1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 97,331 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്ന് 1,626,096 ആയി. അമേരിക്കയില്‍ ഇന്നലേയും കൂട്ട മരണങ്ങള്‍ തുടര്‍ന്നു.1900 പേരാണ് വ്യാഴാഴ്ച മാത്രം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 16,804 ആയി. രോഗബാധിതരുടെ എണ്ണം 470,958 ആണ്. ലോകത്തെ കോവിഡ് രോഗികളുടെ നാലില്‍ ഒന്നും അമേരിക്കയിലാണ് ഉള്ളത്. അമേരിക്കയില്‍ ഇന്നലെ മരിച്ചവരില്‍ മലയാളി ദമ്പതികളും ഉള്‍പ്പെടുന്നു.

പത്തനംതിട്ട സ്വദേശി സാമുവല്‍ (83), അദ്ദേഹത്തിന്‍റെ ഭര്യ മേഴ്സി സാമുവല്‍ എന്നിവരാണ് മരിച്ചത്. കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി(71) എന്ന മലയാളിയുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മണിക്കൂറിന്‍റെ ഇടവേളകളിലാണ് സാമുവലും മേരി സാമുവലും മരിച്ചത്.

കടുത്ത ന്യുമോണിയ ബാധിതയെ തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കോവിഡ് ആണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിതീകരണം വന്നിട്ടില്ല. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഇന്നലേയും ഒരു മലയാളി അമേരിക്കയില്‍ മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായി മാത്യു ജോസഫ് (78) ആണ് മരിച്ചത്.

കൊവിഡ്-19 പ്രതിസന്ധി മൂലം അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എകണോമിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊവിഡ്-19 പ്രത്യാഘാതത്തിന്റെ ആദ്യഘട്ടത്തില്‍ 45 ലക്ഷത്തോളം തൊഴിലുകള്‍ ഇല്ലാതാവും. 2021 ഓടെ 20 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാനാവും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കി 25 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാന്‍ പിന്നെയും സമയമെടുക്കും.

കൊവിഡ് മരണ നിരക്കില്‍ ഇപ്പോഴും ഇറ്റലി ആണ് മുന്നില്‍. 18,279 പേരാണ് അവിടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 143,626 ആണ്. ഇന്നലെ മാത്രം 610 പേരാണ് ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

സ്പെയ്നില്‍ മരണ സംഖ്യ പതിനയ്യായിരം കടന്നു. 15,843 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 655 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 157,022 ആണ്. 50,002 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഫ്രാന്‍സിലും മരണ സംഖ്യ ഉയരുകയാണ്. 12,210 പേരാണ് ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 117,749 പേരിൽ രോഗം സ്ഥിരീകരിച്ചു. ഇന്നലെമാത്രം 1341 പേര്‍ മരിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.

അതേസമയം കോവിഡിന്റെ രണ്ടാം വ്യാപനം മുന്നില്‍ കണ്ട് വീണ്ടും ജാഗ്രത ശക്തമാക്കി ചൈന. വുഹാനിലടക്കം പുതിയ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ശക്തമായ നിരീക്ഷണത്തിലൂടെ രോഗവ്യാപനം തടയാനാകുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് ആരോഗ്യമന്ത്രാലയം.

രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലടക്കം ജനജീവിതം സാധാരണ നിലയിലേക്ക് പതിയെ എത്തിയിരുന്നെങ്കിലും രാജ്യത്ത് വീണ്ടും നിരീക്ഷണം ശക്തമാക്കുകയാണ്. ഇന്നലെ മാത്രം രണ്ട് മരണങ്ങളാണ് രാജ്യത്ത് ഉണ്ടായത്. കൂടാതെ 63 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ രോഗം സ്ഥിരീകരിച്ച 61 പേരും വിദേശത്ത് നിന്ന് എത്തിയവരാണന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.