1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2020

സ്വന്തം ലേഖകൻ: തജിക്കിസ്ഥാനിൽ നിന്നു വരുന്നത് ഉൾപ്പെടെ 10 വിമാനങ്ങൾ പ്രവാസികളുമായി ഇന്നു കൊച്ചിയിലേക്ക്. 1,620 പ്രവാസികൾ ഈ വിമാനങ്ങളിൽ നാട്ടിലെത്തും. പുലർച്ചെയാണ് 171 യാത്രക്കാരുമായി തജിക്കിസ്ഥാനിൽ നിന്നു സോളമൻ എയർ വിമാനം എത്തുക. 146 മലയാളികൾ ഈ വിമാനത്തിലുണ്ടാകും. ഇവർക്കു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സ്വദേശികളും ഈ വിമാനത്തിൽ വരും.

മധ്യ ഏഷ്യൻ രാജ്യത്തു നിന്നു കൊച്ചിയിലേക്കുള്ള മൂന്നാമത്തെ രക്ഷാദൗത്യ സർവീസ് ആണിത്. നേരത്തേ അർമീനിയ, കസഖ്സ്ഥാൻ എന്നിവിടങ്ങളിൽ നിന്നു ചാർട്ടർ ചെയ്ത വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. ഇതിനു പുറമേ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനവും പുലർച്ചെ എത്തും. കുവൈത്തിൽ നിന്നു 4 വിമാനങ്ങൾ ഇന്നു വരുന്നുണ്ട് ഗോ എയർ വിമാനങ്ങൾ ഉച്ചയ്ക്കു 2നും 3നും ആണ് എത്തുക. എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് 6.30നും ജസീറ വിമാനം രാത്രി 11.30നും എത്തും.

ഗോ എയറിന്റെ അബുദാബി വിമാനം വൈകിട്ട് 4നും ദോഹ വിമാനം 5നും കൊച്ചിയിലെത്തും. എയർഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനം വൈകിട്ട് 5ന് ദോഹയിൽ നിന്നെത്തും. ഇൻഡിഗോയുടെ ദമാമിൽ നിന്നുള്ള വിമാനം രാത്രി 8.35നു വരും. ഇന്നലെ 7വിമാനങ്ങളിലായി 1,158 യാത്രക്കാരാണ് വിദേശത്തു നിന്നു കൊച്ചിയിലെത്തിയത്. ആഭ്യന്തര സെക്ടറിൽ 11 വിമാനങ്ങൾ കൊച്ചിയിലെത്തി. അത്രയും വിമാനങ്ങൾ ഇവിടെ നിന്നു വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുകയും ചെയ്തു.

യാത്രക്കാരുമായി ഫ്ലൈ ദുബായ് എയർലൈൻസിന്റെ 2 ചാർട്ടേഡ് വിമാനം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. ഇന്നലെ വൈകിട്ട് 4.55 ന് 5 കുട്ടികൾ അടക്കം 194 യാത്രക്കാരും രാത്രി 7.15ന് 4 കുട്ടികൾ അടക്കം 193 യാത്രക്കാരുമാണ് എത്തിയത്. ആദ്യമായാണ് ഫ്ലൈ ദുബായ് വിമാനം കണ്ണൂരിൽ യാത്രക്കാരുമായി എത്തുന്നത്. കിയാൽ ജലാഭിവാദ്യം ചെയ്താണ് സ്വാഗതം ചെയ്തത്.

കണ്ണൂരിൽ ഇറങ്ങുന്ന നാലാമത്തെ വിദേശ കമ്പനിയാണ് ഫ്ലൈ ദുബായ് എയർ ലൈൻ. കുവൈത്ത് എയർവേസ്, ജസീറ എയർവേസ്, സലാം എയർ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരുമായി കണ്ണൂരിൽ എത്തിയത്. ഇതോടെ സലാം എയർ, ഫ്ലൈ ദുബായ് 2 സർവീസുകൾ വീതവും ജസീറ എയർവേസ് 1 സർവീസും നടത്തി. വരും ദിവസങ്ങളിൽ‌ കണ്ണൂരിലേക്ക് വിദേശ വിമാന കമ്പനികളുടെ കൂടുതൽ സർ‌വീസുകൾ ഉണ്ടാകും.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി 19 വരെ യുഎഇയിൽ നിന്ന് എയർ ഇന്ത്യയ്ക്ക് കണ്ണൂരിലേക്ക് സർവീസുകൾ ഉണ്ട്. ഗോ എയറും കുവൈത്ത്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് ചാർട്ടേഡ് സർവീസുകൾ നടത്തുന്നുണ്ട്. ഇൻഡിഗോയും ചാർട്ടേഡ് സർവീസിന് തയാറെടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.