1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2020

സ്വന്തം ലേഖകൻ: 768 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണസംഖ്യ 19,506 ആയി. നഴ്സിങ് ഹോമുകളിലെ കണക്കില്ലാത്ത മരണങ്ങൾ വേറെയും.. ഇറ്റലിക്കും സ്പെയിനും ഫ്രാൻസിനുമൊപ്പം ഇരുപതിനായിരത്തിന്റെ പട്ടികയിലേക്ക് കടക്കാൻ 24 മണിക്കൂർ പോലും വേണ്ടാത്ത അവസ്ഥ.

ജനസംഖ്യാനുപാതവും നഴ്സിങ് ഹോമുകളിലെയും കമ്മ്യൂണിറ്റിയിലെയും മരണങ്ങളെല്ലാം കൂട്ടിവായിച്ചാൽ യുഎസിനേക്കാൾ ഭയാനകമാണ് ബ്രിട്ടനിലെ സ്ഥിതി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഒന്നര ലക്ഷത്തോട് (143,464) അടുക്കുകയാണ്. ദിവസേന നാലായിരത്തിലധികം പേരാണ് ഇപ്പോഴും ബ്രിട്ടനിൽ കോവിഡ് രോഗികളാകുന്നത്.

എൻഎച്ച്എസ് ജീവനക്കാർക്കും മറ്റു കീ വർക്കർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനിലൂടെ കോവിഡ് ടെസ്റ്റിങ്ങിന് അവസരമൊരുക്കിയ സർക്കാർ അദ്യദിനം തന്നെ ഇതു നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. പത്തുലക്ഷത്തിലേറെ വരുന്ന കീ വർക്കർമാരും അവരുടെ കുടുംബാംഗങ്ങളും കൂട്ടത്തോടെ റജിസ്ട്രേഷനു ശ്രമിച്ചതോടെ വെബ്സൈറ്റ് തന്നെ പ്രവർത്തനരഹിതമായി.

ആദ്യത്തെ രണ്ടുമിനിറ്റുകൊണ്ട് 5000 പേരാണ് ടെസ്റ്റിങ്ങിനായി റജിസ്റ്റർ ചെയ്തത്. ഇതോടെ വെബ്സൈറ്റിന്റെ പ്രവർത്തനം നിലച്ചു. രാത്രിയോടെ ഓൺലൈൻ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും റജിസ്ട്രേഷൻ സുഗമമല്ല. 16,000 പേർ ഇതിനോടകം ടെസ്റ്റിങ്ങിന് റജിസ്റ്റർ ചെയ്തുകഴിഞ്ഞു എന്നാണ് സർക്കാർ കണക്ക്.

ലോക്ഡൗൺ നിബന്ധനകളിൽ ഇളവില്ലെങ്കിലും ബ്രിട്ടനിൽ ചില അവശ്യസർവീസുകളും ബിസിനസ് സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകി. കെട്ടിടനിർമാണമേഖലയിലും പ്രവർത്തനങ്ങൾക്കു സർക്കാർ ഇളവുകൾ നൽകി. നിർമാണ സാമഗ്രികളും മറ്റും വിൽക്കുന്ന വ്യാപാര ശൃംഖലകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. അലങ്കാര ചെടികൾ, കാർഷികാവശ്യത്തിനുള്ള സാമഗ്രികൾ തുടങ്ങിയ വിൽക്കുന്ന ഫാമുകൾക്കും കടകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

കോവിഡ് രോഗമുക്തനായി ആരോഗ്യം വീണ്ടെടുക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ചയോടെ ഒദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ ഫ്ലാറ്റിൽ തിരിച്ചെത്തി ഭരണകാര്യങ്ങളിൽ സജീവമാകുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഓക്സ്ഫഡ് സർവകലാശാലയിൽ പരീക്ഷണത്തിലുള്ള വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. വാക്സിൻ പരീക്ഷണത്തിനുള്ള സന്നദ്ധത അറിയിച്ച ആദ്യസംഘത്തിൽ ആകെ 800 പേരാണുള്ളത്. ശരീരത്തിൽ വാക്സിൻ കുത്തിവച്ചാലുള്ള ഫലമറിയുകയാണ് പരീക്ഷണ ലക്ഷ്യം. ആൾക്കുരങ്ങുകളിൽ രോഗമുണ്ടാക്കുന്ന ഒരു വൈറസിനെ ജനിതകമാറ്റം വരുത്തിയാണ് വാക്സിൻ തയാറാക്കിയത്.

18– 55 പ്രായക്കാരായ 500 പേരിൽ അടുത്ത മാസം വാക്സിൻ പരീക്ഷിക്കും. ഇവർക്കു മറ്റുള്ളവരെ അപേക്ഷിച്ച് വൈറസ് പിടിപെടുന്ന തോത് കണക്കാക്കി വിജയസാധ്യത വിലയിരുത്തും. പരീക്ഷണത്തിന് വിധേയരാകുന്നവർക്ക് അര ലക്ഷത്തിലധികം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎസ് കമ്പനിയായ മൊഡേണയാണ് ആദ്യം കോവിഡിനുള്ള വാക്സിൻ മനുഷ്യനിൽ‌ പരീക്ഷിച്ചത്. ഇതിനിടെ കോവിഡിനു മനുഷ്യരിൽ പരീക്ഷിച്ച മറ്റൊരു മരുന്ന് റെംഡെസിവർ പരാജയപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.