
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് (കോവിഡ്- 19) ഇന്ത്യ, ഇറ്റലി, ഗള്‍ഫ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ലോകം മുഴുവന്‍ ഭീതിയിലാണ്. കോറോണയെ പിടിച്ചുകെട്ടാന്‍ ലോകാരോഗ്യ സംഘടനയുള്‍പ്പെടെ ശക്തമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലും ഇന്റര്‍നെറ്റിലെ പല ഉറവിടങ്ങളില്‍ നിന്നും വൈറസിനെക്കുറിച്ച് ഭീതിജനകമായ വ്യാജപ്രചരണങ്ങള്‍ പുറത്തു വരുന്നുണ്ട്. തീര്‍ത്തും വസ്തുതാ വിരുദ്ധമായ ഇത്തരം പ്രചരണങ്ങള്‍ വലിയൊരു വിഭാഗത്തെ ആശങ്കയിലാഴ്ത്താന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ചില വ്യാജ വിവരങ്ങളേയും അതിന്റെ സത്യാവസ്ഥയും അറിയാം.
കോറോണ വൈറസ് മനുഷ്യ നിര്‍മിതമാണെന്നതാണ് പ്രധാന പ്രചാരണങ്ങളിലൊന്ന്. ജൈവായുധമായി ചൈന വികസിപ്പിച്ചെടുത്ത വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്നാണ് ആദ്യത്തെ വാദം. ചൈനയ്ക്ക് പുറത്ത് ഈ വാര്‍ത്തയ്ക്ക് വലിയ വിശ്വാസ്യതയാണ് ലഭിച്ചത്. പക്ഷേ ചൈനയില്‍ നിന്നല്ല യു.എസില്‍ നിന്നാണ് കോറോണ എത്തിയതെന്നാണ് ചൈനീസ് ‘സമൂഹ മാധ്യമ വിദഗ്ധരുടെ’ അഭിപ്രായം. കഴിഞ്ഞ പനിക്കാലത്ത് യു.എസ്സിലുണ്ടായ മരണത്തിന് കാരണം കോറോണയാണെന്നും ഈ വ്യാജ സന്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ചൈന, യു.എസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാര് ഈ രണ്ടു വാദങ്ങളേയും എതിര്‍ക്കുന്നു. വൈറസിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പഴും ശാസ്ത്രജ്ഞര്‍. 2003-ലെ സാര്‍സിന് സമാനമായി വവ്വാലുകളില്‍ ഉല്‍ഭവിച്ച് മറ്റ് ജീവികള്‍ വഴിയാകും കോറോണ മനുഷ്യനിലേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.
വീട്ടുചികില്‍സ കൊണ്ട് കൊറോണയെ തടയാമെന്നതാണ് പ്രചരിക്കുന്ന മറ്റൊരു വ്യാജ വാര്‍ത്ത. തൊണ്ട വരണ്ടതായാല്‍ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിക്കുമെന്നും അതിനാല്‍ തൊണ്ട നനവുള്ളതാക്കി വെക്കണം എന്നുമുള്ള വാട്സ് ആപ്പ് സന്ദേശം ചിലപ്പോള്‍ നിങ്ങളുടെ ഫോണിലും എത്തിയിട്ടുണ്ടാവും. എന്നാല്‍ ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. വെളുത്തുള്ളി, വിറ്റാമിന്‍ സി. അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തില്‍ എള്ളെണ്ണ, മദ്യം, ക്ലോറിന്‍ എന്നിവ പുരട്ടുന്നതും വൈറസ്സിനെ തുരത്തുമെന്ന പ്രചരണങ്ങളും വ്യാജമാണ്. ബ്ലീച്ച്, എഥനോള്‍, പെരസെറ്റിക് ആസിഡ് തുടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ച് നിലത്തേയും തുണികളിലേയും വൈറസിനെ നശിപ്പിക്കാമെങ്കിലും ശരീരത്തിനുള്ളില്‍ കടന്ന വൈറസിനെ നശിപ്പിക്കാന്‍ കഴിയില്ല. നിലവില്‍ വൈറസിനെതിരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. വൈറസ് ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക മാത്രമാണ് പ്രതിവിധി. പനിയോ ചുമയോ ഉള്ളവരില്‍ നിന്ന് മൂന്നടി അകലം പാലിക്കുക. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകള്‍ കഴുകുക (കുറഞ്ഞത് 20 സെക്കന്‍ഡ്). ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും കൈയ്യോ കര്‍ചീഫോ ഉപയോഗിച്ച് മറയ്ക്കുക. ഉപയോഗിച്ച ടിഷ്യു ഉപേക്ഷിക്കുക. ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ നീണ്ടു നില്ക്കുകയാണെങ്കില് ചികില്‍സ തേടുക.
മാസ്ക് ധരിച്ചില്ലെങ്കില്‍ കൊറോണ വരും എന്നതാണ് പ്രചരിക്കുന്ന മറ്റൊരു വ്യാജ വാര്‍ത്ത. എന്നാല്‍ വൈറസ് ബാധയില്ലവര് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ വ്യക്തമാക്കുന്നത്. പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങളുള്ളവരോ ആണ് പ്രധാനമായും മാസ്ക് ധരിക്കേണ്ടത്. കൂടാതെ രോഗികളെ പരിചരിക്കുന്നവരും മാസ്ക് ഉപയോഗിക്കണം. രോഗമില്ലാത്തവര്‍ മാസ്ക് വാങ്ങുന്നത് അതിന്റെ അഭാവത്തിനും വിലയുയരുന്നതിനും കാരണമാകും. ശരിയായി ധരിച്ചില്ലെങ്കില്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയും കൂടും.
ചൂടിന് വൈറസിനെ കൊല്ലാന്‍ കഴിയുമെന്ന സന്ദേശങ്ങളും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടനവ്യക്തമാക്കുന്നത്. ശരീരഭാഗങ്ങള്‍ അണുവിമുക്തമാക്കാന്‍ യു.വി ലാമ്പുകള്‍ ഉപയോഗിക്കരുതെന്നും അത് ത്വക്കിനെ നശിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പി നല്‍കിയിട്ടുണ്ട്. ചൂടിന് വൈറസ്സിനെ കൊല്ലാന്‍ കഴിയുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറത്തിറക്കിയത്.
ചൈനയില്‍ നിന്നുള്ള ബോക്സുകളോ കത്തുകളോ സ്വീകരിക്കുന്നത് വൈറസ് ബാധയ്ക്കിടയാക്കുമെന്ന വാദവും തെറ്റാണ്. നിലവിലെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അജീവ വസ്തുക്കളില്‍ കോവിഡ്-19 വൈറസിന് നിലനില്ക്കാനാവില്ല.
കുട്ടികളെ കൊറോണ വൈറസ് ബാധിക്കില്ല എന്നതാണ് മറ്റൊരു വ്യാജ വാര്‍ത്ത. ഏതു പ്രായത്തിലുള്ളവര്‍ക്കും കൊറോണ വൈറസ് ബാധിക്കാം. പ്രായമേറിയതും പ്രതിരോധ ശേഷി കുറവുള്ളതുമായ വ്യക്തികളെ വറൈസ് വളരെ വേഗത്തില്‍ ബാധിക്കുമെന്നു മാത്രം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് ബാധിച്ചവര്‍ മരിക്കുമെന്നതാണ് മറ്റൊരു വാസ്തവ വിരുദ്ധമായ വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ ആകെ രോഗ ബാധയുടെ രണ്ടു ശതമാനം മാത്രമാണ് മരണ നിരക്ക്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങി ജലദോഷത്തിന് സമാനമാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. ചില സമയങ്ങളില്‍ രോഗബാധ ഗുരുതരമാകാറുണ്ടെങ്കിലും അത്തരം കേസുകള്‍ വിരളമാണ്. പ്രായമേറിയതും പ്രതിരോധ ശേഷി കുറവുള്ളതുമായ വ്യക്തികളില്‍ ന്യുമോണിയ അല്ലെങ്കില്‍ ബ്രോങ്കൈറ്റിസ് പോലെയുള്ള അസുഖങ്ങളും കണ്ടു വരാറുണ്ട്. മരണനിരക്ക് രണ്ടു ശതമാനമാണെങ്കിലും വളരെ ഗൗരവതരമായ രോഗമായിത്തന്നെയാണ് ശാസ്ത്ര ലോകം കൊറോണയെ വീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല