1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 89 പേരാണ്. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു.

കണ്ണൂർ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. രോഗബാധിതരുടെ ബന്ധുക്കൾ നഗരത്തിലെ പല കടകളിലും എത്തിയതിനെ തുടര്‍ന്നാണ് നടപടി. ആളുകൾ ഇപ്പോഴും നഗരത്തിലേക്ക് വരുന്നത് പൊലീസിന് വെല്ലുവിളിയാണ്. സമ്പർക്ക രോഗബാധ കൂടുന്നതിനാൽ ജില്ല മുഴുവൻ ജാഗ്രതയിലെന്നും കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് ബാധിച്ച് 28 വയസുകാരനായ എക്സൈസ് ഡ്രൈവർ മരിച്ചതോടെയാണ് കണ്ണൂരിൽ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയത്. ബ്ലാത്തൂർ സ്വദേശിയായ കെ പി സുനിലിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുകയാണ്. സമ്പർക്കത്തിലൂടെ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കണ്ണൂ‍ർ നഗരം പൂ‍ർണമായി അടച്ചു. ഇതിനിടെ ദില്ലിയിൽ നിന്ന് എത്തി ക്വാറന്റീനിലായിരുന്ന ജവാനും സുഹൃത്തും ബൈക്ക് അപകടത്തിൽ മരിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്,

ഇന്ന് അയ്യങ്കാളി സ്മൃതി ദിനമാണ് . 1941 ജൂൺ 18 നാണ് അയ്യങ്കാളി നമ്മെ വിട്ട് പിരിഞ്ഞത്. മനുഷ്യരിൽ ഒരു വലിയ വിഭാഗത്തെ മനുഷ്യരായി കാണാൻ കൂട്ടാക്കാതിരുന്ന അന്ധകാരം നിറഞ്ഞ കാലഘട്ടത്തെ വകഞ്ഞ് മാറ്റാൻ ത്യാഗപൂര്‍വ്വം ശ്രമിച്ച സാമൂഹിക പരിഷ്കര്‍ത്താവാണ് അയ്യങ്കാളി. അദ്ദേഹത്തിന്‍റെ സ്മരണ അനശ്വരമാക്കാനാണ് വിജെടി ഹാളിനെ അയ്യങ്കാളി ഹാളെന്ന് നാമകരണം ചെയ്തത്. കൊവിഡ് പ്രതിരോധ ഘട്ടത്തിലും മനുഷ്യരെയാകെ മനുഷ്യരായി കാണാൻ ശീലിപ്പിച്ച അയ്യങ്കാളിയെ പോലുള്ളവര്‍ നമുക്ക് പ്രചോദനമാണ്

97 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 89 പേരാണ്. ഒരാൾ മരിച്ചു. കണ്ണൂരിൽ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ സുനിലാണ് മരിച്ചത് . 65 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ 29 പേര്‍ വന്നു. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്: മഹാരാഷ്ട്ര 12, ദില്ലി 7, തമിഴ്‍നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഒറീസ് 1. ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11. പോസിറ്റീവായവര്‍: പാലക്കാട് 14, കൊല്ലം13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9 ,എറണാകുളം തൃശ്ശൂര്‍ ഇടുക്കി 6 വീതം, തിരുവനന്തപുരം കോഴിക്കോട് 5 വീതം മലപ്പുറം കണ്ണൂര്‍ 4 വീതം കാസര്‍കോട് 3.

ഇന്ന് 4817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1358 പേര്‍ ഇപ്പോൾ ചികിത്സയിലാണ്. 126839 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവര്‍ 1967 പേരാണ്. ഇന്ന് ആശുപത്രിയിൽ 190 പേരെ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108 ആയി.

റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കൊവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനെറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ കേരളം തയ്യാറെടുക്കുന്നു. എയര്‍ലൈൻ കമ്പനികളുമായി ഇതിന് വേണ്ടി ചര്‍ച്ചകൾ നടക്കുന്നുണ്ട്. യുഎഇയിലും ഖത്തറിലും സംവിധാനം ഉണ്ട് . സൗദി അറേബ്യ, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നി രാജ്യങ്ങളി നിന്ന് അടക്കം ഇതിന് സൗകര്യം ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് തിരിച്ച് വരാനുള്ളവര്‍ക്ക് ഇത് സഹായകമാകും.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന കൊവിഡ് ബാധിതരിൽ 327 പേര്‍ റോഡ് വഴിയും 128 പേര്‍ ട്രെയിനിലും ആണ് കേരളത്തിലേക്ക് എത്തിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകളെത്തിയത്. നമ്മുടെ ജാഗ്രത കൂട്ടേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. ഒരു മേഖലയാകെ സ്തംഭിക്കുന്ന വിധത്തിലാണ് രോഗ വ്യാപനം വരുന്നത്. പകുതി ആളുകൾ മാത്രമെ ഓഫീസുകളിൽ ഉണ്ടാകാവു. വീടുകളിൽ ജോലി ചെയ്യുന്നതാണ് നല്ലത്. ഓഫീസ് മീറ്റിങ്ങുകൾ അടക്കം ഓൺലൈനിലാക്കണം. അയൽ സംസ്ഥാനത്ത് സെക്രട്ടേറിയറ്റിൽ പോലും കൊവിഡ് മരണം ഉണ്ടായി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ചീഫ് സെക്രട്ടറി തന്നെ മുൻകയ്യെടുക്കണം. കൊവിഡ് ഡ്യൂട്ടിക്ക് ആളുകളെ അതാത് ജില്ലകളിൽ നിന്ന് എടുക്കണം. കുടുംബവുമായി ഇടപഴകരുത്. വീഴ്ചകൾ പരിശോധിക്കാനും തിരുത്താനും നടപടി ഉണ്ടാകും. രോഗ വ്യാപന നിരക്ക് കൂടിയാൽ കൂടുതൽ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആവശ്യമായി വരും. ഇപ്പോൾ സര്‍വ്വീസിലുള്ള 45 വയസ്സിൽ താഴെയുള്ളവരിൽ നിന്ന് ആളുകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകും. മറ്റ് കോഴ്സുകൾ പഠിക്കുന്നവരും തൊഴിലന്വേഷിക്കുന്നവരും റിട്ടയര്‍ ചെയ്തവരും അടക്കം ഉള്ളവരെ മിഷൻ അടിസ്ഥാനത്തിൽ പരിശീലനം നൽകി ഒരുക്കിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരെയും താൽപര്യമുള്ള യുവാക്കൾക്കുമെല്ലാം ഇതോടൊപ്പം ചേരാവുന്നതാണ്.

കൊവിഡ് പ്രതിരോധത്തിന് പങ്കാളികളാകുന്ന എല്ലാവരും അനുമോദനം അര്‍ഹിക്കുന്നു. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനമാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ചെയ്യുന്നത്. പൊലീസ് ഫയര്‍ ആന്‍റ് റെസ്ക്യു വിഭാഗങ്ങൾ അടക്കം ത്യാഗനിര്‍ഭരമായി പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. ഒരു രീതിയിലും അവരെ തളര്‍ത്താതിരിക്കാനും ആവശ്യമായ വിശ്രമം അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ അവസരമൊരുക്കും.

ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ ജാഗ്രത കുറഞ്ഞോ എന്ന് തോന്നും. എനക്കിതൊന്നും ബാധകമല്ലെന്ന മട്ടിലാണ് പലരും നീങ്ങന്നത്. മോളുകളും കമ്പോളങ്ങളിലും തിരക്കേറുന്നു. ശാരീരിക അകലം സാനിറ്റൈസര്‍, സോപ്പ് ഉപയോഗവും എല്ലാം കുറയുകയാണ്. സംസ്ഥാനത്ത് ഉടനീളം ഇതാണ് സ്ഥിതി. ഗൗരവമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകും. പലരും കൂട്ടായി വാഹനങ്ങൾ വാടകക്കെടുത്ത് യാത്ര ചെയ്യുന്നു. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് തടസങ്ങൾ ഉണ്ടാക്കരുതെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തേക്ക് വൻതോതിൽ ചരക്കെത്തുന്ന തമിഴ്നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കൊവിഡ് നിരക്ക് ചരക്ക് ഗതാഗതത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കൊവിഡ് രോഗികളുടെ താമസ സ്ഥലത്തിന് സമാപത്തെ ഏതാനും വീടുകൾ ഉൾപ്പെടുത്തി മൈക്രോ കണ്ടെയിൻമെന്റ് സോൺ നടപ്പാക്കും. ഇപ്പോൾ കൊവിഡ് ബാധയുണ്ടായാൽ ആ വര്‍ഡാകെ കണ്ടെയ്ൻമെന്റ് സോണാകുക എന്ന പതിവ് ഇതോടെ മാറും. പുതിയ സംവിധാനത്തിൽ ചെറിയൊരു മേഖലയെ മാത്രം ക്ലസ്റ്ററാക്കാനാണ് ഉദ്ദേശിക്കുന്നത്.

ക്വാറന്റൈനിൽ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാരേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി. ജനമൈത്രി മൊബൈൽ ബീറ്റ് പാട്രോളിംഗിന് പുറമെ ആണിത്. പൊലീസുകാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ചെറിയ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ വരുന്നു. കുടുംബ സാഹചര്യവും മരണകാരണവും അടക്കം വിശദമായ പഠനം നടത്തും.

എല്ലാ വിമാനയാത്രക്കാരും നിര്‍ബന്ധമായും കൊവിഡ് ജാഗ്രതാ വെബ്സൈറ്റിൽ റിപ്പോര്‍ട്ട് ചെയ്യണം. വരുന്ന ആളുകളുടെ വിവരം ലഭ്യമാക്കുന്നത് വഴി തദ്ദേശ സ്ഥാപനങ്ങൾ വഴി അവര്‍ക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കും. വൈദ്യുതി ഉപഭോഗം കൂടുന്ന സമയമാണ് ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങൾ . ലോക്ക് ഡൗൺ ആയതുകാരണം ഉപയോഗം കൂടി. നാല് മാസത്തെ ബിൽതുക ഒരുമിച്ച് കിട്ടയതോടെ പലരും അമ്പരന്ന് നിൽക്കുന്ന അവസ്ഥയാണ്. താരിഫിലോ വൈദ്യുതി നിരക്കിലോ ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. പിശകുകൾ ഉണ്ടെങ്കിൽ തിരുത്താൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. ഒന്നിച്ച് പണം അടക്കാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടക്കാൻ സൗകര്യം നൽകും. കൊവിഡ് കാലത്ത് ബില്ല് അടക്കാത്തത് കൊണ്ട് മാത്രം ആരുടെയും കണക്ഷൻ വിച്ഛേദിക്കില്ല.

കുറഞ്ഞ ഉപയോഗം ഉള്ളവര്‍ക്കും സൗജന്യങ്ങൾക്ക് അര്‍ഹത ഉണ്ടായിരുന്നതുമായ ഉപഭോക്താക്കൾക്ക് ഉയര്‍ന്ന ബില്ല് വന്നത് പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചില പ്രധാന തീരുമാനങ്ങൾ കൂടി എടുത്തിട്ടുണ്ട്. നാൽപത് യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഇത്തരക്കാര്‍ക്ക് ഉപയോഗിച്ച വൈദ്യുതിയുടെ കണക്കെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

നാൽപത് യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ ഒരു രൂപ 50 പൈസയാണ് നിരക്ക്. ഇപ്പോഴുണ്ടായ ഉപഭോഗം എത്രയായാലും 1.50 രൂപ വച്ചു തന്നെ ബില്ലിടും. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപയോഗിച്ച വൈദ്യുതി ബില്ലിൽ തുകയുടെ പകുതി സബ്സിഡി നൽകും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധികം ഉപയോഗിച്ച വൈദ്യുതി ബില്ലിന്‍റെ മുപ്പത് ശതമാനവും 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനവും സബ്സിഡിയുണ്ടാകും. 150 യൂണിറ്റിന് മുകളിലേക്കാണെങ്കിൽ അധികം ഉപയോഗിച്ച വൈദ്യുതി ബില്ലിന്‍റെ 20 ശതമാനം സബ്സിഡിയാണ് നൽകുക. കൊവിഡ് കാലത്തെ ബില്ല് അടക്കാൻ നേരത്തെ അനുവദിച്ച മൂന്ന് തവണ എന്നത് അഞ്ച് തവണയാക്കും . 200 കോടിയുടെ അധിക ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടാകുക. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കൾക്ക് ഇതിന്‍റെ ഗുണം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.