1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2020

സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ മരിച്ചത്. അസാധാരണായ സാഹചര്യത്തിലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം വിമാനത്തിനുള്ളില്‍ വിറയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് മലേറിയ ഉണ്ടെന്ന് ഇദ്ദേഹം എയര്‍ഇന്ത്യ ക്രൂവിനോട് പറഞ്ഞിരുന്നു.

യാത്രക്കാരന് ശ്വാസ തടസങ്ങളുണ്ടായതിനെത്തിടര്‍ന്ന് വിമാന ജീവനക്കാര്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു. എന്നാല്‍, നിലത്തേക്ക് വീഴുകയും മരിക്കുകയുമായിരുന്നു. മരണം സംഭവിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ വായിലൂടെ രക്തം വന്നിരുന്നെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് പുലര്‍ച്ചെ 3.40 ഓടെയാണ് വിമാനം മുംബൈ വിമാനത്താവളത്തില് എത്തിയത്. ലാഗോസ് വിമാനത്താവളത്തില്‍ നടത്തിയ തെര്‍മല്‍ സ്‌ക്രീനിങ്ങിലെ അപാകതകളുണ്ടായിരുന്നോ എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത പരിശോധനകള്‍ നടത്തണമെന്ന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് 42 കാരന്റെ മരണം.

എന്നാല്‍, യാത്രക്കാരന്റെ മരണത്തില്‍ അസ്വാഭാവികതകളില്ലെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. യാത്രക്കാരന് പനിയുണ്ടായിരുന്നു എന്ന ആരോപണവും എയര്‍ ഇന്ത്യ തള്ളി. അങ്ങനെയായിരുന്നെങ്കില്‍ ലാഗോസിലുള്ള തങ്ങളുടെ മെഡിക്കല്‍ സ്‌ക്രീനിങ് ടീം അത് കണ്ടെത്തുമായിരുന്നെന്നും കമ്പനി അറിയിച്ചു.

“വിമാനത്തില്‍ ജീവനക്കാര്‍ക്കൊപ്പം ഇത്തരം ഘട്ടങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒരു ഡോക്ടറും ഉണ്ടായിരുന്നു. യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്തിരുന്നു. പക്ഷേ, അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വെറുതെയായി, അദ്ദേഹം പെട്ടെന്നുതന്നെ മരിക്കുകയായിരുന്നു. മരണം ഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു,” എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനം മുംബൈയില്‍ ഇറങ്ങിയതിന് ശേഷം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും കമ്പനി വ്യക്തമാക്കി.

പനി ബാധിച്ച യാത്രികന് എങ്ങനെ വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു എന്നത് സംബന്ധിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പടെയുളള പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുന്നത്. അതിനാല്‍ തന്നെ യാത്രക്കാരന്റെ മരണം തെര്‍മല്‍ സ്‌ക്രീനിങ്ങിനെ കുറിച്ചുളള ആക്ഷേപങ്ങള്‍ക്കും കാരണമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.