1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2020

സ്വന്തം ലേഖകൻ: ചെെനയിൽ 360 പേരുടെ മരണത്തിനു ഇടയാക്കിയ കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

ഇന്നത്തെ റാപ്പിഡ് റെസ്‌പോൺസ് യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും കെ.കെ.ശെെലജ പറഞ്ഞു.

മൂന്ന് ജില്ലകളിലാണ് കൊറോണ കേസുകൾ ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊറോണ ബാധിച്ച് ആരും മരിക്കാതിരിക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നതെന്ന് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിഭിന്നമായി ജാഗ്രതയോടെയാണ് കേരളത്തിൽ ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നതെന്നും കെ.കെ.ശെെലജ വ്യക്തമാക്കി.

ചൈനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളാണ് മന്ത്രി നൽകിയത്. ചൈനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. ചെെനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വെെറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചെെനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

കേരളത്തിൽ നിന്നു ഇതുവരെ 140 സാംപിളുകൾ അയച്ചു. 49 എണ്ണത്തിന്റെ റിസൽട്ടാണ് ലഭിച്ചത്. അതിൽ മൂന്നെണ്ണം പോസിറ്റീവ് ആണ്. ബാക്കി എല്ലാം നെഗറ്റീവ്. കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെമ്പാടും 2239 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 84 പേരാണ് ആശുപത്രിയിലുള്ളത്. 2155 പേർ വീടുകളിലും.

രോഗം ബാധിച്ചയുടൻ ജീവൻ അപകടത്തിലാകുന്ന വിധം മാരകമല്ല കൊറോണ വൈറസ്. നന്നായി വിശ്രമിച്ച് ഐസലേഷൻ നിരീക്ഷണം കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാം; മറ്റുള്ളവർക്കു പകരുന്നത് തടയുകയും ചെയ്യാം. കൊറോണവൈറസ് ബാധയിൽനിന്നു നമ്മുടെ നാടിന്റെ രക്ഷാകവചം ആരോഗ്യവകുപ്പിന്റെ ജാഗ്രതയാണെന്നു ശൈലജ ചൂണ്ടിക്കാട്ടി. രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവരെ കണ്ടെത്താൻ വിമാനത്താവളങ്ങളിലും മറ്റും മികച്ച സംവിധാനങ്ങളുണ്ട്. ചൈനയിൽ നിന്നു വന്നവരെ ശത്രുതയോടെ കാണരുത്. കൂടുതൽ ആളുകൾക്ക് പകരാതെ പ്രതിരോധിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയിൽ നിന്നു യാത്ര ചെയ്യുന്നവർക്കുള്ള ഒാൺലൈൻ വീസ (ഇ – വീസ) സേവനം ഇന്ത്യ നിർത്തിവച്ചു. ചൈനീസ് പാസ്പോർട്ടുള്ള പൗരൻമാർക്കും അവിടെ താമസിക്കുന്ന വിദേശികൾക്കും തൽക്കാലത്തേക്ക് ഇ വീസ അനുവദിക്കില്ല. മുൻപ് അനുവദിച്ച ഇ വീസകൾക്കും സാധുതയുണ്ടാവില്ല. കൊറോണ വൈറസ് ബാധിച്ചു ചൈനയിൽ മരിച്ചവരുടെ എണ്ണം 300 പിന്നിട്ടു. രോഗം പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. 13 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.