
സ്വന്തം ലേഖകൻ: അമേരിക്കയിലെ മിനിയപ്പലിസിൽ പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ‌്ഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലും അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ ചർച്ചിലിന്റെ പ്രതിമ സംരക്ഷിക്കാൻ പാടുപെടുകയാണ് ബോറിസ് ജോൺസൺ സർക്കാർ. ഒരാഴ്ചയിലേറെയായി കത്തിപ്പടരുന്ന പ്രതിഷേധാഗ്നി വാരാന്ത്യത്തിൽ വീണ്ടും ശക്തിയാർജിക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
അതുകൊണ്ടു തന്നെ പാർലമെന്റ് ചത്വരത്തിലെ ചർച്ചിൽ പ്രതിമയെ കൂട്ടിലടച്ച് സംരക്ഷിക്കുകയാണ് സർക്കാർ. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനിടെ ചിലർ ചർച്ചിൽ പ്രതിമയിൽ ‘വർഗീയവാദി’ എന്ന് പെയിന്റുകൊണ്ട് എഴുതിയിരുന്നു.
മഹാത്മാഗാന്ധി, നെൽസൻ മണ്ഡേല, ഏബ്രഹാം ലിങ്കൻ, ലോയിഡ് ജോർജ്, ലോർഡ് കാനിങ് തുടങ്ങിയ ചരിത്രപുരുഷന്മാരുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് ചത്വരത്തിന് കനത്ത പൊലീസ് കാവലും സർക്കാർ ഏർപ്പെടുത്തി. കറുത്തവർഗക്കാരുടെ പ്രതിഷേധം ഭയന്നു പ്രമുഖരുടെയെല്ലാം പ്രതിമകൾക്കു സംരക്ഷണം നൽകേണ്ട സ്ഥിതിയിലാണ് സർക്കാർ.
രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അടിമ വ്യാപാരികളുടെയും അവരുമായി ബന്ധമുള്ളവരുടെയും 78 പ്രതിമകൾ ലക്ഷ്യമിട്ടാണ് പ്രക്ഷോഭകാരികളുടെ പോരാട്ടം. 80,000 ആഫ്രിക്കക്കാരെ അമേരിക്കയ്ക്കു വിറ്റ എഡ്വേർഡ് കോൾസ്റ്റന്റെ പ്രതിമ തകർത്ത് ഹാർബറിൽ താഴ്ത്തിയ ബ്രിസ്റ്റോളിലെ പ്രതിഷേധക്കാരാണ് ഈ തരംഗത്തിന് തുടക്കമിട്ടത്.
ചില പ്രതിമകൾ നീക്കം ചെയ്യുന്നതിനോട് ഭരണനേതൃത്വത്തിനും എതിർപ്പില്ലെങ്കിലും ആളുകൾ അക്രമാസക്തരായി കൂട്ടംകൂടി പ്രതിമകൾ തകർക്കുന്ന രീതി അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. പ്രതിമകൾ തകർക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ രംഗത്തെത്തി. ചർച്ചിലിന്റെ പ്രതിമ ലക്ഷ്യമിട്ടുള്ള പ്രക്ഷോഭം യുക്തിരഹിതവും രാജ്യത്തിനു തന്നെ നാണക്കേടുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നു. 292,950 കൊവിഡ് രോഗികളുമായി ലോകത്ത് അഞ്ചാമതാണ് ഇപ്പോൾ ബ്രിട്ടൻ. ഇന്ത്യ നാലാമതും. 41,481 പേരാണ് ബ്രിട്ടനിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡും പ്രക്ഷോഭങ്ങളും രാജ്യത്ത് അരങ്ങു തകർക്കുമ്പോൾ ബ്രാൻഡ് വ്യത്യാസമില്ലാതെ ഓഫർ പെരുമഴയുമായി എത്തിയിരിക്കുകയാണ് യൂറോപ്പിലെ കാർ കമ്പനികളും ഡീലർമാരും. പുതിയ കാർ മാത്രമല്ല, യൂസ്‌ഡ് കാറുകളും സീറോ പലിശയ്ക്ക് സ്വന്തമാക്കാനാണ് അവസരം. സീറോ പലിശ പതിവില്ലാത്ത യൂസ്‌ഡ് കാറുകളുടെ വിപണിയിലും വിപണിയിലെ മാന്ദ്യം പ്രതിഫലിക്കുന്നത് ആദ്യമായാണ്.
എന്നാൽ ഇയുവിൽ നിന്ന് പുറത്തുപോയതിനാൽ ഈ ഓഫർ തരംഗം ബ്രിട്ടനിൽ എങ്ങനെ പ്രതിഫലിക്കും എന്ന ആകാംക്ഷയിലാണ് കാർ പ്രേമികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല