1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 323 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 50ല്‍ എത്തി നില്‍ക്കുന്നു. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള 11 വിദഗ്ധ സംഘങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഓരോ മിനുറ്റിലും കൊവിഡുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ കേന്ദ്രം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും ജനസംഖ്യയുളള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടെ സമൂഹ വ്യാപനമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനും സമൂഹ വ്യാപനം തടയാനുളള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുമുളള പ്രധാനമന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പിറകില്‍ നിരവധി പഠനവും വിദഗ്ധരില്‍ നിന്നുളള അഭിപ്രായ ശേഖരണവുമുണ്ട്.

പ്രധാനമന്ത്രിക്ക് ഇത് വിശ്രമം ഇല്ലാത്ത നാളുകളാണ്. ദിവസം 17 മുതല്‍ 18 മണിക്കൂര്‍ വരെ പ്രധാനമന്ത്രി ജോലി ചെയ്യുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 3 മണി വരെയും അതില്‍ കൂടുതല്‍ സമയവും അദ്ദേഹം കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. പാതിരാത്രി പോലും പ്രധാനമന്ത്രി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുകയാണ് എന്നാണ് ഉന്നത കേന്ദ്രങ്ങള്‍ പറയുന്നത്.

നിരവധി യോഗങ്ങളാണ് രാത്രികളില്‍ പോലും പ്രധാനമന്ത്രി വിളിച്ച് ചേര്‍ക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി നടപ്പിലാക്കിയ കാര്യങ്ങളുടെ ഫലം വിലയിരുത്തുന്നതിന് വേണ്ടിയാണിത്, ഉന്നത വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പ്രതികരിച്ചു. 7 ലോക് കല്യാണ്‍ മാര്‍ഗിലെ ഓഫീസിലിരുന്നാണ് പ്രധാനമന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടിരിക്കുന്നത്.

എല്ലാ ദിവസവും പ്രധാന ക്യാബിനറ്റ് മന്ത്രിമാരുമായും നരേന്ദ്ര മോദി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. ഇത് കൂടാതെയാണ് പ്രധാനപ്പെട്ട 11 ടീമുകളെയും തയ്യാറാക്കിയിരിക്കുന്നത്. മഹാമാരികളുമായി ബന്ധപ്പെട്ട വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ധര്‍ അടക്കമുളളവരുടേതാണ് 11 ടീമുകള്‍. നിലവില്‍ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അടിയന്തര മെഡിക്കല്‍ മാനേജ്‌മെന്റ് പദ്ധതിയിലാണ്.

ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത് ഡോ. വി പോളിന്റെ നേതൃത്വത്തിലുളള ടീം ആണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാര്‍ ഈ ടീമിനെ നിയന്ത്രിക്കുന്നു. പ്രധാനമന്ത്രിയിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നത് ഇവരാണ്. കൊവിഡ് പരിശോധന, പുതിയ ആശുപത്രികളും ക്വാറന്റീന്‍ സംവിധാനങ്ങളും അടക്കമുളള കാര്യങ്ങള്‍ രണ്ടാമത്തെ ടീം കൈകാര്യം ചെയ്യുന്നു.

എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ അടക്കമുളള പ്രമുഖരാണ് ഈ ടീമിലെ അംഗങ്ങള്‍. ഇവയടക്കമുളള 11 ടീമുകളാണ് രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരായ ശ്രികര്‍ പര്‍ദേശി, മയുര്‍ മഹേശ്വരി എന്നിവരും മോദിയുടെ ടീമിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര ഈ 11 ടീമുകളുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.