1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധി ഉടലെടുത്തത് മുതൽ തന്നെ ഉയർന്നുകേട്ട പേരാണ് വുഹാനിലെ വൈറോളജി ലാബ്. വുഹാനിലെ പ്രാന്തപ്രദേശത്തെ മലയോര മേഖലയിലാണ് സ്ഥിതി ചെയ്യുന്ന വൈറോളജി ലാബ് വൻതോതിലുള്ള സുരക്ഷയോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് ചൈനീസ് വാദം. ചൈനയിലെ വൈറോളജി ലാബിൽ നിന്ന് ചോർന്ന വൈറസാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയതെന്ന അഭ്യൂഹങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു.

എന്നാൽ ഇതൊന്നും സമ്പൂർണമായ തെളിവുകൾ മുൻനിർത്തി സമർത്ഥിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. ഇതോടെ ലാബ് വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വുഹാനിലുള്ള വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്നണ് ചൈനീസ് ഗവേഷകർ ആവർത്തിച്ച് പറയുന്നത്.

ഏറ്റവും വലിയ വൈറസ് ബാങ്കായ എന്താണ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 1,500 ഓളം വ്യത്യസ്ത തരത്തിലുള്ള വൈറസുകളാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് സ്ഥാപനത്തിന്റെ വെബ്സൈറ്റ് നൽകുന്ന വിവരം. ചൈനയിലെ വൈറസ് ശേഖരത്തിന്റെ മുഖ്യ കേന്ദ്രം കൂടിയാണിത്. എബോള പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ള അപകടകാരികളായ ക്ലാസ് 4 വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കളെ കൈകാര്യം ചെയ്യുന്ന ഏഷ്യയിലെ ആദ്യത്തെ ഏറ്റവും സുരക്ഷയുണ്ടെന്നറിയപ്പെടുന്ന ലാബും വുഹാനിലാണുള്ളത്.

2015ൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ 3000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലാബ് 2018 മുതൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 300 മില്യൺ യുവാൻ ചെലവഴിച്ചാണ് ചൈന ലാബിന്റെ നിർമാണം പൂർത്തിയാക്കിയത്. ഫ്രഞ്ച് വ്യവസായി എലൈൻ മെരിയക്സിനായിരുന്നു നിർമാണത്തിന്റെ ചുമതല. ഇതിന് പുറമേ ഇൻസ്റ്റിറ്റ്യൂട്ടിൽ പി3 ലബോറട്ടറിയും 2012 മുതൽ പ്രവർത്തിച്ച് വരുന്നുണ്ട്.

എന്നാൽ ഇത് അടുത്ത കാലത്തൊന്നും പ്രവർത്തിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ പ്രതിരോധവും നിയന്ത്രണവും ഉണ്ടെന്നും ആളുകൾ പരിഭ്രാന്തരാകണ്ടതില്ലന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളിൽ മാത്രം വിശ്വസിക്കൂ എന്നാണ് ഈ കോംപ്ലക്സിന് പുറത്ത് പതിച്ചിട്ടുള്ള പോസ്റ്റർ. അഭ്യൂഹങ്ങൾ പരത്തരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

വൈറസ് പുറത്തുചാടിയത് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തന്നെയാണെന്ന തരത്തിലുള്ള പ്രസ്താവനയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും നേരത്തെ പ്രതികരിച്ചത്. ഇതേ ലാബിൽ നിന്ന് തന്നെയാണോ കൊറോണ വൈറസ് പടർന്നതെന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്ന ചൈനീസ് അധികൃതർക്ക് പോലും സംശയമുണ്ടെന്നാണ് പോംപിയോ പ്രതികരിച്ചത്.

അതേ സമയം വവ്വാലുകളിൽ കാണപ്പെടുന്ന സാർസിന് സമാനമായ കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിന് വേണ്ട ശേഷി ഈ ലാബിനില്ലെന്നും ചില ഗവേഷകർ പറയുന്നു. ലാബിന്റെ ഇന്റേണിന്റെ പക്കൽ നിന്ന് അബദ്ധത്തിൽ വൈറസ് പുറത്തുവന്നതാവാമെന്നാണ് യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

കൊറോണ വൈറസ് വിഷയത്തിൽ തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടൺ പോസ്റ്റും ഫോക്സ് ന്യൂസും അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വൈറസ് ലാബിനെതിരെ പരസ്യമായി രംഗത്തെത്തിയത്. അവിടെ എന്ത് സംഭവിക്കുന്നുവെന്നറിയാൻ ലോകത്തിലെ മറ്റ് ശാസ്ത്രജ്ഞർക്ക് ലാബിലേക്ക് പ്രവേശനമില്ലെന്നും പോംപിയോ ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഡിസംബർ 30ന് ലഭിച്ച സാമ്പിളിൽ പരിശോധിച്ചതിൽ നിന്ന് ജനുവരി രണ്ടിന് സാർസ് കോവ് 2 എന്ന വൈറസിനെ തിരിച്ചറിയുകയായിരുന്നുവെന്നാണ് സ്ഥാപനം പ്രസ്താവനയിൽ വ്യക്തമാക്കിയത്. വൈറസിനെക്കുറിച്ച് ജനുവരി 11ന് ലോകാരോഗ്യ സംഘടനക്ക് റിപ്പോർട്ട് സമർപ്പിച്ചെന്നുമാണ് ചൈനീസ് വാദം. വൈറോളജി ലാബിനെതിരെ ഉയർന്ന ആരോപണം നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയവും തള്ളിക്കളഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.