപോലെ ഇന്നലെ ഓക്സ്ഫെഡിൽ സിസിൽ റോഡ്സിന്റെ പ്രതിമ തകർക്കാർ പ്രതിഷേധക്കാർ ശ്രമം നടത്തി. ഇത്തരം നടപടികൾക്ക് മുതിരുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.

അതിനിടെ ഡോക്ടര്‍മാര്‍ക്കും മറ്റ്​ ആരോഗ്യ പ്രവർത്തകര്‍ക്കും അത്യാവശ്യമായ പി.പി.ഇ കിറ്റുകൾ ലഭ്യമാക്കുന്നിഴല്ലെന്നാരോപിച്ച്​ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ എൻ.എച്ച്​.എസ് ഡോക്ടര്‍മാര്‍ നിയമ നടപടിക്ക്. പി.പി.ഇ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ അപാകത വരുത്തിയ മന്ത്രിമാര്‍ക്കെതിരെയാണ് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ഡോക്ടര്‍മാര്‍ ഹരജി നല്‍കിയത്. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്കിനെതിരെയാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡോക്ടര്‍മാര്‍ മുമ്പ് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഡോക്ടര്‍മാരുടെയും അഭിഭാഷകരുടെയും സംഘമാണ് സര്‍ക്കാരിനെതിരെ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ട് ഹൈകോടതിയില്‍ പരാതി നൽകിയത്.

ഡോക്ടര്‍മാരടക്കം ഏകദേശം 300ല്‍പരം എൻ.എച്ച്​.എസ്​ ജോലിക്കാര്‍ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. മാസ്ക്, ഗൗണ്‍, ഗ്ലൗസ്​, കണ്ണട തുടങ്ങിയ പി.പി.ഇ ഇനങ്ങളുടെ ലഭ്യതയില്ലായ്മ കാരണമാണ് ഇത്രയും ഉയര്‍ന്ന മരണം സംഭവിച്ചതെന്നാണ് എൻ.എച്ച്​.എസ് ജോലിക്കാരുടെ വാദം. ഇതുമായി ബന്ധപ്പെട്ട്​ വിശദമായ അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഡോക്​ടര്‍മാർ വ്യക്തമാക്കുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.