1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ലോകമെമ്പാടും വലിയ വെല്ലുവിളിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരുകള്‍ക്കും അത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കാറുള്ളത്. കൊറോണ വൈറസിനെതിരായി ബ്രിട്ടണില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആദ്യ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി.

മൈക്രോബയോളജിസ്റ്റ് ആയ ഡോ. എലിസ ഗ്രനാറ്റോ ആണ് വാക്‌സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് താന്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയത്. ഇപ്പോഴും സുഖമായിരിക്കുന്നെന്നും താന്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. എലിസയുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

കോവിഡ് 19ന് എതിരായ വാക്‌സിന്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ ആദ്യഘട്ടത്തില്‍ പങ്കെടുത്ത രണ്ടു പേരില്‍ ഒരാളായിരുന്നു എലിസ. എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നും മരണപ്പെട്ടെന്നുമുള്ള വാര്‍ത്ത പുറത്തുവരികയും സാമൂഹ്യമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് തനിക്ക് ഒരു കുഴപ്പവുമില്ലെന്നും സുഖമായിരിക്കുന്നെന്നും മഹാമാരിക്കെതിരായ വാക്‌സന്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കിയത്.

വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ ആള്‍ മരിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് ബ്രിട്ടന്റെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനു മുന്‍പ് വസ്തുത പരിശോധിക്കണമെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വകുപ്പ് ട്വീറ്റില്‍ വക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.