1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: കോവിഡ് പരിശോധന നടത്താതെ ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളോടെ മരിച്ചവരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ന്യൂയോർക്കിലെ പതിനായിരം കടന്നു.കിടക്കകളും വെന്‍റിലേറ്ററുകളും ഐസലേഷന്‍ വാര്‍ഡുകളും ഇല്ലാതെ ആശുപത്രികള്‍ കിതയ്ക്കുമ്പോളും മെയ് ഒന്നിന് സമ്പര്‍ക്ക നിയന്ത്രണം അടക്കമുള്ളവയില്‍ അയവ് വരുത്തണം എന്നാണ് പ്രസിഡന്‍റ് പറയുന്നത്. സമ്പദ്ഘടനയെ തകര്‍ത്തതിന് ഉത്തരവാദികള്‍ ഡെമോക്രാറ്റ് ഗവര്‍ണര്‍മാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ നീക്കാനുള്ള പ്രസിഡന്‍റിന്‍റെ നീക്കത്തിനെതിരെ ഗവര്‍ണര്‍മാര്‍ കൂട്ടത്തോടെ രംഗത്തെതി.ഇതോടെ കൂടിയാലോചനകളാവാം എന്ന് വൈറ്റ് ഹൗസ് നിലപാട് തിരുത്തി. എന്നാല്‍ രോഗവ്യാപന സാധ്യതസംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടക്കത്തിലെ അവഗണിച്ച ട്രംപാണ് കൂട്ടമരണത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണക്കാരനെന്ന് സ്പീക്കര്‍ നാന്‍സി പെലോസി കുറ്റപ്പെടുത്തി.

തനിക്കെതിരായ വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് പ്രസിഡന്‍റ് ട്രംപ് ലോകാരോഗ്യസംഘടനയെ കുറ്റപ്പെടുത്തുന്നതെന്ന വിമര്‍ശനവും ശക്തമാവുന്നു. അതിനിടെ കോവിഡ്-19 വൈറസിനെതിരെ പ്രതിരോധമരുന്ന് ലഭ്യമായില്ലെങ്കില്‍ അമേരിക്ക 2022 വരെ സാമൂഹിക അകലം പാലിക്കേണ്ട സ്ഥിതിയിലേക്ക് നീങ്ങുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നൽകി.

ഹാര്‍വാര്‍ഡ് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ഈ വേനല്‍ക്കാലം അവസാനിക്കുന്നതോടെ മഹാമാരിയെ നിയന്ത്രിക്കാനാവുമെന്ന വൈറ്റ് ഹൗസ് പ്രതീക്ഷകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് ഈ പഠനം.

ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും രോഗം ശക്തമായി തിരിച്ചെത്തിയേക്കാം. അതിനാല്‍ സാമൂഹിക അകലം പാലിക്കുന്നത് വാര്‍ഷങ്ങളോളം തുടരേണ്ടത് അത്യാവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മാര്‍ക് ലിപ്‌സിച്ച് പറഞ്ഞു.

6 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചത്. അരലക്ഷത്തോളം പേര്‍ രോഗമുക്തി നേടി. 26000ലധികം ആളുകള്‍ മരിച്ചു എന്നാണ് കണക്കുകള്‍. അതേസമയം ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം 19.5 ലക്ഷം കടന്നു. 1.26 ലക്ഷമാണ് മരണസംഖ്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.