1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 പടര്‍ന്ന് പിടിച്ചതോടെ യൂറോപ് മുഴുവനായി നിശ്ചലതയിലേക്ക്. ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചു. അവശ്യ സാധനങ്ങള്‍ക്കായി മാത്രമാണ് ജനം പുറത്തിറങ്ങുന്നത്. ആസ്ട്രിയയില്‍ അഞ്ച് പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചു. രാജ്യത്തെ സ്കൂളുകളും ഷോപ്പുകളും അടച്ചു. സ്പെയിനില്‍ അത്യാവശ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. റൊമാനിയയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചെക് റിപ്പബ്ലിക് രാജ്യത്തെ മൊത്തം ക്വറന്‍റൈനായി പ്രഖ്യാപിക്കുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. സ്ലൊവാക്യയും അതിര്‍ത്തികള്‍ അടച്ചിട്ടു.

കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും അടച്ചിട്ടിരിക്കുകയാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഫ്രാന്‍സില്‍ സ്കൂളുകള്‍, കഫേകള്‍, റസ്റ്ററന്‍റുകള്‍, സിനിമ തിയറ്ററുകള്‍, നൈറ്റ് ക്ലബുകള്‍ തുടങ്ങിയവ അടച്ചിട്ടു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജര്‍മനിയിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. ബ്രിട്ടനില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. 2021 മേയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചത്. 70 വയസ്സ് പിന്നിട്ട എല്ലാവരെയും ഐസൊലേഷനില്‍ പാര്‍പ്പിക്കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇറ്റലിയില്‍ മരണ സംഖ്യ 1441 ആയി ഉയര്‍ന്നു. 21,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്പെയിനില്‍ 6821 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യ 208 ആയി ഉയര്‍ന്നു. സ്പാനിഷി പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ 1140 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. 60 പേര്‍ മരിക്കുകയും ചെയ്തു. ഫ്രാന്‍സില്‍ 4499 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 91 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ജര്‍മനിയില്‍ 5176 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്‌പെയിനില്‍ 2000 പേര്‍ക്കുകൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നൂറിലേറെ പേരാണ് 24 മണിക്കൂറിനിടെ സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ഇറ്റലിക്കുശേഷം കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി സ്‌പെയിന്‍ മാറി. 7753 പേര്‍ക്കാണ് സ്‌പെയിനില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 288 പേരാണ് ഇതുവരെ മരിച്ചത്.

അതിനിടെ, സ്‌പെയിന്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ജോലിക്കും ചികിത്സ തേടുന്നതിനും ഭക്ഷണം വാങ്ങുന്നതിനും മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുള്ളത്.

കൊറോണ പിടിപെട്ടതോടെ പ്രേത നഗരമായി മാറിയിരിക്കുകയാണ് മാഡ്രിഡ്. കടകളും, ചത്വരങ്ങളും, സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമെല്ലാം ഇതിനോടകം അടച്ചുകഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും മാത്രം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.

മാഡ്രിഡ് സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികളെല്ലാം തിരിച്ച് മാതൃരാജ്യത്തേക്ക് പോകാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. ജനങ്ങളെല്ലാം പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. അതിനാല്‍ തന്നെ പൊതുസ്ഥലങ്ങളും നിരത്തുകളും വിജനമാണ്.

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 5800 കവിഞ്ഞു. 152 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ വൈറസ് പടരുന്നത് കുറഞ്ഞെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. ഇറ്റലിക്ക് പുറമെ ബ്രിട്ടണിലും സ്‌പെയിനിലും വൈറസ് ബാധിക്കുന്നവരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ കലാ-കായിക ഒത്തുചേരലുകൾ റദ്ദാക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം 40000 ആളുകളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ ബ്രിട്ടണിൽ മാത്രം മരണസംഖ്യ ഇരട്ടിയായി. സ്‌പെയിനിലും ബ്രിട്ടണിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.