1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2020

സ്വന്തം ലേഖകൻ: വെള്ളിയാഴ്ച്ച അവസാനിച്ച 24 മണിക്കൂര്‍ സമയത്തിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1480പേര്‍. കോവിഡ് രോഗം ലോകത്ത് പടര്‍ന്നു പിടിച്ച ശേഷം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കോവിഡ് കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.വ്യാഴാഴ്ച്ച രാത്രി എട്ടരമുതല്‍ വെള്ളിയാഴ്ച്ച രാത്രി എട്ടരവരെയുള്ള സമയത്താണ് ഇത്രയേറെ മരണം അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,844 ആയി. ആകെ 290,692 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ്-19 മൂലം അമേരിക്കയില്‍ തൊഴില്‍മേഖലകള്‍ വൻ തകര്‍ച്ചയിലാണ്. ഈ ആഴ്ച 60 ലക്ഷത്തിലേറെ പേരാണ് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി അമേരിക്കയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയില്‍ ക്രമാതീതമായ വര്‍ധനവാണെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ആഴ്ച 33 ലക്ഷം അപേക്ഷകളാണ് വന്നത്. മാര്‍ച്ച് 28 ന് അവസാനിച്ച തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയിലാണ് 33 ലക്ഷം അപേക്ഷകള്‍ വന്നത്. ഇതിനു മുമ്പത്തെ ആഴ്ചയില്‍ ഇത് 24000 ആയിരുന്നു.

ഹോട്ടലുകള്‍ക്കാണ് കൊവിഡ് മൂലം അമേരിക്കയില്‍ ഏറ്റവും പ്രതിസന്ധിയുണ്ടായത്. ഒപ്പം നിര്‍മാണ മേഖലയെയും വിപണനമേഖലയെയും കൊവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ തൊഴില്‍ നഷ്ടത്തെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച കണക്കുകളെക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിലെ കണക്കുകള്‍.

പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ന്യൂയോർക്ക്, ലൊസാഞ്ചലസ് മേയർമാരുടെ നിർദേശം. ഇക്കാര്യം രക്ഷാനിർദേശങ്ങളിൽ ഉൾപ്പെടുത്തുമെന്ന സൂചന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും നൽകി. എന്നാൽ സാമൂഹിക അകലം പാലിക്കാതെ മാസ്ക് ഫലരഹിതമെന്നും മുന്നറിയിപ്പ്. 2500 ലേറെ മരണം സംഭവിച്ച ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞുകവിഞ്ഞു. 45 മൊബൈൽ മോർച്ചറികളും രാപകൽ പ്രവർത്തിക്കുന്നുണ്ട്. രാത്രി വൈകിയും കൂട്ടസംസ്കാരങ്ങൾ നടക്കുന്നു.

ഗുരുതര രോഗികളെ കിടത്താനിടമില്ലാതെ ആശുപത്രികൾ. നിലവിൽ 10,000 ലേറെ രോഗികൾ ആശുപത്രിയിൽ. ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലെ സേവനങ്ങൾക്കു സൈന്യത്തെ വിളിക്കുമെന്ന് ട്രംപ് അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.