
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു. മരിച്ച മലയാളികളുടെ എണ്ണം 255ആയി. അതേസമയം താമസ വീസയുള്ളവര്‍ക്ക് ദുബായിലേക്ക് ഇന്നു മുതല്‍ മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.
തൃശ്ശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദ് ഒമാനിലും, എറാണാകുളം കോതമംഗലം സ്വദേശിനി ബിജി ജോസ് ദമാമിലുമാണ് മരിച്ചത്. 25 വര്‍ഷമായി അല്‍ ഹസ്സയില്‍ നഴ്‍സായി പ്രവര്‍ത്തിക്കുകയായിരുന്നു ബിജി. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 255 ആയി. ആകെ മരണം 2185. കൊവിഡ് ബാധിതരുടെ എണ്ണം 3,80,358കടന്നു.
അബുദാബിയിലേക്കുള്ള പ്രവേശന നിരോധനം നീട്ടി
ഇതര എമിറേറ്റിൽനിന്നു അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടി. എന്നാൽ അബുദാബിക്കുള്ളിൽ മേഖലാ സഞ്ചാര നിയന്ത്രണം പിൻവലിച്ചു. നാളെ രാവിലെ 6 മുതൽ അൽദഫ്റ, അൽഐൻ എന്നിവിടങ്ങളിലുള്ളവർക്ക് അബുദാബിയിലേക്കു പ്രവേശിക്കാൻ അനുമതി വേണ്ട.
ഇതര എമിറേറ്റിൽനിന്നുള്ള ചരക്കുനീക്കം തടയില്ല. പ്രത്യേക അനുമതിയുള്ളവരെയും കടത്തിവിടും. അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റിലേക്കു പോകാനും അനുവദിക്കും. പക്ഷേ അബുദാബി പൊലീസിൽനിന്നുള്ള മൂവിങ് പെർമിറ്റ് ഇല്ലാതെ തിരിച്ചുവരാൻ സാധിക്കില്ല.
ഇതേസമയം രാത്രി 10 മുതൽ രാവിലെ 6 വരെ അണുവിമുക്ത പദ്ധതി പുരോഗമിക്കുന്നതിനാൽ സഞ്ചാര നിയന്ത്രണം തുടരും. തൊഴിലാളികൾ അബുദാബിയിലേക്കു വരുന്നതിനും പോകുന്നതിനുമുള്ള വിലക്കുണ്ട്. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയുടെയും അബുദാബി ആരോഗ്യവിഭാഗത്തിന്റെയും അബുദാബി പൊലീസിന്റെയും തീരുമാനം അനുസരിച്ചാണിത്.
എമിറേറ്റ് അതിർത്തിയിൽ അബുദാബി പോലീസ് സ്വകാര്യ വാഹനങ്ങൾ തടയുന്നു
വിമാനത്താവളത്തിലേക്കു പോകുന്നവർക്ക് സഞ്ചാര നിയന്ത്രണത്തിൽ അബുദാബി പൊലീസ് ഇളവ് പ്രഖ്യാപിച്ചെങ്കിലും അതിർത്തിയിലെ ഉദ്യോഗസ്ഥർ കടത്തിവിടുന്നില്ലെന്ന് പരാതി. ഇതുമൂലം പലരുടെയും നാട്ടിലേക്കുള്ള യാത്ര മുടങ്ങി. സ്വകാര്യ വാഹനങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെയാണു തടയുന്നത്.
സ്വകാര്യവാഹനങ്ങളിൽ അബുദാബിയിലേക്കു പ്രവേശിക്കുന്നവരിൽ പലരും യഥാസമയം തിരിച്ചു പോകുന്നില്ലെന്ന് കണ്ടെത്തിയതിനാലാണ് വിമാനത്താവളത്തിലേക്കു ടാക്സിക്കു മാത്രം അനുമതി നൽകുന്നത് എന്നാണ് സൂചന.
കർഫ്യൂ പിൻവലിച്ചിട്ടും സജീവമാകാതെ സൌദി
സൌദിയിൽ ഞായറാഴ്‌ച മുതൽ പൂർണമായും കർഫ്യു പിൻവലിക്കുകയും മുഴുസമയ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്‌തെങ്കിലും കമ്പോളങ്ങളും നിരത്തുകൾ അത്രത്തോളം സജീവമായില്ല. മൂന്നു മാസമായി അടഞ്ഞു കിടന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും തുറന്നു കിട്ടിയത്തിന്റെ ആവേശമോ തിരക്കോ അനുഭവപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ആളുകൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയും ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ കൃത്യമായി പിന്തുടരുകയും ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. പൊതുസ്ഥലങ്ങളിലും മാളുകളിലും പ്രായം കുറഞ്ഞവരെയാണ് ഭൂരിപക്ഷവും കാണപ്പെട്ടത്. വാണിജ്യ സർക്കാർ ഓഫീസികളിൽ സാമൂഹിക അകലം പാലിക്കുന്നതിന് 75% ഹാജർ നില മതി എന്ന് അഭ്യന്തര മന്ത്രാലയവും നിഷ്കർശിക്കുന്നുണ്ട്.
മുഴുവൻ സ്ഥാപങ്ങളും കൃത്യമായ പ്രതിരോധ മുൻകരുതൽ നടപടികൾ കൈകൊണ്ടാണ് സന്ദർകരെയും ജീവനക്കാരെയും സ്വീകരിച്ചത്. പ്രവേശന കവാടത്തിൽ താപനില അളക്കാനുള്ള സംവിധാനം, അണുനശീകണ ലായനികൾ, മുഖാവരണങ്ങൾ, കൈയുറകൾ എന്നിവ തയ്യാറാക്കിയിരുന്നു. സൂപ്പർമാർക്കറ്റുകളും മാളുകളും ജനങ്ങളെ സ്വീകരിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. സാമൂഹിക അകലം ഉൾപ്പെടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോരുത്തരേരയും കടത്തി വിടുന്നത്.
അതേസമയം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ആരോഗ്യ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന വിവിധ സംഘങ്ങൾ ഓഫീസുകളും സ്ഥാപങ്ങളും ഉൾപ്പെടെ വ്യക്തികളുടെ ചലനങ്ങളും നിർദേശ പാലനവും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മേഖലകൾ തിരിച്ച നിരവധി പ്രോട്ടോക്കോളുകളാണ് അധികൃതർ ഇറക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല