1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2020

സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബൈയിൽ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി എടയല വീട്ടിൽ നസിമുദ്ധീനാണ് (71) മരിച്ചത്. ഏപ്രിൽ 28 മുതൽ ദുബൈ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 47 വർഷമായി അബൂദബിയിലുള്ള ഇദ്ദേഹം റാപ്കോ കമ്പനിയുടെ ജനറൽ മാനേജരാണ്.

തിരുവനന്തപുരം മുട്ടട സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഷാർജ ആർട്ട് ഫൗണ്ടേഷൻ ജീവനക്കാരൻ അശ്വനി കുമാറാണ് (45) മരിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഷാർജ കുവൈത്തി ആശുപതിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം യു.എ.ഇയിൽ സംസ്കരിക്കും.

ദുബായ് എമിറേറ്റിൽ ജോലിയും ഷാർജയിൽ താമസവുമാക്കിയവർക്ക് ലോക്ഡൗൺ സമയത്ത് പ്രവേശിച്ചാലും പിഴയുണ്ടാകില്ലെന്ന് ഷാർജ പൊലീസ്. അണുവിമുക്ത യജ്ഞത്തിന്റെ ഭാഗമായി രാത്രി എട്ടുമണി മുതലാണ് എമിറേറ്റിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗതാഗത നിയന്ത്രണമേർപ്പെടുത്തിയ സമയത്ത് ഷാർജ വഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ഷാർജ പൊലീസ് മേധാവി മേജർ സൈഫ് അൽ റസ്സി അശ്ശാംസിയാണ് ഇക്കാര്യം അറിയിച്ചത്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 32,532 പേർക്കാണ് യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 258 പേർ മരിച്ചു.

അതേസമയം വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലേക്കു പോകാനായി റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരിൽ നിരവധി പേർക്ക് ദുരനുഭവം. എംബസിയും എയർലൈനും ഒരുപോലെ കയ്യൊഴിയുന്നതിനാൽ നട്ടം തിരിയുകയാണ് പലരും. നാട്ടിലേക്കു പോകാനുള്ള പട്ടികയിൽ ഉൾപെട്ടിട്ടുണ്ടെന്ന് എംബസിയിൽനിന്ന് അറിയിപ്പു ലഭിച്ചിട്ടും വിമാന ടിക്കറ്റ് കിട്ടുന്നില്ലെന്നാണ് പരാതി.

സൌദി

സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. ആഭ്യന്തര വിമാന സർവ്വീസുകളും, റോഡ്, റെയിൽ ഗതാഗത സംവിധാനങ്ങളുമാണ് പുനരാരംഭിക്കുന്നത്. രാജ്യത്ത് ഘട്ടം ഘട്ടമായി കർഫ്യൂവിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ് ജാഗ്രതയുടെ ഭാഗമായി നിര്‍‌ത്തിവെച്ചിരുന്ന പൊതുഗതാഗത സംവിധാനങ്ങളാണ് അടുത്ത ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 11 വിമാന താവളങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ആഭ്യന്തര വിമാന സർവ്വീസുകളും ഞായറാഴ്ച പുനരാരംഭിക്കും.

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പിയാണ് മരിച്ചത്. 48 വയസായിരുന്നു. ദമ്മാം ജുബൈല്‍ മുവാസാത്ത് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച് മുമ്പാണ് ഇദ്ദേഹം കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.

ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 29 ആയി. 80,185 കൊവിഡ് രോഗികളാണ് രാജ്യത്ത് നിലവിലുള്ളത്. മരണം 441.

കുവൈത്ത്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3396 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയ കുവൈത്തിൽ 845 പേർക്കാണ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24,112 ആയി. പുതിയ രോഗികളിൽ 208 പേർ ഇന്ത്യക്കാരാണ്. 7603 ഇന്ത്യക്കാർക്കാണ് ഇതുവരെ കുവൈത്തിൽ കൊവിഡ് ബാധിച്ചത്.

24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

അതിനിടെ കുവൈത്തിൽ കോവിഡ് ബാധിച്ചു മലയാളി വീട്ടമ്മ മരിച്ചു. പത്തനംതിട്ട തിരുവല്ല ആമല്ലൂർ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്നു.

ഖത്തർ

കോവിഡ് രോഗബാധയെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് പേര്‍ കൂടി മരിച്ചു.
പുതുതായി 1967 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ എണ്ണമാണിത്. ആകെ രോഗികളുടെ എണ്ണം 50,914 ആയി ഉയർന്നു. 33 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണവും റെക്കോര്‍ഡ് കടന്നു. 2116 പേര്‍ക്കാണ് ഏറ്റവും ഒടുവിൽ രോഗം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 15,399 ആയി. 261 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രോഗം മൂര്‍ച്ചിച്ച 23 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ആകെ 214 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

ഒമാൻ

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് 636 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം രോഗം കൂടിയവരുടെ ഉയർന്ന എണ്ണമാണിത്. മൊത്തം രോഗ ബാധിതരുടെ എണ്ണം 9009 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 291 പ്രവാസികളും 345 പേർ ഒമാനികളുമാണ്. ഇന്ന് ഒരു ഒമാനി പൗരൻ കൂടി മരിച്ചതോടെ മരണപ്പെട്ടവരുടെ എണ്ണം 40 ആയി. രോഗ വിമുക്തരായവരുടെ എണ്ണം 2117 ആയി ഉയരുകയും ചെയ്തു. 6014 പേരാണ് നിലവിൽ രോഗികളായി ഉള്ളത്.

ഒമാനില്‍ നിന്നുള്ള പ്രവാസികളുടെ മടക്ക യാത്രയുടെ മൂന്നാം ഘട്ട ഷെഡ്യൂളില്‍ ആദ്യ സര്‍വീസുകള്‍ വ്യാഴാഴ്ച തുടങ്ങും. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കും സലാലയില്‍ നിന്ന് കണ്ണൂരിലേക്കുമാണ് വിമാനങ്ങള്‍. മസ്‌കത്തില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് ഏഴ് മണിക്ക് കോഴിക്കോട്ടെത്തും.

ഒമാനില്‍ നിന്നുള്ള മൂന്നാം ഘട്ട ഷെഡ്യൂളില്‍ കേരള സെക്ടറുകളിലേക്ക് 10 സര്‍വീസുകളും മറ്റു ഇന്ത്യന്‍ സെക്ടറുകളിലേക്ക് അഞ്ച് സര്‍വീസുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്കും ശനിയാഴ്ച മസ്‌കത്തില്‍ നിന്ന് ജൈപൂര്‍, അഹമദാബാദ്, തിരുവനന്തപുരം സെക്ടറുകളിലേക്കുമാണ് സര്‍വീസുകള്‍. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്ക് മുന്‍ഗണനാ ക്രമത്തില്‍ ആളുകളെ പരിഗണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.