1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2020

സ്വന്തം ലേഖകൻ: കോവിഡ് 19നെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 293 പേർ ആശുപത്രികളിലാണുള്ളത്. 1179 സാംപിളുകള്‍ പരിശോധിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പത്തനംതിട്ടയിൽ മാപ്പിങ് ഉണ്ടാക്കിയിട്ടുണ്ട്. കോണ്ടാക്ട് ട്രെയ്സിങ് നല്ല രീതിയിൽ നടക്കുന്നു. 129 പേരെ ഹൈറിസ്ക് വിഭാഗത്തില്‍ പെടുത്തി. ഇവര്‍ രോഗികളുമായി അടുത്ത് കോണ്ടാക്ട് നിലനിര്‍ത്തിയവരാണെന്നും മന്ത്രി പറഞ്ഞു.

നിരവധി പേർ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്നുണ്ട്. വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ട്. മാസ്ക് ഉപയോഗിക്കുന്നതിൽ ആധി വേണ്ട. കോണ്ടാക്ടിൽ ഉള്ളവരും പരിശോധനക്കെത്തുന്നവരും മാസ്ക് ധരിച്ചാല്‍ മതി. കേരളത്തിലെ മുഴുവൻ ആളുകളും മാസ്ക് ധരിച്ച് എത്തണമെന്നല്ല പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

രോഗവുമായി എത്തിയവരില്‍ നിന്നും കൊവിഡ് 19 വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടര്‍ന്നതാണ് സംസ്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്കപ്പുറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരൊക്കെ രോഗം പകര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തണം. ആറോഏഴോ തട്ടു വരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണം’. രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ദയവായി ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

“നേരത്തെ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളികള്‍ക്ക് രോഗം വന്നപ്പോള്‍ അവരില്‍ നിന്നും വേറെയാരിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്,” വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി ദയവായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.