1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2020

സ്വന്തം ലേഖകൻ: കോവിഡ് ഭേദമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ പദവിയില്‍ തിരിച്ചെത്തിയേക്കും. അദ്ദേഹം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് സൂചന. അതേസമയം ജോണ്‍സന്‍ തിരിച്ചെത്തുന്ന സമയത്തും ബ്രിട്ടനിലെ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്.

മരണസംഖ്യ 20000 പിന്നിട്ട് കുതിക്കുകയാണ്. ഇത് ആശുപത്രിയില്‍ മാത്രം മരിച്ചവരുടെ കണക്കാണിത്. കെയര്‍ ഹോമുകളില്‍ അടക്കം മരിച്ചവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതൊന്നും ബ്രിട്ടന്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. ചൈനയ്ക്കും സ്‌പെയിനിനുമെതിരെ നേരത്തെ ഉയര്‍ന്ന ആരോപണമാണിത്.

694 പേരാണ് യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 20,319 ആയി. 148,377 പേർക്കാണ് രാജ്യമൊട്ടാകെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ജോണ്‍സന് രോഗം ഭേദമായതായും ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം ആവേശത്തില്‍ കാത്തിരിക്കുകയാണെന്നും ബ്രിട്ടീഷ് പ്രസ് അസോസിയേഷന്‍ പറഞ്ഞു. നേരത്തെ മൂന്ന് ദിവസം ഐസിയുവിലായിരുന്നു ജോണ്‍സന്‍.

അതേസമയം ബ്രിട്ടീഷ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധം മികച്ച രീതിയിലല്ല സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് ജോണ്‍സനെ പ്രതിരോധത്തിലാക്കുന്നതാണ്. ലോകത്തില്‍ ഇത്രയധികം മരണം രേഖപ്പെടുത്തുന്ന അഞ്ചാമത് രാജ്യമാണ് ബ്രിട്ടന്‍. രാജ്യത്തിന് ദു:ഖകരമായ ദിനമാണിതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

നേരത്തെ സര്‍ക്കാരിന്റെ ചീഫ് സയന്റിഫിക് അഡൈ്വസറായ. പാട്രിക് വല്ലാന്‍സ് മരണനിരക്ക് 20000ത്തില്‍ താഴെയെത്തിക്കാന്‍ സാധിച്ചാല്‍ ബ്രിട്ടന് നേട്ടമായിരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടല്‍ പിഴച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ ആരോഗ്യ രംഗം അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കൊറോണവൈറസ് ടെസ്റ്റുകള്‍ കിറ്റുകളുടെ അഭാവത്തില്‍ സമയപരിധിക്കും എത്രയോ മുന്നേ അവസാനിച്ചു.

ഈ മാസം അവസാനത്തോടെ ദിവസം ഒരുലക്ഷത്തോളം ടെസ്റ്റുകള്‍ നടത്താമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കൊറോണ ടെസ്റ്റുകള്‍ വെറും 15 മിനുട്ടുകള്‍ കൊണ്ടാണ് അവസാനിച്ചത്. ക്ലിനിക്കുകളില്‍ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ബുക്കിംഗുകളും ഫുള്ളായി. മെഡിക്കല്‍ ഉപകരണങ്ങളും പലതും കിട്ടാനില്ലാത്ത അവസ്ഥയാണ്.

അതേസമയം ലോക്ഡൗണ്‍ നിര്‍ദേശങ്ങളും പാളുന്നതായിട്ടാണ് സൂചന. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമത്തില്‍ ഇളവ് കൊണ്ടുവരാന്‍ സര്‍ക്കാരിന് സമ്മര്‍ദമുണ്ട്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഇതിന് തയ്യാറല്ല. മെയ് 7 വരെ ബ്രിട്ടനില്‍ ലോക്ഡൗണ്‍ തുടരുകയും ചെയ്യും. അതേസമയം മരണനിരക്ക് ഇരട്ടിയിലധികമായി കഴിഞ്ഞ ദിവസം വര്‍ധിച്ചതാണ് ബ്രിട്ടന്റെ പുതിയ ആശങ്ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.