1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2020

സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊറോണവൈറസ് രോഗവ്യാപനം ശക്തമായി തുടരുകയാണ്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ സാധാരണ നിലയിലേക്ക് നയിക്കുന്നതിനായി വിപണി തുറക്കുന്നതിനുള്ള ശ്രമത്തിലാണ്. ഗവര്‍ണറുമായുള്ള പോരിനാണ് ഇത് തുടക്കമിട്ടത്. വിപണി എപ്പോള്‍ തുറക്കണമെന്നും അത് എങ്ങനെ വേണമെന്നും തീരുമാനിക്കാനുള്ള പൂര്‍ണാധികാരം തനിക്കാണെന്ന് ട്രംപ് പറയുന്നു. നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് സമാനമായ സാഹചര്യം അമേരിക്കയിലുണ്ട്. അതിന് പുറമേ ശക്തമായ സാമൂഹിക അകലം പാലിക്കണമെന്ന് നിയമവുമുണ്ട്. ഇത് പിന്‍വലിക്കാനാണ് ശ്രമം.

റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നുമുള്ള ഗവര്‍ണര്‍മാര്‍ ഇതിനെ തുറന്ന് എതിര്‍ത്തിരിക്കുകയാണ്. സ്വന്തം സംസ്ഥാനങ്ങളിലെ പൊതുസുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇവര്‍ പറയുന്നു. സുരക്ഷ തങ്ങള്‍ക്കും കൂടി തോന്നിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കൂ എന്ന് ഇവര്‍ തുറന്ന് പറഞ്ഞു. ആരെങ്കിലും അമേരിക്കയുടെ പ്രസിഡന്റായാല്‍. അധികാരം പൂര്‍ണാര്‍ത്ഥത്തിലായിരിക്കും അയാള്‍ക്ക് ലഭിക്കുക. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം ഉണ്ടാവും എന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇക്കാര്യം ഗവര്‍ണര്‍മാര്‍ക്ക് അറിയാമെന്നും ട്രംപ് പറഞ്ഞു. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ നേരത്തെ ഗവര്‍ണര്‍മാര്‍ തന്നെ ആഹ്വാനം ചെയ്തിരുന്നു.

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരാണ് സ്വന്തം തീരുമാനമെടുത്തത്. ഇതെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങലാണ്. അതേസമയം സംസ്ഥാനങ്ങള്‍ക്ക് മേല്‍ ട്രംപിന് അധികാര പരിമിതിയുണ്ട് എന്നതാണ് വാസ്തവം. യുഎസ് ഭരണഘടന പ്രകാരം പൊതുജനാരോഗ്യവും സുരക്ഷാ ഉത്തരവാദിത്തവും സംബന്ധിച്ച പൂര്‍ണ അധികാരം സംസ്ഥാനങ്ങള്‍ക്കും അവിടെ അധികാരികള്‍ക്കുമാണ്. രാജ്യത്ത് കോവിഡ് ബാധയില്‍ മരണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ ആയിരത്തി അഞ്ഞൂറിലധികം ആളുകളാണ് മരിച്ചത്. അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക് അടുക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഇന്നലെയും കൂടുതല്‍ ആളുകള്‍ മരിച്ചത്. അറുനൂറിലധികം ആളുകളാണ് ഇവിടെ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ന്യൂയോര്‍ക്കില്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ട്രംപ് മുതിർന്ന നേതാക്കളുമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. അമേരിക്കയില്‍ ഇതുവരെ ഗവര്‍ണര്‍മാരില്‍ നിന്നാണ് ശക്തമായ നടപടികളുണ്ടായത്. സ്‌കൂളുകളും വാണിജ്യ കേന്ദ്രങ്ങളും വരെ ഗവര്‍ണര്‍മാരാണ് അടച്ചത്. ശക്തമായ പിഴയും ഇവര്‍ ഈടാക്കിയിരുന്നു. പ്രസിഡന്റിന്റെ സമ്മര്‍ദ തന്ത്രം വേണ്ടെന്നും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ന്യൂഹാംപ്ഷയറിലെ റിപബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണറും ട്രംപിനെതിരെ രംഗത്ത് വന്നു. മിഷിഗണിലും ന്യൂയോര്‍ക്കിലും ട്രംപിന്റെ വാദങ്ങളെ തള്ളിയിരിക്കുകയാണ് ഗവര്‍ണര്‍മാര്‍.

“ഇവിടെ രാജഭരണമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് ഭരിക്കുന്നത്. ഭരണഘടന പ്രകാരം മാത്രമേ ഭരിക്കാനാവൂ,” പൂര്‍ണാധികാരം പ്രസിഡന്റിനില്ലെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ പറഞ്ഞു.

കൊറോണ ഭീതിക്കിടെ പ്രകൃതി ദുരന്തവും അമേരിക്കയെ വേട്ടയാടുന്നുവെന്നാണ് പുതിയ വാര്‍ത്ത. ശക്തമായ ചുഴലിക്കൊടുങ്കാറ്റാണ് അമേരിക്കയിലെ ഡീപ് സൗത്ത് മേഖലയില്‍. ഒട്ടേറെ പേര്‍ മരിച്ചു. വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. കനത്ത നഷ്ടമാണ് മേഖലയിലുണ്ടായിരിക്കുന്നത്.

ഞായറാഴ്ച രാത്രി മുതലാണ് ഡീപ് സൗത്ത് മേഖലയില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റടിക്കാന്‍ തുടങ്ങിയത്. സൗത്ത് മിസ്സിസിപ്പിയില്‍ മാത്രം 11 പേര്‍ മരിച്ചു. ഇതുവരെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആണ്. നഷ്ടക്കണക്ക് ശേഖരിക്കുന്നേയുള്ളൂ. മരണം ഇനിയും കൂടിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.