
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. 24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 333,475 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9,524 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 153106 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇത് ആശ്വാസകരമായാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. 169,987 പേർക്കാണ് രോഗ മുക്തി. അതായത്, രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 50 ശതമാനത്തിലേറെ പേര്‍ക്ക് രോഗം ഭേദമായി.
തമിഴ്‌നാട്ടിലെ നാല് ജില്ലകൾ അടച്ചു
തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവ.
അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ രോഗം സ്ഥിരീകരിച്ച 277 പേരെ കാണാനില്ല. പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍, പൊലീസ് സഹായം തേടി. ചെന്നൈയില്‍ മാത്രം 31,896 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കല്‍പേട്ട്-2882, തിരുവള്ളൂര്‍-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.
ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. കണ്ടെയിന്‍മെന്റ് സോണുകളിലെ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ഹോട്ടലുകളില്‍ ഭക്ഷണം പാഴ്സല്‍ വിതരണം ചെയ്യാം. ഓട്ടോ-ടാക്സി സര്‍വീസുകള്‍ക്ക് അനുമതി ഇല്ല. എന്നാല്‍ അത്യാവശ്യസര്‍വീസുകള്‍ക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാം.
ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് കേന്ദ്രം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍. കോവിഡിനെ നേരിടാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷി യോഗത്തിൽ പറഞ്ഞു.
ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷായാണ് നേതൃത്വം നൽകുന്നത്. ഇന്നലെ ലഫ്. ഗവർണർ, മുഖ്യമന്ത്രി, മേയർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് സർവകക്ഷി യോഗം വിളിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിൽക്കണം. അത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഡല്‍ഹിയിലെ ആശുപത്രികളില്‍ നിലവിലുള്ള മോര്‍ച്ചറികളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിശോധനാ ശേഷി വര്‍ധിപ്പിക്കണമെന്നും ഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും ലാബുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 500 ഐസലേഷന്‍ കോച്ചുകള്‍ ഡല്‍ഹിക്ക് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
ജൂലായ് മുതല്‍ സ്‌കൂളുകള്‍ തുറക്കാൻ മഹാരാഷ്ട്ര
ജൂലൈ മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുക. ഒരു മാസത്തിനിടയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.
ഒരു മാസത്തിനുള്ളില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശത്തെ സ്‌കൂളുകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു. വിദര്‍ഭ ഓണ്‍ലൈന്‍ സ്‌കൂളുകള്‍ ജൂണ്‍ 26 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 9,10,12 ക്ലാസുകളായിരിക്കും ജൂലായ് മുതല്‍ ആരംഭിക്കുക.
ലോകത്ത് 80 ലക്ഷത്തിലധികം കൊവിഡ് രോഗികൾ
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 ലക്ഷവും കടന്ന് മുന്നോട്ട്. 8,028,846 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 3,248 പേരാണ്. ആകെ മരണം 436,293.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 19,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 326 പേര്‍ മരിച്ചു. 2,162,054 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രസീലില്‍ 17,000 പുതിയ രോഗികളാണുള്ളത്. 24 മണിക്കൂറിനിടെ ബ്രസീലില്‍ 598 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ബ്രസീലില്‍ രോഗം ബാധിച്ചവരുടെ എണ്ണം 867,882 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല