1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന്. എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിങിന്റെ നേതൃത്വത്തില്‍ തന്നെയാണ് രണ്ടാമത്തെ വിമാനവും പുറപ്പെടുന്നത്.

“ദല്‍ഹിയില്‍ നിന്നും വുഹാനിലേക്ക് മറ്റൊരു വിമാനം കൂടി ഇന്ന് പുറപ്പെടും. നേരത്തെ പോയ അതേ ഡോക്ടര്‍മാരുടെ സംഘം മറ്റൊരു എയര്‍ക്രാഫ്റ്റില്‍ പോകും. എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിങിന്റെ നേതൃത്വത്തില്‍ തന്നെയാണ് സംഘം പുറപ്പെടുന്നത്,” എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

ഇന്ന് രാവിലെ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. പക്ഷേ കടുത്ത പനിയുള്ള ആറുപേര്‍ക്ക് ചൈനയില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, ഹുബൈ പ്രവിശ്യയില്‍ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 249 ആയി ഉയര്‍ന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്ന് ആദ്യ ഇന്ത്യന്‍ സംഘത്തെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. 324 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. വിമാനത്തില്‍ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തടഞ്ഞുവെച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല.

ഡല്‍ഹിയിലെത്തിയ 324 പേരില്‍ 42 മലയാളികളും ഉണ്ടായിരുന്നു. രാവിലെ 7.36 ഓടെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവരേയും കൊണ്ട് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം പറന്നിറങ്ങിയത്. 324 പേരില്‍ 211 പേരും വിദ്യാര്‍ഥികളാണ്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും. വിമാനത്തില്‍ വച്ച് തന്നെ പ്രാഥമിക വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ വിമാനത്തിന് പുറത്തെത്തിച്ചത്‌. തുടര്‍ന്ന് നേരെ ഹരിയാണയിലെ മനേസറിനടുത്ത് കരസേന തയ്യാറാക്കിയ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് കൊണ്ടുപോയി. 14 ദിവസം അവിടെ തുടരും.

ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍, തായ്ലാന്‍ഡ്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ് എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.