1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2020

സ്വന്തം ലേഖകൻ: തായ്‌ലന്‍ഡില്‍ കൊറോണ വൈറസ് വ്യാപനം കരുത്താര്‍ജിക്കുകയാണ്. ഇതിനിടെ തായ്‌ലന്‍ഡ് രാജാവ് മഹാ വജിരാലോംഗ്‌കോണ്‍ സ്വയം ഐസൊലേഷനില്‍ പോയിരിക്കുകയാണ്. എന്നാല്‍ രസകരമായ കാര്യം ഈ സമയത്ത് തായ് രാജാവ് സ്വന്തം നാട്ടില്‍ ഇല്ലെന്നതാണ്. വജിരാലോംഗ്‌കോണ്‍ ഇപ്പോള്‍ ഉള്ളത് ജര്‍മനിയിലാണ്.

ഇവിടെയാണ് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുന്നത്. അദ്ദേഹം താമസിക്കുന്നത് ഒരു ആഢംബര ഹോട്ടലിലാണ്. ഈ ഹോട്ടല്‍ മുഴുവന്‍ അദ്ദേഹം ബുക്ക് ചെയ്തിരിക്കുകയാണ്. 20 തോഴിമാരാണ് അദ്ദേഹത്തിനൊപ്പം ഹോട്ടലില്‍ ഉള്ളത്. ഇവര്‍ തോഴിമാര്‍ അല്ലെന്നും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.

തായ്‌ലന്‍ഡില്‍ നിരവധി പേര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്. ജര്‍മനയിലും സ്ഥിതി വ്യത്യസ്തമല്ല. പക്ഷേ യൂറോപ്പില്‍ താരതമ്യേന കുറഞ്ഞ മരണനിരക്ക് ജര്‍മനിയിലാണ്. വജിരാലോംഗ്‌കോണിന് ആഢംബര ഹോട്ടലില്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ രാജ്യത്ത് നിന്ന് പ്രത്യേക അനുമതി ലഭിക്കുകയായിരുന്നു. ബവേറിയയിലെ സൊനേന്‍ബിച്ചല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ലോക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ അദ്ദേഹം ഹോട്ടല്‍ പൂര്‍ണമായി ബുക്ക് ചെയ്യുകയായിരുന്നു.

തായ് രാജാവ് 20 തോഴിമാരേയും കൊണ്ടാണ് ഹോട്ടലില്‍ എത്തിയതെന്ന് ജര്‍മന്‍ ടാബ്ലോയിഡായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം കുറച്ച് ജോലിക്കാരുമുണ്ടെന്ന് ബില്‍ഡ് പറയുന്നു. തായ് രാജാവിനൊപ്പം വലിയൊരു പരിചാരക സംഘം തന്നെയുണ്ടായിരുന്നു. ഇവരെയും ജര്‍മനിയിലേക്ക് കൊണ്ടുവരാനായിരുന്നു പദ്ധതി. എന്നാല്‍ 119 പേരെ തിരിച്ച് നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം തായ്‌ലന്‍ഡ് രാജാവിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കടുക്കുന്നത് ഭരണകൂടത്തിന് തലവേദനയാണ്. രാജ്യം പ്രതിസന്ധിയിലായ സമയത്ത് ജര്‍മനിയിലേക്ക് പോയ വജിരാലോംഗ്‌കോണിനെ പോലുള്ള രാജാക്കന്‍മാര്‍ നമുക്കെന്തിനാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

രാജകുടുംബത്തിനെതിരെ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കുന്നത് തായ്‌ലാന്‍ഡില്‍ വലിയ കുറ്റമാണ്. രാജാവിനെയോ രാജ്ഞിയെയോ വിമര്‍ശിച്ചാല്‍ കര്‍ശനമായ നടപടികളാണ് എടുക്കാറുള്ളത്. വജിരാലോംഗ്‌കോണിന് നാല് ഭാര്യമാരാണ് ഉള്ളത്. നാലാമത്തെ ഭാര്യയാണ് സുതിദ. അതേസമയം തായ്‌ലാന്‍ഡില്‍ ഇതുവരെ 1524 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഒമ്പത് പേര്‍ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.