1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2020

സ്വന്തം ലേഖകൻ: വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 രോഗം ചൈനയില്‍ ഇപ്പോള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുകയാണ്. ഇറ്റലിയും ഇറാനും സ്‌പെയിനും അടക്കം ലോകത്തിന്റെ മറ്റു മേഖലകളില്‍ അത് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരാശരി ലോകത്ത് ഈ രോഗത്താല്‍ 500 പേര്‍ വീതം മരിക്കുന്നു.

കൊറോണ വൈറസിനെ നേരിടാന്‍ ചൈന നടത്തിയ കഠിനപ്രയത്‌നങ്ങളാണ് ഇപ്പോള്‍ രോഗത്തെ നിയന്ത്രണവിധേയമാക്കാനും അവിടെ വ്യാപനം പിടിച്ചുനിര്‍ത്താനും സഹായിച്ചത്. എന്തൊക്കെയായിരുന്നു ചൈനയുടെ രോഗപ്രതിരോധ മാര്‍ഗങ്ങള്‍? അതില്‍ അവര്‍ എത്രത്തോളം വിജയിച്ചു? വീഴ്ചകള്‍ എന്തൊക്കെയായിരുന്നു?- നമ്മുടെ രാജ്യത്തും വൈറസ് ബാധ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായകരമാകും.

ഡിസംബര്‍ മുതല്‍ വുഹാനില്‍ വൈറസ് ബാധ മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ജനുവരി പകുതിയോടെയാണ് ചൈനീസ് അധികൃതര്‍ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കടക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപ്പോഴേയ്ക്കും രോഗബാധ നിയന്ത്രണാതീതമായിക്കഴിഞ്ഞിരുന്നു. വൈറസിന്റെ കേന്ദ്രമായ വുഹാനിലെയും അതിന്റെ ചുറ്റുപാടുമുള്ള 15 നഗരങ്ങളിലെയും ജനങ്ങളുടെ യാത്രകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുകയും വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു ചൈനീസ് അധികൃതര്‍ എടുത്ത നടപടി. വിമാനങ്ങളും ട്രെയിനുകളും ഗതാഗതം നിര്‍ത്തി. റോഡുകള്‍ അടച്ചപൂട്ടി ഗാതാഗതം തടഞ്ഞു.

വിവിധ നഗരങ്ങളിലായി ഏകദേശം 76 കോടി ജനങ്ങളെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ചൈനയുടെ ആകെ ജനസംഖ്യയുടെ പകുതി പേരാണ് അങ്ങനെ വീട്ടില്‍ അടച്ചുപൂട്ടപ്പെട്ടത്. ഭക്ഷണത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കും മാത്രമാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. രണ്ടു മാസമായി ഈ സ്ഥിതി തുടരുകയാണ്. ദിനംപ്രതി ആയിരങ്ങള്‍ രോഗബാധിതരായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15ല്‍ താഴെ മാത്രമാണ് പുതിയ രോഗികള്‍. ഇന്നലെയും ഇന്നും വുഹാനില്‍ ഓരോ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌. ജനങ്ങളുടെ സാമൂഹ്യമായ ഇടപടല്‍ ഏകദേശം പൂര്‍ണമായും തടഞ്ഞതോടെയാണ് രോഗബാധ ഇത്രയേറെ കുറയ്ക്കാനായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് മുമ്പുവരെ വൈറസ് ബാധിതനായ ഒരാളില്‍നിന്ന് രണ്ടുപേര്‍ക്ക് വൈറസ് പകരുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇതാണ് രോഗബാധ അതിവേഗത്തിലാക്കാന്‍ ഇടയാക്കിയത്. ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതായ ആദ്യത്തെ ഏഴു ദിവസംകൊണ്ട് രോഗബാധയുടെ തോത് 1.5 (ഒരാളില്‍നിന്ന് മറ്റുള്ളവരിലേയ്ക്ക് പകരുന്നതിന്റെ തോത്) ആയി കുറയ്ക്കാനായി.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മാര്‍ച്ച് 16 വരെ ചൈനയില്‍ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 81,000 ആണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും ചൈന സ്വീകരിച്ച നടപടികള്‍ ലക്ഷ്യംകണ്ടു എന്നുതന്നെയാണ് ഇപ്പോഴത്തെ നില വ്യക്തമാക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യവിദഗ്ധനായ ക്രിസ്റ്റഫര്‍ ഡൈ പറയുന്നു. അല്ലായിരുന്നെങ്കില്‍ രോഗബാധിതരുടെ എണ്ണം ഇപ്പോഴത്തേതിനേക്കാള്‍ 20-40 മടങ്ങ് അധികമാകുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

വിവിധ നഗരങ്ങള്‍ക്കിടയിലുള്ള യാത്രകള്‍ ഒഴിവാക്കിയതാണ് മറ്റു നഗരങ്ങളിലേയ്ക്ക് വ്യാപിക്കുന്നതില്‍നിന്ന് തടഞ്ഞത്. തീരെ പരിമിതമായ ഇടങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ സഞ്ചരിച്ചതെന്ന് മൊബൈല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പരിശോധിച്ച് ഗവേഷകര്‍ കണ്ടെത്തുന്നു. ഇങ്ങനെ ജനങ്ങള്‍ വീടുകളില്‍ത്തന്നെ കഴിഞ്ഞതു മൂലം വ്യക്തികളില്‍നിന്ന് വ്യക്തികളിലേയ്ക്ക് നേരിട്ടുള്ള വ്യാപനവും വലിയതോതില്‍ കുറയ്ക്കാനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.