1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2020

സ്വന്തം ലേഖകൻ: വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലെയെത്തി കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നൽകാൻ സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി. അതിർത്തിയിൽ കുടുങ്ങിയ മലയാളികള്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ഹൈക്കോടതിക്ക് കഴിയില്ല. അതുകൊണ്ട് നിയന്ത്രണങ്ങളുമായി സഹകരിക്കണം. പാസില്ലാതെ ആരും അതിർത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹർജി പരിഗണിച്ചപ്പോൾ തന്നെ ഒരാളേയും പാസില്ലാതെ അതിർത്തി കടത്തി വിടാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. പാസില്ലാതെ കടത്തിവിട്ടാൽ സർക്കാർ ഇതുവരെ സ്വീകരിച്ച നിരീക്ഷണ സംവിധാനം തകരാൻ ഇടയാക്കും. പാസില്ലാതെ ആരേയും കടത്തിവിടാനാവില്ലെന്ന് കോടതി നിർദേശിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് വാളയാറിൽ കുടുങ്ങി കിടക്കുന്നവർക്ക് മാത്രം പാസ് നൽകാൻ സര്‍ക്കാരിനോട് നിർദേശിച്ച കോടതി മറ്റുള്ളവരോട് പാസില്ലാതെ അതിർത്തി കടക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടത്. ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് മുൻഗണന നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടർന്ന് വരുന്ന ചില മാർഗ നിർദേശങ്ങളുണ്ട്.

ഇതിൽ മാറ്റം വരുത്താനോ കുറവ് വരുത്താനോ ഇടപെടുന്നതിന് കോടതിക്ക് പരിധിയുണ്ട്. പാസ് ലഭിച്ചൂവെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ യാത്ര പുറപ്പെടാവൂ എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട് സർക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്ന് പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹോട്ട്സ്പോട്ടിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് സ്വന്തം നാട്ടിൽ ക്വാറന്റൈൻ സൗകര്യമുണ്ടോ എന്ന് പരിശോധിക്കണം. അപേക്ഷിക്കുന്നവർക്ക് പരിശോധനയ്ക്ക് ശേഷം പാസ് നൽകുന്നുണ്ട്. നിലവിൽ 1,40,000 പേർ പാസിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 59000 പേർക്ക് പാസ് അനുവദിച്ചു. 26000 പേർ നാട്ടിലെത്തിയെന്നും സർക്കാർ അറിയിച്ചു.

മതിയായ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരെയാണ് കോയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയത്. വാളയാർ ചെക്ക് പോസ്റ്റിലെ 3 കിലോമീറ്റർ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. നാളെ മുതൽ പാസില്ലാതെ എത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുത്ത് തിരിച്ചയക്കാൻ പാലക്കാട് എസ്പി നിർദ്ദേശം നൽകി.

ഇന്നലെ പുലർച്ചെ 5 മണി മുതൽ വാളയാറിലെത്തിയവർ പൊരിവെയിലിൽ ദേശീയപാതയോരത്തെ കുറ്റിക്കാട്ടിലും, റോഡരികിലുമായാണ് സമയം കാത്തു നിന്നത്. മറ്റ് ദിവസങ്ങളിൽ പാസ് ലഭിച്ച ആളുകളെ രാത്രി 7 മണിയോടെ അതിർത്തി കടക്കാൻ അനുമതി നൽകി. എന്നാൽ പാസില്ലാത്തവരെ ഒരു കാരണവശാലും അതിർത്തിക്കിപ്പുറം വിടില്ലെന്ന് പൊലീസ് നിലപാടെടുത്തു.

പാസില്ലാത്തവരെ കേരളാ അതിർത്തി കടത്തരുതെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ മന്ത്രി എകെ ബാലൻ, മന്ത്രി കെ കൃഷ്ണൻ കുട്ടി എന്നിവർ ഇടപെട്ടു. അങ്ങനെ പാസില്ലാത്തവരെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.