1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2020

സ്വന്തം ലേഖകൻ: കൊവിഡ് രോഗം വലിയ വെല്ലുവിളിയാണ് ബ്രിട്ടണിലും ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനടക്കം കൊവിഡ് ബാധിച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു. രാജകുമാരന് നിലവില്‍ രോഗം ഭേദമായിട്ടുണ്ട്. രാജകുമാരന്റെ കൊവിഡ് ഭേദമായത് ആയുര്‍വേദവും ഹോമിയോ മരുന്നും കാരണമാണ് എന്നാണ് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് അവകാശപ്പെടുന്നത്.

ബെംഗളൂരുവിലുളള ആയുര്‍വേദ റിസോര്‍ട്ടിലെ മരുന്നാണ് രാജകുമാരനെ രക്ഷിച്ചത് എന്നും മന്ത്രി ഗോവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ബെംഗളൂരുവില്‍ സൗഖ്യ എന്ന പേരില്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ ഐസക് മത്തായി തന്നെ വിളിച്ചിരുന്നുവെന്നും തന്റെ ചികിത്സ ഫലിച്ചതായി പറഞ്ഞുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ആയുര്‍വേദവും ഹോമിയപ്പതിയും ഉപയോഗിച്ച് ചാള്‍സ് രാജകുമാരന് കൊവിഡ് രോഗം ഭേദമായി എന്നും ഡോക്ടര്‍ പറഞ്ഞതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസത്തിലാണ് പ്രിന്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്. സൗഖ്യയുടെ വെബ്‌സൈറ്റിലും ഇതേ അവകാശവാദം കാണാം. ഡോ. മത്തായി ഉപയോഗിച്ച മരുന്ന് ഫോര്‍മുലയെ കുറിച്ച് പ്രത്യേക ദൗത്യ സേന പഠനം നടത്തും എന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കും എന്ന് ഡോക്ടര്‍ മത്തായി പറയുന്നു.

ചാള്‍സ് രാജകുമാരന് കൊവിഡ് രോഗം ഭേദമാകാന്‍ എന്ത് ചികിത്സയാണ് നല്‍കിയത് എന്ന് തനിക്ക് വെളിപ്പെടുത്താനാകില്ലെന്നും മത്തായി പറഞ്ഞു. രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്കുമാണ് എന്നും ഡോക്ടര്‍ പറയുന്നു.സൗഖ്യയില്‍ ഒന്നര പതിറ്റാണ്ടില്‍ അധികമായി ചാള്‍സ് രാജകുമാരന്‍ ചികിത്സയ്ക്ക് വരാറുണ്ട്. ബ്രിട്ടീഷ് രാജകുടുംബവും ഹോമിയോ ചികിത്സയെ പിന്തുണയ്ക്കുന്നവരാണ് എന്നും ഡോക്ടര്‍ പറയുന്നു.

അതേസമയം ആയുര്‍വേദ-ഹോമിയോ മരുന്നുകള്‍ കഴിച്ചിട്ടാണ് ചാള്‍സ് രാജകുമാരന് കൊവിഡ് ഭേദമായത് എന്ന ശ്രീപദ് നായികിന്റെയും ഡോ. ഐസക് മത്തായിയുടേയും വാദം ബ്രിട്ടന്‍ തളളിക്കളഞ്ഞു. ഇത് അടിസ്ഥാന രഹിതമാണ് എന്ന് പ്രിന്‍സ് രാജകുമാരന്റെ വക്താവ് വ്യക്തമാക്കി. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ നിര്‍ദേശ പ്രകാരമുളള മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് രാജകുമാരന് രോഗം ഭേദമായത് എന്നും വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.