
സ്വന്തം ലേഖകൻ: അബുദാബിയിൽ ആവശ്യമെങ്കിൽ മുഴുവൻ ആളുകളെയും കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കാൻ നീക്കം. കൊവിഡ് നിയന്ത്രണത്തിൽ ഇളവു വരുത്തുന്നതിനു മുൻപ് വ്യാപക കൊവിഡ് പരിശോധന നടത്താനാണ് ആലോചിക്കുന്നതെന്ന് അബുദാബി ആരോഗ്യ വിഭാഗം ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽ കാബി പറഞ്ഞു.
ഇതിന്റെ ഭാഗമായി നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ തോറും സൗജന്യ പരിശോധന വ്യാപകമാക്കിവരികയാണ്. വൈറസ് മുക്ത എമിറേറ്റാക്കുന്നതിനായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന വ്യാപകമാക്കുന്നതിലൂടെ രോഗബാധിതര കണ്ടെത്തി മതിയായ ചികിത്സ ഉറപ്പുവരുത്തും. ആവശ്യമുള്ളവരെ ഐസലേഷനിലും ക്വാറന്റീനിലും ആക്കും. ഇതിലൂടെ രോഗ വ്യാപനം തടയാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
സ്വദേശികൾ, വീട്ടുജോലിക്കാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, 50ന് മുകളിൽ പ്രായമുള്ളവർ, കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ, സമ്പർക്കം പുലർത്തിയവർ തുടങ്ങിയവർക്കെല്ലാം പരിശോധന സൗജന്യമാണ്. ഷോപ്പിങ് മാൾ, എയർപോർട്ട്, റസ്റ്ററന്റ് തുടങ്ങി അപകട സാധ്യത കൂടിയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 2 ആഴ്ചയിൽ ഒരിക്കൽ പരിശോധ നിർബന്ധമാണ്.
ഖത്തറില്‍ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ടെസ്റ്റ്
ഖത്തറില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്കും കൊവിഡ് ടെസ്റ്റിനുള്ള സാംപിളുകള്‍ ശേഖരിക്കാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അയച്ചു. സ്രവങ്ങളെടുത്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് അയക്കുകയാണ് വേണ്ടത്. അതേസമയം റാപ്പിഡ് ടെസ്റ്റിന് അനുമതിയില്ല
മതിയായ രോഗലക്ഷണങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, അഡ്മിറ്റ് ചെയ്യപ്പെട്ടവര്‍, സര്‍ജറി വേണ്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, വിദേശയാത്രകള്‍ക്കായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവര്‍ എന്നിവരെയാണ് ടെസ്റ്റിനായി പരിഗണിക്കേണ്ടത്.
ഓരോ ടെസ്റ്റിനും സ്വകാര്യ ആശുപത്രികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിശ്ചിത തുക ഈടാക്കും. ആ തുകയേക്കാള്‍ അമ്പത് റിയാലിലധികം രോഗികളില്‍ നിന്നും ആശുപത്രികള്‍ ഈടാക്കാന്‍ പാടില്ല. ടെസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാനായി ആശുപത്രികളില്‍ പ്രത്യേക റൂം സജ്ജീകരിക്കണം.
താല്‍പ്പര്യമുള്ള ആശുപത്രികള്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പ്രത്യേക അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിച്ച് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അനുമതി നല്‍കൂ.
ഒമാനില്‍ കൊവിഡ് ബാധിച്ച് പ്രവാസി മരണങ്ങള്‍ കൂടുന്നു
ഒമാനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന പ്രവാസികള്‍ വര്‍ധിക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിതരില്‍ കൂടുതലും പ്രവാസികളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മരണപ്പെട്ടവരില്‍ 83 പേര്‍ പ്രവാസികളാണ്. ഇവരില്‍ ഒൻപത് മലയാളികളും ഉള്‍പ്പെടുന്നു. നിലവില്‍ 16,974 പ്രവാസികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11,592 ഒമാന്‍ പൗരന്‍മാരും ഇതുവരെ രോഗബാധിതരായി. ആകെ കൊവിഡ് ബാധിതരില്‍ 60 ശതമാനവും പ്രവാസികളാണ്.
അതേസമയം, 896 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 806 പേര്‍ രോഗമുക്തി നേടി. പുതുതായി കൊവിഡ് ബാധിച്ചവരില്‍ 505 പേരും പ്രവാസികളാണ്. 391 ഒമാന്‍ പൗരന്‍മാരും. രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 14,780 ആയി. വൈറസ് ബാധിതരായി മൂന്നുപേര്‍ കൂടി ഇന്നു മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 128 ആയി. 24 മണിക്കൂറിനിടെ 2, 448 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല