1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ ബാങ്ക് ഇടപാടുകൾ പൂർണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനാണ് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ആവശ്യപ്പെട്ടത്.

ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത ബ്രാഞ്ചുകളൊഴികെ ബാങ്കുകളെല്ലാം 16 ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത ബ്രാഞ്ചുകളില്‍ കോവിഡ് പ്രതിരോധ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയിട്ട് തുറന്ന് പ്രവർത്തിക്കാം.

ഇത്തരം ബാങ്ക് ശാഖകളിലെത്തുന്ന ഉപഭോക്താക്കളും മുന്‍കരുതല്‍ സ്വീകരിക്കണം. ഓണ്‍ലൈന്‍ വഴി ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണമയക്കുന്നവരോട് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും സാമ നിര്‍ദേശിച്ചു. രാജ്യത്തെ മുഴുവന്‍ എ.ടി.എം മെഷീനുകളിലും പണം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഖത്തറിൽ പള്ളികൾ അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം നടക്കില്ല. ബാങ്ക് വിളി തുടരും. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവൻ രാജ്യക്കാർക്കും ഖത്തറിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും.

ട്രാൻസിറ്റ്, കാർഗോ, ഖത്തർ എയർവെയ്‌സ് വിമാനങ്ങൾ ഒഴികെ എല്ലാ വിമാനങ്ങൾക്കും വിലക്കുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം ഇന്ത്യയിലെക്കുള്ള ഖത്തർ എയർവേസിന്റെ സർവീസുകൾക്ക് നിലവിൽ മുടക്കമില്ല. 439 പേർക്കാണ് ഇതു വരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 400 പേരും പ്രവാസികളാണ്.

കോവിഡ് നയന്റീൻ പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്കു കനത്ത ശിക്ഷ ഉറപ്പാക്കുന്ന കരട് നിർദേശത്തിനു കുവൈത്ത് മന്ത്രി സഭ അംഗീകാരം നൽകി. സാമൂഹ്യാരോഗ്യസംരക്ഷണത്തിൽ സഹകരിക്കാത്തവർക്ക് ആറു മാസം വരെ തടവും 10000 ദീനാർ മുതൽ 50000 ദീനാർ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട നിയമം.

സാംക്രമികരോഗങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ വിവിധ വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള നിർദേശത്തിനാണ് തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഇതനുസരിച്ചു പകർച്ചവ്യാധികൾ തടയുന്നതിനുള്ള ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക് മൂന്നു മാസത്തിൽ കവിയാത്ത തടവും അയ്യായിരം ദിനാറിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്ന്എന്നതാണ് ശിക്ഷ.

കോവിഡ് നയന്റീൻ പോലുള്ള മഹാമാരികൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികളോട് സഹകരിക്കാത്തവർക്ക് ആറുമാസം വരെ തടവും 10000 ദീനാർ മുതൽ 30000 ദീനാർ വരെ പിഴയും അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒന്ന് ശിക്ഷയായി ലഭിക്കും. നിർബന്ധിത വീട്ടുനിരീക്ഷണം ലംഘിക്കുന്നത് ഉൾപ്പെടെ ഇതിന്റെ പരിധിയിൽ വരും.

മാരകമായ പകർച്ചവ്യാധി ഉള്ള കാര്യം ബോധപൂർവം മറച്ചുവെക്കുകയും അതുവഴി രോഗവ്യാപനത്തിനു കാരണക്കാരനാവുകയും ചെയ്‌താൽ അഞ്ചുവർഷം വരെ തടവും 10000 മുതൽ 50000 ദീനാർ വരെ പിഴയും കൽപിക്കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച കരടുനിയമം. അമീറിന്റെ അനുമതിയോടെ നിയമനിർമാണം വേഗത്തിലാക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കരട് നിർദേശം ചർച്ച ചെയ്തു വോട്ടിനിടണമെന്നും കാബിനറ്റ് നിർദേശം നൽകി.

യു.എ.ഇ എക്സ്ചേഞ്ച് വഴിയുള്ള ഇടപാടുകൾ താൽകാലികമായി നിർത്തിയതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. സ്ഥാപന അധികൃതർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ പണമിടപാട് സേവനവും നിർത്തിയിട്ടുണ്ട്. നിലവിലുള്ള ഇടപാടുകൾ പൂർത്തീകരിക്കുമെന്നും നാളെ മുതൽ സർവീസ് ഉണ്ടാവില്ലെന്നും യു.എ.ഇ എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിയുന്നതിനായി ബ്രാഞ്ചുകൾ തുറക്കുമെങ്കിലും ഇടപാടുകൾ നടത്തില്ല. കസ്റ്റമർ കെയറുകളും തുറന്നിരിക്കും. അസൗകര്യമുണ്ടായതിന് ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി സ്ഥാപനം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യു.എ.ഇ എക്സ്ചേഞ്ചിൽ ഇടപാടുകൾ അവസാനിപ്പിക്കുന്നത് മലയാളികൾ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കും. പ്രവാസികൾ ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് കൂടുതൽ ആശ്രയിച്ചിരുന്ന സ്ഥാപനമാണ് യു.എ.ഇ എക്സ്ചേഞ്ച്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സ്ഥാപനം തൽകാലം അടച്ചതെന്ന് കരുതുന്നു. എന്നാൽ, എന്ന് തുറക്കുമെന്നോ അടക്കാൻ കാരണമെന്താണെന്നോ കൃത്യമായ വിവരം അറിയിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.